പ്രവാസിയായ മുഹമ്മദ് ഷാഫി എവിടെ? ഒരാഴ്ച തെരച്ചില്‍ നടത്തിയിട്ടും ഉത്തരമില്ലാതെ അന്വേഷണ സംഘം

കോഴിക്കോട് - താമരശ്ശേരിയില്‍ നാലംഗ സംഘം തട്ടിക്കൊണ്ടു പോയ പ്രവാസിയായ പരപ്പന്‍പൊയില്‍ സ്വദേശി കുറുന്തോട്ടിക്കണ്ടിയില്‍ മുഹമ്മദ് ഷാഫിയെ(38) ഏഴ് ദിവസം കഴിഞ്ഞിട്ടും കണ്ടെത്താനായില്ല. ഇയാളെ എവിടെയാണ് ഒളിപ്പിച്ചതെന്നതിനെക്കുറിച്ച് യാതൊരു സൂചനയും അന്വേഷണ സംഘത്തിന് ഇത് വരെ ലഭിച്ചിട്ടില്ല. തട്ടിക്കൊണ്ടു പോയവര്‍  ഉപയോഗിച്ചെന്ന് കരുതുന്ന ഒരു കാര്‍ കാസര്‍ഗോഡ് ചെര്‍ക്കളയിലുള്ള  ഷോറൂമില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഗള്‍ഫിലുള്ള ചെമ്മനാട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള വാടകയ്ക്ക്‌ നല്‍കുന്ന കാറാണ് ഇത്. ഈ കാറിലല്ല മുഹമ്മദ് ഷാഫിയെ തട്ടിക്കൊണ്ടു പോയത്. മറിച്ച് തട്ടിക്കൊണ്ടു പോകലിന് ശേഷം പ്രതികളില്‍ ചിലര്‍ ഈ കാര്‍ ഉപയോഗിച്ചുവെന്ന സൂചനയാണ് പോലീസിന് ലഭിച്ചത്. ഷാഫിയെ കേരളത്തിന് പുറത്തേക്ക് കടത്തിയതായ സംശയവും അന്വേഷണ സംഘത്തിനുണ്ട്. കേസന്വേഷണത്തിന്റെ  ഭാഗമായി രണ്ടു പേരെ അറസ്റ്റ് ചെയ്യുകയും മറ്റു രണ്ടു പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. തട്ടിക്കൊണ്ടു പോയവരെക്കുറിച്ചുള്ള ചില സൂചനകള്‍ അവരില്‍ നിന്ന് അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. 
മുഹമ്മദ് ഷാഫിയുടെ മൊബൈല്‍ ഫോണ്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍  കരിപ്പൂരില്‍ കണ്ടെത്തിയിരുന്നു. അക്രമി സംഘം സഞ്ചരിച്ച വാഹനത്തിന്റെ നമ്പര്‍ വ്യാജമാണെന്നും പോലീസിന്റെ അന്വേഷണത്തില്‍ മനസ്സിലായിട്ടുണ്ട്. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ വയനാടും കരിപ്പൂരും സംഘം എത്തിയതായി കണ്ടെത്തിയിരുന്നു. നേരത്തെ ദുബായില്‍ ബിസിനസ് നടത്തിയിരുന്ന ആളാണ് മുഹമ്മദ് ഷാഫി. സ്വര്‍ണ്ണ-ഹവാല തട്ടിപ്പ് സംബന്ധിച്ച തര്‍ക്കമാണ് തട്ടിക്കൊണ്ടുപോകലില്‍ കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്. ഇത് സംബന്ധിച്ച് മൂഹമ്മദ് ഷാഫി നേരത്തെ ഭീഷണി നേരിട്ടിരുന്നു. വെളുത്ത സ്വിഫ്റ്റ് കാറിലെത്തിയവരാണ് മുഹമ്മദ്ഷാഫിയെ കഴിഞ്ഞ വെള്ളിയാഴ്ച രാത്രി തട്ടിക്കൊണ്ടു പോയത്. ഷാഫിയുടെ ഭാര്യയെയും തട്ടിക്കൊണ്ടു പോകാനായി കാറില്‍ കയറ്റിയെങ്കിലും ആളുകളുടെ എണ്ണം കൂടിയതിനാല്‍ കാറിന്റെ ഡോര്‍ അടയ്ക്കാന്‍ കഴിയാത്തതിനാല്‍ ഇവരെ റോഡില്‍ ഉപേക്ഷിക്കുകയായിരുന്നു.

 

 

 

 

 

 

Latest News