കാസർകോട്; സഹോദരിക്കൊപ്പം സ്‌കൂളിലേക്ക് പോകുകയായിരുന്ന എട്ടുവയസുകാരനെ വാക്കത്തികൊണ്ട് കഴുത്തിന് വെട്ടി കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കോടതി ജീവപര്യന്തം കഠിനതടവിനും 50,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. അമ്പലത്തറ പോലീസ് സ്റ്റേഷൻ പരിധിയിലെ ഇരിയ കണ്ണോത്തെ വിജയകുമാറിനെ(34)യാണ് ജില്ലാ അഡീഷണൽ സെഷൻസ്(ഒന്ന്) കോടതി ജഡ്ജി പി എസ് ശശികുമാർ ശിക്ഷിച്ചത്.
ഓട്ടോഡ്രൈവർ കണ്ണോത്തെ അബ്ബാസിന്റെ മകൻ മുഹമ്മദ് ഫഹദിനെ കൊലപ്പെടുത്തിയ കേസിൽ ഇന്നലെ ഉച്ചതിരിഞ്ഞാണ് പ്രതിക്കുള്ള ശിക്ഷ പ്രഖ്യാപിച്ചത്. പ്രതി കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. പിഴ തുക കൊല്ലപ്പെട്ട കുട്ടിയുടെ പിതാവിന് നൽകാൻ കോടതി നിർദേശിച്ചു. പിഴയടച്ചില്ലെങ്കിൽ മൂന്നുവർഷം അധികതടവ അനുഭവിക്കണം. മറ്റൊരു വകുപ്പിൽ വിജയകുമാറിനെതിരെ ഒരുമാസം തടവുമുണ്ട്.
2015 ജൂലൈ 9ന് രാവിലെയാണ് കല്യോട്ടിന് സമീപത്തെ ചാന്തൻമുള്ളിൽ നാടിനെ നടുക്കിയ അരുംകൊല നടന്നത്. കല്യോട്ട് ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ മൂന്നാംതരം വിദ്യാർഥിയായിരുന്ന ഫഹദ് സഹോദരിക്കൊപ്പം സ്‌കൂളിലേക്ക് പോകുമ്പോഴാണ് വിജയൻ വാക്കത്തിയുമായി ഇവർക്ക് സമീപമെത്തിയത്. ഭയചകിതനായി ഓടുന്നതിനിടെ ഒരുകാലിന് സ്വാധീനക്കുറവുള്ള കുട്ടി വീഴുകയും തുടർന്ന് കുട്ടിയെ വിജയൻ വാക്കത്തി കൊണ്ട് കഴുത്തിനും പുറത്തും വെട്ടുകയുമായിരുന്നു. നാട്ടുകാരെത്തി ഫഹദിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊലപാതകത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച വിജയനെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിക്കുകയായിരുന്നു.
വിജയനെതിരെ ബേക്കൽ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു.ഫഹദിന്റെ പിതാവിനോടുണ്ടായിരുന്ന വ്യക്തി വൈരാഗ്യമാണ് ഫഹദിനെ കൊലപ്പെടുത്താൻ വിജയന് പ്രേരണയായതെന്നാണ് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. അന്നത്തെ ഹൊസ്ദുർഗ് സി ഐയായിരുന്ന യു പ്രേമനാണ് ഈ കേസിൽ അന്വേഷണം പൂർത്തിയാക്കിയ ശേഷം ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതിയിൽ കുറ്റപത്രം നൽകിയത്.പിന്നീട് കേസിന്റെ ഫയലുകൾ വിചാരണക്കായി ജില്ലാകോടതിയിലേക്ക് മാറ്റുകയായിരുന്നു. കേസിൽ 50 സാക്ഷികളെ കോടതി വിസ്തരിച്ചു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പി രാഘവൻ ഹാജരായി