കൊച്ചി- നയതന്ത്ര ചാനലിലൂടെ സ്വർണം കടത്തിയ കേസിൽ കോഴിക്കോട്ടും കോയമ്പത്തൂരിലും ഇ.ഡി റെയ്ഡ്. സ്വർണക്കടത്ത് മുഖ്യസൂത്രധാരൻ കെ.ി റമീസിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് റെയ്ഡ്. റമീസിൽ നിന്നും സ്വർണ്ണം വാങ്ങിയ ജ്വല്ലറി ഉടമകളുടെ മലപ്പുറം, കോഴിക്കോട്, കോയമ്പത്തൂർ എന്നിവിടങ്ങളിലെ വീടുകളിലും സ്ഥാപനങ്ങളിലും ആണ് റെയ്ഡ് നടന്നത്. കോഴിക്കോട് സ്വദേശി സംജു, ഷംസുദീൻ എന്നിവരുടെ വീടുകളിൽ പരിശോധന നടന്നു. കോയമ്പത്തൂരിൽ നന്ദഗോപാലിന്റെ വീട്ടിലും പരിശോധന നടത്തി. ഇവർക്ക് സ്വർണക്കടത്തിൽ പങ്കുണ്ടെന്ന് വ്യക്തമായ സൂചന ലഭിച്ചതോടെയാണ് ഇഡി റെയ്ഡ് നടത്തിയത്. സംജുവും, ഷംസുദ്ദീനും ബന്ധുക്കളാണ്. പല മാർഗങ്ങൾ ഉപയോഗിച്ച് സ്വർണം കടത്തുകയും, കടത്തിയ തങ്കം ജ്വല്ലറികളിൽ ആഭരണമാക്കാൻ പാകത്തിൽ മാറ്റം വരുത്തി നൽകുന്ന ബിസിനസിലും ഇവർക്ക് പങ്കുണ്ട്.
കഴിഞ്ഞ ദിവസം മൂന്ന് ദിവസം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ഇ.ഡി കെ.ടി. റമീസിനെ അറസ്റ്റ് ചെയ്തത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരാക്കിയതിനെ തുടർന്ന് കോടതി റമീസിനെ ഇ.ഡി കസ്റ്റഡിയിൽ വിട്ടു. യു.എ.ഇ കോൺസുലേറ്റ് വഴി സ്വർണ്ണം കടത്തുക എന്നത് റമീസിന്റെ ആശയമായിരുന്നു എന്ന് പറയപ്പെടുന്നു. റമീസാണ് സ്വപ്‌ന സുരേഷിനെയും പി.ആർ സരിത്തിനെയും ഈ ആശയം അറിയിച്ച് അതിലേക്ക് ആകർഷിച്ചത്. സ്വർണ്ണക്കടത്തിന് ആവശ്യമായ തുക പലരും ഹവാലപ്പണമായും കള്ളപ്പണമായും നൽകിയത് റമീസിനായിരുന്നു. നേരത്തെ എൻ.ഐ.എയും കസ്റ്റംസും റമീസിനെ അറസ്റ്റ് ചെയ്തിരുന്നു. റമീസിൽ നിന്നും ചില തെളിവുകൾ ലഭിച്ചതോടെ നയതന്ത്ര ചാനൽ വഴിയുള്ള സ്വർണ്ണക്കടത്തിൽ അന്വേഷണം വീണ്ടും ഇ.ഡി സജീവമാക്കി. ഈ കേസിൽ റമീസ് അഞ്ചാം പ്രതിയാണ്.