തിരുവനന്തപുരം - അടുത്ത ബന്ധുക്കളുടെ നിലപാടുകള്‍ കാരണം ഉമ്മന്‍ ചാണ്ടിക്ക് ശാസ്ത്രീയവും പര്യാപ്തവുമായ ചികിത്സ കിട്ടുന്നില്ലെന്നും ചികിത്സാ പുരോഗതി വിലയിരുത്താന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കണമെന്നും ആവശ്യപ്പെട്ട് ഉമ്മന്‍ ചാണ്ടിയുടെ സഹോദരന്‍ അലക്‌സ് വി ചാണ്ടി വീണ്ടും സര്‍ക്കാറിനെ സമീപിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി അരോഗ്യമന്ത്രിക്കാണ് അലക്‌സ് വി ചാണ്ടി കത്ത് നല്‍കിയിട്ടുള്ളത്. കുടുംബം ചികിത്സ നിഷേധിക്കുകയാണെന്നാരോപിച്ച് അലക്‌സ് വി ചാണ്ടി നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശമനുസരിച്ച് അന്ന് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിരുന്നു. നിലവില്‍ ബെംഗളുരു എച്ച് സി ജി ആശുപത്രിയില്‍ ചികിത്സയിലാണ് ഉമ്മന്‍ ചാണ്ടി. അവിടെ മെഡിക്കല്‍ ബോര്‍ഡ് രൂപപ്പെടുത്തണമെന്നും ഓരോ ദിവസത്തെയും ചികിത്സാ പുരോഗതി മുഖ്യമന്ത്രിയെയും ആരോഗ്യ മന്ത്രിയെയും അറിയിക്കുന്ന രീതിയിലുള്ള സംവിധാനം ഉണ്ടാക്കണമെന്നുമാണ് അലക്‌സ് വി ചാണ്ടിയുടെ ആവശ്യം.