കൊച്ചി- ഫെഫ്ക റൈറ്റേഴ്‌സ് യൂണിയന്‍ അധ്യക്ഷനായി ആരു വരും? കവിയും എഴുത്തുകാരനും നടനുമായ ബാലചന്ദ്രന്‍ ചുള്ളിക്കാടും നടനും എഴുത്തുകാരനും സംവിധായകനുമായ ജോയ് മാത്യുവും അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുകയാണ്. ജിനു എബ്രഹാമിനെ നേരത്തെ തന്നെ എതിരില്ലാതെ സെക്രട്ടറിയായി തിരഞ്ഞെടുത്തിരുന്നു.
സാധാരണഗതിയില്‍ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി സ്ഥാനങ്ങളിലേക്ക് നാമനിര്‍ദേശമായിരുന്നു പതിവ്. അതാണ് ഇത്തവണ തെറ്റിയത്. അധ്യക്ഷനായി മത്സരിക്കാന്‍ കേരളത്തിന്റെ സാംസ്‌കാരിക ലോകത്തെ രണ്ടു പ്രമുഖര്‍ തന്നെ രംഗത്തിറങ്ങിയതോടെ ഫെഫ്ക അധ്യക്ഷ തിരഞ്ഞെടുപ്പ് ശ്രദ്ധയാകര്‍ഷിക്കുകയാണ്.
ഇരുവരും തീവ്ര ഇടതുപക്ഷ സഹയാത്രികരായിരുന്നു. എങ്കിലും ഇപ്പോള്‍ ബാലചന്ദ്രന്‍ ചുള്ളിക്കാട് സി.പി.എം സഹയാത്രികനും ജോയ് മാത്യു കടുത്ത സി.പി.എം വിമര്‍ശകനുമാണ്. അത് കൊണ്ട് തന്നെ മത്സരത്തിന് രാഷ്ട്രീയ നിറവും കൈവന്നു.
എം.ടി വാസുദേവന്‍ നായര്‍ അടക്കം അംഗമായ യൂണിയനാണ് ഫെഫ്ക റൈറ്റേഴ്‌സ് യൂണിന്‍. നിലവില്‍ എസ്.എന്‍ സ്വാമിയാണ് അധ്യക്ഷന്‍. എന്നാല്‍ ഇത്തവണ സ്വാമി മാറി നില്‍ക്കുകയാണ്.