Sorry, you need to enable JavaScript to visit this website.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലെ തിരിമറി; റിവ്യൂ ഹർജി തള്ളി, കേസ് മൂന്നംഗ ബെഞ്ച് കേൾക്കും

- പേടിച്ച് വിധിയെഴുതാൻ ഇരിക്കുന്നവരല്ല ഞങ്ങളെന്ന് ലോകായുക്ത

തിരുവനന്തപുരം - മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുർവിനിയോഗം ചെയ്‌തെന്ന കേസ് ഫുൾ ബഞ്ചിനു വിട്ട വിധി പുനഃപരിശോധിക്കണമെന്ന ഹർജി ലോകായുക്ത തള്ളി. ഉത്തരവ് നിയമാനുസൃതമാണെന്നും ഹർജിക്കാരന്റെ വാദങ്ങൾ അടിസ്ഥാനരഹിതവും ദുർബലവുമാണെന്നും ലോകായുക്ത വ്യക്തമാക്കി. കേസ് ഇന്ന് ഉച്ചയ്ക്ക് മൂന്നിന് ഫുൾ ബഞ്ച് പരിഗണിക്കാനിരിക്കെയാണ് ലോകായുക്ത വിധി.
 ഈ കേസ് ഒരു വർഷം വെച്ചുകൊണ്ടിരുന്നതല്ലെന്ന് ലോകായുക്ത അറിയിച്ചു. അത്യപൂർവമായ വിധിയുമല്ല വന്നത്. രണ്ട് ബെഞ്ച് ആദ്യം ഈ കേസ് പരിശോധിച്ചത് അതിന്റെ സാധുത അറിയാൻ വേണ്ടിയായിരുന്നു. അന്ന് ആരുടേയും വാദം കേട്ടിരുന്നില്ല. ഒരു പ്രാഥമിക നടപടി മാത്രമായിരുന്നു അത്. മന്ത്രി സഭ തീരുമാനം ലോകായുക്തയുടെ കീഴിൽ വരില്ലായെന്നത് വാദം നടക്കുമ്പോഴാണ് എതിർ കക്ഷികൾ ഉന്നയിക്കുന്നത്. തുടർന്ന്, രണ്ട് അംഗ ബെഞ്ചിൽ ഭിന്നാഭിപ്രായം ഉയർന്നു. തുടർന്നാണ് ഇത് വിശാല ബെഞ്ചിന് വിട്ടതെന്ന് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് പറഞ്ഞു.
 ആരെയെങ്കിലും പേടിച്ച് ഉത്തരവ് എഴുതുകയോ എഴുതാതിരിക്കുകയോ ചെയ്യുന്ന ആളുകളല്ല തങ്ങളെന്ന് ലോകായുക്ത വ്യക്തമാക്കി. ഹർജിക്കാരൻ വിമർശിച്ചെന്നു കരുതി അത് കേസിനെ ബാധിക്കില്ല. പേടിയോ പ്രീതിയോ ഇല്ല. മൈക്ക് കെട്ടി പ്രസംഗിക്കാൻ ജഡ്ജിമാർക്ക് കഴിയില്ല എന്നത് ദൗർബല്യമാണ്. ദു:ഖവെള്ളി കഴിഞ്ഞതുകൊണ്ടു ഒരു കാര്യം പറയാം, കർത്താവേ ഇവർ ചെയ്യുന്നത് എന്തെന്ന് ഇവർ അറിയുന്നില്ല-ലോകായുക്ത പറഞ്ഞു.
  രണ്ടു ജഡ്ജിമാർക്കിടയിൽ വ്യത്യസ്ത അഭിപ്രായം വന്നാൽ മുന്നംഗ ബെഞ്ചിനു വിടണമെന്ന് ലോകായുക്ത നിയമം പറയുന്നുണ്ട്. ഓരോരുത്തരുടെയും അഭിപ്രായം എന്താണെന്ന് വ്യക്തമാക്കേണ്ട കാര്യമില്ല. മൂന്നംഗ ജഡ്ജിമാർ വാദം കേൾക്കുമ്പോൾ ഭൂരിപക്ഷ അഭിപ്രായം ബാധകമാകുമെന്നും വാദിഭാഗം അന്വേഷണവുമായി സഹകരിക്കണമെന്നും ഉപലോകായുക്ത ഹാറുൺ അൽ റഷീദ് പറഞ്ഞു. വിധി വൈകിപ്പിച്ചത് മനഃപൂർവമല്ല. സുപ്രീം കോടതിയിലും ഹൈക്കോടതിയിലും ഒന്നും രണ്ടും വർഷം കഴിഞ്ഞ് വിധി വന്നിട്ടുണ്ടെന്നും ഇതു ചരിത്ര വിധി ഒന്നുമല്ലെന്നും ഉപലോകായുക്ത പറഞ്ഞു. 
 കേസ് മൂന്നംഗ ബെഞ്ചിനു വിട്ട നടപടി പുനഃപരിശോധിക്കുക, കേസിന്റെ സാധുത ഇനി പരിശോധിക്കരുത് തുടങ്ങിയവയായിരുന്നു മുൻ സിൻഡിക്കറ്റ് അംഗം ആർ.എസ് ശശികുമാറിന്റെ റിവ്യൂ ഹർജിയിലെ ആവശ്യം. മുഖ്യമന്ത്രി പിണറായി വിജയൻ ദുരിതാശ്വാസ നിധി ദുർവിനിയോഗം ചെയ്‌തെന്ന് ചൂണ്ടിക്കാട്ടി 2019-ലാണ് ആർ.എസ് ശശികുമാർ ലോകായുക്തയിൽ പരാതി നൽകിയത്. ഒരു വർഷത്തിനുശേഷവും വിധി വരാത്തതിനെ തുടർന്ന് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് 
ലോകായുക്തയ്ക്കു പരാതി നൽകാൻ ഹൈക്കോടതി നിർദേശിച്ചു. പരാതി നൽകി പിറ്റേ ആഴ്ച ഭിന്നവിധിയുണ്ടെന്ന് പറഞ്ഞ് ലോകായുക്ത കേസ് മൂന്നംഗ ബഞ്ചിനു വിടുകയാണുണ്ടായത്. പരാതിക്കാരനു വേണ്ടി അഭിഭാഷകനായ ജോർജ് പൂന്തോട്ടം ഹാജറായി. സർക്കാരിനു വേണ്ടി ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി.എ ഷാജിയും ഹാജരായി.
 

Latest News