Sorry, you need to enable JavaScript to visit this website.

അനധികൃത പണം കൈമാറ്റവും തട്ടിപ്പും; സൗദിയിൽ വിദേശികളടക്കം നിരവധി പേർ അറസ്റ്റിൽ

റിയാദ്- സൗദിയിൽ അനധികൃത പണം കൈമാറ്റവും തട്ടിപ്പും നടത്തിയ കേസിൽ വിദേശികളടക്കം നിരവധി പേർ അറസ്റ്റിൽ. മാനവശേഷി, സാമൂഹിക വികസന മന്ത്രാലയവുമായി സഹകരിച്ച് 
പണം കൈമാറ്റ, തട്ടിപ്പ് കേസുകളിലെ പ്രതികളെ അറസ്റ്റ് ചെയ്തതായി സൗദി ഓവർസൈറ്റ് ആന്റ് ആന്റി-കറപ്ഷൻ അതോറിറ്റി അറിയിച്ചു.
കേസിൽ അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്ത, അഴിമതിയും അധികാര ദുർവിനിയോഗവും വ്യാജ രേഖാ നിർമാണവുമായും ബന്ധപ്പെട്ട പ്രധാനപ്പെട്ട പതിനേഴു കേസുകളുടെ വിശദാംശങ്ങൾ സൗദി ഓവർസൈറ്റ് ആന്റ് ആന്റി-കറപ്ഷൻ അതോറിറ്റി പുറത്തുവിട്ടു. എയർപോർട്ടിലൂടെ എട്ടു സ്വർണ ബിസ്‌ക്കറ്റുകൾ വിദേശത്തേക്ക് കടത്താൻ ശ്രമിച്ച വിദേശിയെ സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റിയുമായി സഹകരിച്ചും അറസ്റ്റ് ചെയ്തു. 


സ്വർണ ബിസ്‌ക്കറ്റ് കടത്ത് കൈയോടെ പിടികൂടിയ സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി ഉദ്യോഗസ്ഥന്, തന്നെ കടന്നുപോകാൻ അനുവദിക്കുന്നതിനും ശേഷിക്കുന്ന സ്വർണ ബിസ്‌ക്കറ്റുകൾക്കു നേരെ കണ്ണടയ്ക്കാനും രണ്ടു സ്വർണ ബിസ്‌ക്കറ്റുകൾ പ്രതി വാഗ്ദാനം ചെയ്തിരുന്നു. 
വിദ്യാർഥികൾക്കുള്ള സ്റ്റൈപ്പന്റ് വിവരങ്ങളിൽ സ്വന്തം ഭാര്യയുടെയും രണ്ടു സഹോദരന്മാരുടെയും ബാങ്ക് അക്കൗണ്ടുകൾ അനധികൃതമായി ഉൾപ്പെടുത്തി 64,96,304 റിയാൽ തട്ടിയെടുത്ത സർവകലാശാലയിലെ സ്റ്റൈപ്പന്റ് വിഭാഗം മേധാവിയും അറസ്റ്റിലായിട്ടുണ്ട്. 


എൻഫോഴ്‌സ്‌മെന്റ് കോടതി അക്കൗണ്ടിൽ നിന്ന് 88,41,000 റിയാൽ തട്ടിയെടുത്ത മറ്റൊരു വിദേശിയെയും അറസ്റ്റ് ചെയ്തു. എൻഫോഴ്‌സ്‌മെന്റ് കോടതി ഇഷ്യു ചെയ്ത ചെക്കുകളിൽ കൃത്രിമം കാണിച്ച് സൗദി പൗരനും മറ്റു രണ്ടു വിദേശികൾക്കും മുഖ്യപ്രതിയായ വിദേശി കൈമാറുകയായിരുന്നു. ചെക്കുകൾ മാറി നേടിയ തുകയിൽ നിശ്ചിത അനുപാതം പിന്നീട് എല്ലാവരും വീതിച്ചെടുക്കുകയായിരുന്നു. കേസിലെ കൂട്ടുപ്രതികളായ സൗദി പൗരനെയും വിദേശികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. 


മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിൽ നിന്നുള്ള പ്രൊഫഷൻ മാറ്റം, ഫൈനൽ എക്‌സിറ്റ് റദ്ദാക്കൽ സേവനങ്ങളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കി നൽകിയതിനു പകരം 66 ലക്ഷം റിയാൽ അനധികൃതമായി കൈപ്പറ്റിയ വിദേശിയെ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയവുമായി സഹകരിച്ച് അറസ്റ്റ് ചെയ്തതായി ഓവർസൈറ്റ് ആന്റ് ആന്റി-കറപ്ഷൻ അതോറിറ്റി അറിയിച്ചു. 
ഡിസ്റ്റൻസ് രീതിയിൽ ജോലി ചെയ്യാൻ ഉദ്യോഗസ്ഥരിൽ ഒരാൾക്ക് നൽകിയ അധികാരങ്ങൾ ഉപയോഗിച്ച് മന്ത്രാലയ സിസ്റ്റത്തിൽ പ്രവേശിച്ചാണ് വിദേശി അനധികൃതമായി പ്രൊഫഷൻ മാറ്റം, ഫൈനൽ എക്‌സിറ്റ് റദ്ദാക്കൽ നടപടികൾ തുടങ്ങിയവ പൂർത്തിയാക്കിയത്. ഈ കേസിലെ കക്ഷിയായ മന്ത്രാലയ ഉദ്യോഗസ്ഥൻ ക്രിമിനൽ കേസിൽ അറസ്റ്റിലായി കഴിയുന്ന കാലത്താണ് ഇദ്ദേഹത്തിന്റെ അധികാരങ്ങൾ ഉപയോഗിച്ച് വിദേശി, മന്ത്രാലയ സിസ്റ്റത്തിൽ അനധികൃതമായി പ്രവേശിച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. 
ഒ.ടി.പി നമ്പർ വരുന്ന ഉദ്യോഗസ്ഥന്റെ മൊബൈൽ ഫോൺ ഉപയോഗിച്ച് വിദേശി ആകെ 5663 നടപടിക്രമങ്ങളാണ് മന്ത്രാലയത്തിൽ നിന്ന് അനധികൃതമായി പൂർത്തിയാക്കിയത്. സേവനങ്ങൾക്കുള്ള ഫീസുകളും പിഴകളും അടക്കാത്തതിനാൽ സർക്കാർ ഖജനാവിന് 7,57,51,371 റിയാൽ നഷ്ടം നേരിട്ടു. ഈ കേസിലെ കുറ്റക്കാരനായ മന്ത്രാലയ ഉദ്യോഗസ്ഥനും അറസ്റ്റിലായിട്ടുണ്ട്. അനധികൃതമായി നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ എട്ടു ലക്ഷം റിയാൽ കൈപ്പറ്റി മധ്യവർത്തികളായി പ്രവർത്തിച്ച മൂന്നു സൗദി പൗരന്മാരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. 

Latest News