പാലക്കാട്- എലത്തൂർ തീവെപ്പിന്റെ പശ്ചാത്തലത്തിൽ പാലക്കാട് റെയിൽവേ ഡിവിഷൻ പരിധിയിലെ സ്റ്റേഷനുകളിൽ പോലീസ് പരിശോധന കർശനമാക്കാൻ ആർ.പി.എഫിന് നിർദ്ദേശം. റെയിൽവേ പോലീസിന്റെ സേവനമില്ലാത്ത എല്ലാ പ്രധാന സ്റ്റേഷനുകളിലും ഡ്യൂട്ടിക്ക് ആളെ നിയോഗിക്കാനാണ് തീരുമാനം. പാലക്കാട്, ഷൊർണൂർ, കോഴിക്കോട്, കണ്ണൂർ എന്നീ റെയിൽവേ സ്റ്റേഷനുകളിൽ മാത്രമാണ് നിലവിൽ ആർ.പി.എഫ് സ്റ്റേഷനുകളുള്ളത്. തിരൂർ, ഒറ്റപ്പാലം തുടങ്ങി പ്രധാന തീവണ്ടികൾക്ക് സ്റ്റോപ്പുള്ള ഇടങ്ങളിൽപ്പോലും ആർ.പി.എഫിന്റെ സേവനം ലഭ്യമല്ലാത്ത അവസ്ഥയാണ്. അത്തരം സ്റ്റേഷനുകളിൽ രണ്ട് പോലീസുദ്യോഗസ്ഥരെ ഡ്യൂട്ടിക്ക് നിയോഗിക്കുന്ന രീതി നേരത്തേ ഉണ്ടായിരുന്നു. ജീവനക്കാരുടെ ക്ഷാമം മൂലം പിന്നീട് അതില്ലാതായി. കോവിഡ് വന്നതോടെ പ്രധാന സ്റ്റേഷനുകൾ പോലും ആർ.പി.എഫിന്റെ പരിധിയിൽ നിന്ന് പുറത്തായി. എലത്തൂരിലെ സംഭവമാണ് വീണ്ടുവിചാരത്തിന് അധികൃതരെ നിർബ്ബന്ധിതരാക്കിയിരിക്കുന്നത്.
24 മണിക്കൂറും പോലീസ് സേവനമുള്ള ഷൊർണൂർ, എലത്തൂർ തീവെപ്പ് കേസിലെ പ്രതി തന്റെ ഉദ്യമത്തിന് ഉപയോഗിച്ചതും ആർ.പി.എഫ് ഏറെ ഗൗരവത്തോടെയാണ് കാണുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പ്ലാറ്റ്‌ഫോമുകളുള്ള സ്റ്റേഷനായ ഷൊർണൂരിൽ സുരക്ഷാക്രമീകരണങ്ങൾ വേണ്ടത്ര ഇല്ലെന്നതിലേക്കാണ് സംഭവം വിരൽ ചൂണ്ടുന്നത്. ദീർഘദൂരവണ്ടികളിൽ വന്നിറങ്ങുന്നവർക്ക് സ്റ്റേഷനിലെ സി.സി.ടി.വി ക്യാമറകളിൽ മുഖം പതിയാതെ പുറത്തു കടക്കാനുള്ള സൗകര്യം, നാലു വശവും തുറന്നു കിടക്കുന്ന ഷൊർണൂർ സ്റ്റേഷനിലുണ്ട്. ഷൊർണൂരിൽ തീവണ്ടിയിറങ്ങിയ ഷരൂഖ് സെയ്ഫി അത്തരമൊരു വഴിയിലൂടെയാ ണ് പുറത്ത് കടന്നത് എന്നാണ് കണ്ടെത്തൽ. ഡിവിഷൻ പരിധിയിലെ പ്രധാന റെയിൽവേ സ്റ്റേഷനുകളുടെ സുരക്ഷ വർദ്ധിപ്പിക്കുമെന്ന് പറയുമ്പോഴും വേണ്ടത് ആൾബലമില്ലാതെ അതെങ്ങനെ നടപ്പിലാക്കുമെന്ന ആശങ്ക റെയിൽവേ സുരക്ഷാ സേനക്കുണ്ട്. പ്രധാന സ്റ്റേഷനുകളിൽ എല്ലാം രണ്ടു പേരെ വീതം ഡ്യൂട്ടിക്കിടാൻ ആവശ്യമായ ഉദ്യോഗസ്ഥർ ആർ.പി.എഫിന് ഡിവിഷൻ പരിധിയിലില്ല.