ജിദ്ദ - 12 വർഷത്തിനു ശേഷം സിറിയൻ വിദേശ, പ്രവാസികാര്യ മന്ത്രി ഡോ. ഫൈസൽ അൽമിഖ്ദാദ് ഔദ്യോഗിക സന്ദർശനാർഥം സൗദിയിലെത്തി. സൗദി ഡെപ്യൂട്ടി വിദേശ മന്ത്രി വലീദ് അൽഖുറൈജി ജിദ്ദ വിമാനത്താവളത്തിൽ സിറിയൻ വിദേശ മന്ത്രിയെ സ്വീകരിച്ചു. സിറിയയുടെ അഖണ്ഡതയും സുരക്ഷയും സ്ഥിരതയും കാത്തുസൂക്ഷിക്കുകയും സിറിയൻ അഭയാർഥികളുടെ സ്വദേശത്തേക്കുള്ള മടക്കം എളുപ്പമാക്കുകയും സിറിയയിലെ മുഴുവൻ പ്രദേശങ്ങളിലും റിലീഫ് വസ്തുക്കൾ സുരക്ഷിതമായി എത്തിക്കാൻ സൗകര്യമൊരുക്കുകയും ചെയ്യുന്ന നിലക്ക് സിറിയൻ പ്രതിസന്ധിക്ക് രാഷ്ട്രീയ പരിഹാരം കാണാൻ ശ്രമിച്ച് നടത്തുന്ന ശ്രമങ്ങളെ കുറിച്ച് ഇരുവരും വിശകലനം ചെയ്തു.
2011 ൽ സിറിയയിൽ സർക്കാർ വിരുദ്ധ ജനകീയ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ട ശേഷം ഒരു മുതിർന്ന സിറിയൻ നേതാവ് നടത്തുന്ന ആദ്യ സൗദി സന്ദർശനമാണിത്.
സൗദി വിദേശ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരന്റെ ക്ഷണം സ്വീകരിച്ചാണ് സിറിയൻ വിദേശ മന്ത്രി സൗദി സന്ദർശിക്കുന്നത്. സിറിയൻ സംഘർഷത്തിന് രാഷ്ട്രീയ പരിഹാരം കാണാൻ ശ്രമിച്ച് സൗദി വിദേശ മന്ത്രിയും സിറിയൻ വിദേശ മന്ത്രിയും വിശദമായ ചർച്ച നടത്തും. അടുത്ത അറബ് ഉച്ചകോടിയിൽ സിറിയയെ പങ്കെടുപ്പിക്കുന്ന കാര്യവും സൗദി നേതാക്കളുമായി സിറിയൻ വിദേശ മന്ത്രി നടത്തുന്ന ചർച്ചകളിൽ ഉയർന്നുവരുമെന്നാണ് കരുതുന്നത്. അടുത്ത അറബ് ഉച്ചകോടി മെയ് 17 ന് ജിദ്ദയിൽ നടക്കും.
സൗദി അറേബ്യയും ഇറാനും തമ്മിലുള്ള അടുപ്പം മേഖലാ രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തിൽ പ്രതിഫലിക്കാൻ തുടങ്ങിയിട്ടുണ്ട്. മേഖലാ രാജ്യങ്ങളുമായുള്ള സിറിയയുടെ ബന്ധം പുനഃപരിശോധിക്കുന്നതിനു പുറമെ വർഷങ്ങളായി തുടരുന്ന യെമൻ യുദ്ധത്തിന് അറുതിയുണ്ടാക്കാനും നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്.
അതിനിടെ, സിറിയയിലേക്കുള്ള പ്രത്യേക യു.എൻ ദൂതൻ ഗിയർ പെഡേഴ്‌സൺ സൗദി വിദേശ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരനുമായി ഇന്നലെ ഫോണിൽ ബന്ധപ്പെട്ട് ചർച്ച നടത്തി. സിറിയൻ പ്രതിസന്ധിക്ക് രാഷ്ട്രീയ പരിഹാരം കാണുന്നതിനെ കുറിച്ചും ഇക്കാര്യത്തിൽ യു.എൻ ദൂതൻ നടത്തുന്ന ശ്രമങ്ങളും ഇരുവരും വിശകലനം ചെയ്തു. സിറിയയുടെ അഖണ്ഡതയും സുരക്ഷയും സ്ഥിരതയും അറബ് ബന്ധവും സംരക്ഷിക്കുന്ന നിലക്ക് സിറിയൻ പ്രതിസന്ധിക്ക് രാഷ്ട്രീയ പരിഹാരം കാണാൻ മുഴുവൻ ശ്രമങ്ങളും നടത്താൻ സൗദി അറേബ്യ അതിയായി ആഗ്രഹിക്കുന്നതായി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ യു.എൻ ദൂതനെ അറിയിച്ചു.