ഏപ്രില്‍ 14 അംബേദ്കര്‍ ജന്മദിനം
അംബേദ്കറോട് അങ്ങേയറ്റത്തെ നന്ദികേടും മര്യാദകേടും കാണിച്ച കുടിലമനസ്‌കരായ സവര്‍ണ്ണരുടെ പിന്‍ഗാമികള്‍ ഇന്ന് അംബേദ്കര്‍ രൂപകല്പനചെയ്ത ഭരണഘടനയെ തന്നെ തുരങ്കം വെക്കുകയും ചവിട്ടി തേക്കുകയുമാണല്ലോ. അംബേദ്കറോട് കാണിച്ച ക്രൂരതകള്‍ മനസ്സിലക്കാന്‍ യശശ്ശരീരനായ പി.കെ. ബാലകൃഷ്ണന്റെ വരികള്‍ വായിച്ചാല്‍ മതി.
പി.കെ. ബാലകൃഷ്ണന്‍ എഴുതുന്നു...
ആലോചിച്ചാല്‍ എത്ര വിചിത്രമാണ്! ബ്രിട്ടീഷ് പാര്‍ലമെന്ററി മോഡലിലുള്ളതും ഫെഡറല്‍ വിധാനത്തിലുള്ളതുമായ ഒരു ജനാധിപത്യ ഭരണ ഘടന ഇന്ത്യക്ക് വേണമെന്ന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നേതാക്കളായ മഹാന്മാര്‍ തീരുമാനിക്കുകയും ആയത് എഴുതിയുണ്ടാക്കാന്‍ ആവശ്യം വേണ്ട വിദഗ്ധനായി ഡോ. അംബേദ്ക്കറെ നിശ്ചയിക്കേണ്ടി വരികയും ചെയ്തത്!
1947 ഇന്ത്യന്‍ കോണ്‍സ്റ്റിറ്റിയുവന്റ് അസംബ്ലിയിലേക്ക് സംസ്ഥാന നിയമസഭകളില്‍ നിന്ന് തിരഞ്ഞെടുപ്പ് നടന്നപ്പോള്‍ മഹാരാഷ്ട്രക്കാരനായ (അന്ന് ബോംബെ) ഡോ: അംബേദ്കറുടെ പേര് നിര്‍ദ്ദേശിക്കാനും പിന്താങ്ങാനും കോണ്‍ഗ്രസിന് വന്‍ ഭൂരിപക്ഷമുള്ള ബോംബെ അസംബ്ലിയില്‍ ഒരുത്തനും ഉണ്ടായില്ല. പക്ഷേ ഭാഗ്യവശാല്‍ മുസ്ലിം ലീഗിന് ഭൂരിപക്ഷ ശക്തിയുണ്ടായിരുന്ന ബംഗാള്‍ അസംബ്ലിയില്‍ ലീഗ് പിന്തുണയോടെ ജയിച്ചു വന്ന കുറേ അധ: കൃത എംഎല്‍എമാര്‍ ഉണ്ടായിരുന്നു. അവര്‍ ഇന്ത്യന്‍ ഭരണഘടന നിര്‍മ്മാണ സമിതി അംഗമായി അംബേദ്കറുടെ പേര് നിര്‍ദ്ദേശിക്കുകയും മുസ്ലിംലീഗ് അംഗങ്ങളുടെ പിന്തുണയോടെ അദ്ദേഹം ബംഗാളില്‍നിന്നുള്ള പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഭരണഘടനയുടെ കരട് തയ്യാറാക്കാന്‍ കോണ്‍സ്റ്റിറ്റിയുവ്‌മെന്റ് അസംബ്ലി തെരഞ്ഞെടുത്ത 17 പേരില്‍, കാല മാറ്റത്തിനൊപ്പം കാലുമാറ്റമറിയാത്ത ഉദ്ധതനായ ഈ അധ:കൃതന്‍ കൂടി ഉള്‍പ്പെട്ടതിന്റെ അന്തര്‍ഗൃഹ നാടകങ്ങള്‍ എന്തൊക്കെയെന്ന് ഇനിയും വെളിപ്പെടാനിരിക്കുന്നു. പക്ഷേ ആ 17 വിദഗ്ദ്ധന്മാരുള്ള ഡ്രാഫ്റ്റിംഗ് കമ്മിറ്റി ചെയര്‍മാനായി ഡോക്ടര്‍ അംബേദ്കറെ തിരഞ്ഞെടുത്തത് അവിതര്‍ക്കിതമായ കഴിവിനെയും നിയമം, ഭരണഘടനാ നിയമം, വിശ്വ ചരിത്രം തുടങ്ങിയവയില്‍ അദ്ദേഹത്തിനുള്ള നിരുപമ പാണ്ഡിത്യത്തെയും അതികഠിനമായി ബുദ്ധി വ്യായാമം ചെയ്യാനുള്ള കഴിവിനെയും ആര്‍ജ്ജവ ബുദ്ധിയെയും അംഗീകരിക്കാന്‍ വേണ്ടത്ര ഹൃദയ മഹാത്മ്യം ആ കമ്മിറ്റിയിലെ ഭൂരിപക്ഷം പേര്‍ക്കും ഉണ്ടായിരുന്നത് കൊണ്ടാണ്.... '
'.... കോണ്‍സ്റ്റിറ്റിയുവന്റ് അസംബ്ലിയില്‍ ഡ്രാഫ്റ്റിംഗ് കമ്മിറ്റി അംഗങ്ങളായി പ്രമുഖനായ ശ്രീ: ടി ടി കൃഷ്ണമാചാരി ഡോക്ടര്‍ക് നന്ദി പറഞ്ഞത് പക്ഷേ പകര്‍ത്താതെ വയ്യ. കൃഷ്ണമാചാരി പറഞ്ഞു: 'സഭക്കു പക്ഷേ അറിയാമായിരിക്കാം, നിങ്ങള്‍ തിരഞ്ഞെടുത്ത 17 ഡ്രാഫ്റ്റിംഗ് കമ്മിറ്റി അംഗങ്ങളില്‍ 7പേര്‍ കമ്മിറ്റിയില്‍ നിന്ന് രാജിവെച്ചൊഴിഞ്ഞു. ഒരാള്‍ മരിച്ചു. പകരം ആളെ വെച്ചില്ല. ഒരാള്‍ എന്നും അകലെ അമേരിക്കയിലായിരുന്നു. ആ വിടവും നികത്തപെട്ടില്ല. മറ്റൊരാള്‍ ഭരണ കാര്യ നിമഗ്‌നനാകയാല്‍ ആ പരിധി വരെ ഈ പ്രവര്‍ത്തനങ്ങളില്‍ സംബന്ധിക്കാന്‍ കഴിഞ്ഞില്ല. ഒന്നുരണ്ടുപേര്‍ കമ്മിറ്റി യോഗങ്ങളില്‍ സംബന്ധിക്കാനാവാത്തത്രക്ക് ഡല്‍ഹിയില്‍ നിന്നും അകലെ അനാരോഗ്യനിലയിലായിരുന്നു. അങ്ങനെ ഈ ഭരണഘടനയുടെ കരട് തയ്യാറാക്കുക എന്ന് മഹാഭാരം ഡോക്ടര്‍ അംബേദ്കര്‍ ഒരുത്തന്റെ ചുമലില്‍ തങ്ങിനിന്നു. പരമാവധി പ്രശംസാര്‍ഹമായ രീതിയില്‍ ഈ ഭാരം തനിച്ച് നിറവേറ്റിയതിന് നാമെല്ലാം അദ്ദേഹത്തോട് കൃതജ്ഞരാണെന്ന കാര്യത്തില്‍ എനിക്കശേഷം സംശയമില്ല.'
ഇങ്ങനെ കൃതജ്ഞത രേഖപ്പെടുത്തി സഭയിലെ സര്‍വ്വ പ്രധാന കക്ഷിയും അതിന്റെ നേതാക്കളും ഭാരതീയ ജനതയും ഡോ:അംബേദ്കറോട് എന്തു വരെ കൃതജ്ഞത കാട്ടി എന്നത് വളരെ സന്ദിഗദ മായ കാര്യമാണ്. സ്തുതി പാഠം പറയാനറിയാത്ത സ്വതന്ത്രനായ ഡോക്ടര്‍ അംബേദ്കര്‍ പണ്ഡിറ്റ് നെഹ്‌റുവിന്റെ മന്ത്രിസഭയില്‍ നിന്നും പ്രതിഷേധിച്ച് രാജിവെച്ച് പിരിഞ്ഞതും, രാജി വിശദീകരിച്ചു പ്രസ്താവന ചെയ്യണമെങ്കില്‍ അഡ്വാന്‍സ് കോപ്പി സ്പീക്കറെ ഏല്‍പ്പിച്ച അംഗീകാരം നേടണമെന്ന് വന്നതും അതിന് മനസ്സില്ലാതെ ഡോക്ടര്‍ അംബേദ്കര്‍ സഭയില്‍നിന്ന് കൊടുങ്കാറ്റുപോലെ ക്ഷോഭിച് വാക്കൗട്ട് നടത്തിയതും മിക്കവര്‍ക്കും ഇന്നറിയാത്തതെങ്കിലും സമീപകാല ചരിത്രം തന്നെയാണ്. 1952ലെ പൊതു തെരഞ്ഞെടുപ്പില്‍ ബോംബെയിലെ ഒരു നിയോജകമണ്ഡലത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സര്‍വ്വശക്തിയും കുതന്ത്രവും കേന്ദ്രീകരിച്ചുള്ള എതിര്‍പ്പുമൂലം ' ഇന്ത്യന്‍ ഭരണഘടനാ ശില്‍പി' സാമാന്യം ദയനീയം ആവണം വിധം പരാജയപ്പെട്ടതും നമ്മുടെ സമീപകാല ചരിത്രമാണ്. കമ്മ്യൂണിസ്റ്റ് നേതാവ് എസ്. എ ഡാങ്കെ യുടെ വിശേഷ കുതന്ത്രങ്ങളാണ് തന്റെ തോല്‍വിക്ക് പ്രധാനകാരണമെന്ന് അംബേദ്കര്‍ വിശ്വസിച്ചു. അദ്ദേഹം പിന്നീട് പാര്‍ലമെന്റില്‍ ചെന്നത് ബോംബെ നിയമസഭയിലെ അധ:കൃത്യാദി എംഎല്‍എ മാരുടെ പിന്‍ബലത്തോടെ രാജ്യസഭാംഗത്വം നേടിയാണ്... '
(വേറിട്ട ചിന്തകള്‍ ഐപിഎച്ച് പ്രസിദ്ധീകരണം പേജ്:57-60)