കൊച്ചി- കൊച്ചിയിലെ മയക്ക് മരുന്ന് കച്ചവടം നിയന്ത്രിച്ചിരുന്ന ക്വട്ടേഷന്‍ ഗുണ്ടാ നേതാവും കൂട്ടാളിയും എക്‌സൈസിന്റെ പിടിയില്‍. ഞാറക്കല്‍ കൊല്ലവേലിയകത്ത് വീട്ടില്‍ വൈപ്പിന്‍ ലിബിന്‍ (ജീംബ്രൂട്ടന്‍- 27), നായരമ്പലം കിടുങ്ങാശ്ശേരിക്കര കൊല്ലവേലിയകത്ത് വീട്ടില്‍ ക്രിസ്റ്റഫര്‍ റൂഫസ് (ഡാര്‍ക്ക് അങ്കിള്‍- 32) എന്നിവരാണ് എറണാകുളം എന്‍ഫോഴ്‌സ്‌മെന്റ് അസിസ്റ്റന്റ് കമ്മീഷണറുടെ സ്‌പെഷ്യല്‍ അക്ഷന്‍ ടീമിന്റെയും എറണാകുളം എക്‌സൈസ് ഇന്റലിജന്‍സിന്റെയും ഞാറയ്ക്കല്‍ പോലീസിന്റെയും ഞാറയ്ക്കല്‍ എക്‌സൈസിന്റെയും സംയുക്ത നീക്കത്തില്‍ പിടിയിലായത്. ഇവരില്‍ നിന്നും ഫുള്‍ ലോഡ് ചെയ്ത ഒരു കൈത്തോക്ക്, മൂന്ന് ഗ്രാം എം. ഡി. എം. എ, രണ്ട് ഗ്രാം ചരസ് എന്നിവ കണ്ടെടുത്തു.
കൊച്ചിയിലെ പ്രമുഖ ഗുണ്ടാ സംഘത്തിലെ അംഗമായിരുന്ന വൈപ്പിന്‍ ലിബിന്‍ ആ സംഘത്തില്‍ നിന്ന് തെറ്റിപ്പിരിഞ്ഞ് സ്വന്തമായി ക്വട്ടേഷന്‍ ടീം രൂപപ്പെടുത്തുകയായിരുന്നു. ഇയാളുടെ സംഘത്തിലെ പ്രധാനി ആശാന്‍ സാബു എന്ന ശ്യാമിനെ നേരത്തെ തന്നെ എക്‌സൈസ് സ്‌പെഷ്യല്‍ അക്ഷന്‍ ടീം മയക്ക് മരുന്നുമായി പിടികൂടിയിരുന്നു. ഇയാള്‍ റിമാന്റില്‍ കഴിഞ്ഞ് വരവെയാണ് സംഘത്തലവന്‍ എക്‌സൈസിന്റെ പിടിയിലായത്. വൈപ്പിന്‍ ലിബിന്റെ സംഘത്തില്‍പ്പെട്ടവരാണ് ബാംഗ്ലൂരില്‍ നിന്ന് വന്‍തോതില്‍ രാസലഹരി കൊച്ചിയിലേക്ക് കടത്തികൊണ്ട് വന്നിരുന്നത്. ഇവിടെ എത്തിക്കഴിഞ്ഞാല്‍ ഈ രാസലഹരിയുടെ വിലയുറപ്പിക്കലും വില്‍പ്പനയും നിയന്ത്രിച്ച് വന്നിരുന്നത് വൈപ്പിന്‍ ലിബിന്റെ നേതൃത്വത്തിലുള്ള സംഘമാണ്.
മയക്ക് മരുന്ന് കടത്ത് കൂടുതല്‍ സുഗമമാക്കുന്നതിന് ഇയാളുടെ സംഘത്തില്‍ പെട്ടവര്‍ ബാംഗ്ലൂരില്‍ റൂമെടുത്ത് സ്ഥിരതാമസമാക്കിയിട്ടുണ്ടെന്നാണ് അന്വേഷണത്തില്‍ അറിയുവാന്‍ കഴിഞ്ഞത്. വൈപ്പിന്‍ ലിബിന്റെ ഓര്‍ഡര്‍ ലഭിച്ചാല്‍ ഉടന്‍ ബാംഗ്ലൂരുള്ള സംഘാംഗങ്ങള്‍ മയക്ക് മരുന്ന് വാങ്ങി സ്റ്റോക്ക് ചെയ്യുകയും കൊച്ചിയില്‍ നിന്ന് ബാംഗ്ലൂരെത്തുന്ന ഇയാളുടെ സംഘത്തില്‍ പെട്ടവര്‍ക്ക് എളുപ്പത്തില്‍ കൈമാറുകയും ചെയ്യുന്നതായിരുന്നു രീതി.
അടുത്ത് ക്വട്ടേഷന്‍ സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടാന്‍ സാധ്യത ഉണ്ടെന്ന വിവരത്തെ തുടര്‍ന്ന് പോലീസ് വൈപ്പിന്‍ ലിബിന്റെ താമസസ്ഥലത്ത് നടത്തിയ പരിശോധിച്ചതില്‍ മൂര്‍ച്ചയേറിയ രണ്ട് വടിവാള്‍ കണ്ടെടുക്കുകയും ഞാറയ്ക്കല്‍ പോലീസ് ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ജ്യാമ്യത്തില്‍ ഇറങ്ങിയ ലിബിന്‍ വീണ്ടും എതിര്‍ ടീമുമായി ഏറ്റുമുട്ടുകയും ഇയാളുടെ കൈപ്പത്തിക്ക് വെട്ടേറ്റ് ഒളിവില്‍ കഴിഞ്ഞ് വരുകയുമായിരുന്നു. കൊച്ചിയിലെ രാസലഹരി വിതരണത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് നടത്തുന്നതിലെ പ്രധാനി വൈപ്പിന്‍ ലിബിനാണെന്നുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ ബി. ടെനിമോന്റെ മേല്‍നോട്ടത്തിലുള്ള സംഘം ഇയാള്‍ വൈപ്പിന്‍ പെരുമ്പിള്ളി ഭാഗത്ത് ഒളിവില്‍ കഴിയുന്ന സ്ഥലം കണ്ടെത്തുകയായിരുന്നു.
മാരകായുധങ്ങള്‍ കൈവശം വച്ച് സൂക്ഷിക്കുന്ന ഇയാളെ ഞാറയ്ക്കല്‍ പോലീസും തിരയുകയായിരുന്നതിനാല്‍ ഞാറയ്ക്കല്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ രാജന്‍ കെ. അരമനയുടെ മേല്‍നോട്ടത്തിലുള്ള പോലീസ് സംഘവും കൂടി ചേര്‍ന്ന് ഇയാള്‍ ഒളിവില്‍ താമസിക്കുന്ന സ്ഥലത്തെത്തി അര്‍ധരാത്രിയോടു കൂടി വളയുകയായിരുന്നു. ഇയാള്‍ താമസിച്ചിരുന്ന വീടിന്റെ മുന്‍പിയിലും പിന്നിലുമുള്ള വാതിലുകള്‍ എക്‌സൈസ്- പോലീസ് സഖ്യം ഒരുമിച്ച് തകര്‍ക്കുകയും പ്രത്യാക്രമണത്തിന് സമയം കൊടുക്കാതെ വൈപ്പിന്‍ ലിബിനെ കീഴക്കുകയുമായിരുന്നു. ഈ സമയം വധശ്രമക്കേസില്‍ പോലിസ് തിരയുന്ന ഇയാളുടെ ബന്ധു ഡാര്‍ക്ക് അങ്കിള്‍ എന്ന ക്രിസ്റ്റഫര്‍ റൂഫസ് ഇയാളോടൊപ്പം ഉണ്ടായിരുന്നു. ഇയാള്‍ കുതറിയോടാന്‍ ശ്രമിച്ചെങ്കിലും പോലീസ് എക്‌സൈസ് സഖ്യം പിടികൂടി.
കസ്റ്റഡിയില്‍ ഇരുവരേയും ഞാറയ്ക്കല്‍ എക്‌സൈസിന് കൈമാറി. ഇവരെ പിന്നീട് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. വൈപ്പിന്‍ ലിബിന്‍ പിടിയിലായതോടുകൂടി ഇയാളുടെ സംഘാഗങ്ങള്‍ ഒളിവിലാണ്. ഇവരെക്കുറിച്ചുള്ള കൃത്യമായ വിവരം ലഭിച്ചിട്ടുണ്ടെന്നും വരും ദിവസങ്ങളിലും കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നും എക്‌സൈസ് അധികൃതര്‍ അറിയിച്ചു.
എക്‌സൈസ് ഇന്റലിജന്‍സ് ഇന്‍സ്‌പെക്ടര്‍ കെ. മനോജ് കുമാര്‍, ഇന്‍സ്‌പെക്ടര്‍ എം. ഒ. വിനോദ്, പോലീസ് എസ്. ഐ. അഖില്‍ വിജയകുമാര്‍, ഇന്റലിജന്‍സ് പ്രിവന്റീവ് ഓഫീസര്‍ എന്‍. ജി. അജിത് കുമാര്‍, പ്രിവന്റീവ് ഓഫീസര്‍ എസ്. ജയകുമാര്‍, സിറ്റി മെട്രോ ഷാഡോ സി. ഇ. ഒ. എന്‍. ഡി. ടോമി, സ്‌പെഷ്യല്‍ സ്‌ക്വാഡ് സി. ഇ. ഒ. ജെയിംസ് ടി. പി, ഞാറയ്ക്കല്‍ പോലീസ് സി. പി. ഒ. വിനേഷ് വി. വി, ഞാറയ്ക്കല്‍ എക്‌സൈസ് സി. ഇ. ഒ. കെ. വി. വിപിന്‍ദാസ്, കെ. കെ. വിജു എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതികളെ കസ്റ്റഡിയില്‍ എടുത്തത്.