Sorry, you need to enable JavaScript to visit this website.

ഷാറൂഖ് സെയ്ഫിക്ക് ഹവാല ബന്ധമെന്ന് സംശയം, തീവ്രവാദ ബന്ധത്തിന് ഇതുവരെ തെളിവില്ല

കോഴിക്കോട്- എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസ് പ്രതി ഷാറൂഖ് സെയ്ഫിയുടെ സാമ്പത്തിക ഇടപാടുകള്‍ പോലീസ് പരിശോധിക്കുന്നു. ദല്‍ഹിയില്‍ എത്തിയ കേരള പോലീസ് പ്രതിക്ക് തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുണ്ടോ എന്ന കാര്യത്തില്‍ നടത്തുന്ന അന്വേഷണം അവസാനഘട്ടത്തിലാണ്. തീവ്രവാദബന്ധത്തിലേക്ക് നയിക്കുന്ന തെളിവുകള്‍ കണ്ടെത്താന്‍ കഴിയാതിരുന്നാല്‍ അന്വേഷണം കേന്ദ്ര ഏജന്‍സികള്‍ക്ക്് കൈമാറാനാണ് സാധ്യത.  കേരളത്തിന് പുറത്ത് അന്വേഷണം നടത്തുന്നതില്‍ സംസ്ഥാന പോലീസിന് പരിമിതിയുണ്ട്.  ഈ സാഹചര്യത്തില്‍ താമസിപ്പിക്കാതെ തീവ്രവാദ സാധ്യതകളിലേക്ക് അന്വേഷണം ഊര്ജിതപ്പെടുത്താനാണ് തീരുമാനം.
ഡിവൈ.എസ്.പി ബെന്നിയുടെ നേതൃത്വത്തിലെത്തിയ പോലീസ് സംഘം കേരള ഹൗസില്‍ ക്യാമ്പ് ചെയ്താണ് ഇതുമായി ബന്ധപ്പെട്ട നടപടികള്‍ മുന്നോട്ട് കൊണ്ടുപോകുന്നത്. ഷാറൂഖ് സെയ്ഫിയുടെയും കുടുംബത്തിന്റെയും ബാങ്ക് അക്കൗണ്ടുകളുടെ പരിശോധനയില്‍ ഹവാല ഇടപാടുകളുടെ ചില ബന്ധങ്ങള്‍ പ്രതിക്കുണ്ടായിരുന്നുവെന്ന സൂചന ലഭിച്ചതായി അറിയുന്നു..ഷാരൂഖ് കേരളത്തില്‍ എത്താനുള്ള സാഹചര്യവും ദല്‍ഹിയിലെ സുഹൃത്തുക്കളുടെ നീക്കങ്ങളും പരിശോധിക്കുന്നുണ്ട്. സംഭവത്തില്‍ കേരള പോലീസിന് മേല്‍ കടുത്ത സമ്മര്‍ദ്ദമുണ്ട്.  കേന്ദ്ര ഏജന്‍സികള്‍ തീവ്രവാദ സാധ്യത പറയുമ്പോള്‍ അതിലേക്കു നയിക്കുന്ന തെളിവുകള്‍ കേരള പോലീസിന് ഇതുവരെ ലഭിച്ചിട്ടില്ല.  

 

 

 

Latest News