മലപ്പുറം-ഹിന്ദുക്കളേയും മുസ്‌ലിംകളേയും തമ്മില്‍ തല്ലിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ നോക്കുന്ന കെട്ട കാലത്ത് മലപ്പുറത്ത് നിന്നൊരു ആശ്വാസ വാര്‍ത്ത. ക്ഷേത്ര പുനരുദ്ധാരണത്തിന് അകമഴിഞ്ഞ് സഹായിച്ചവരോടുള്ള കടപ്പാടായി ഏഴ് വര്‍ഷമായി റംസാന്‍ ഇഫ്താര്‍ നടത്തുകയാണ് വെട്ടിച്ചിറ പുന്നത്തലയിലെ ശ്രീലക്ഷ്മി നരസിംഹ മൂര്‍ത്തി വിഷ്ണു ക്ഷേത്രം കമ്മിറ്റി. 2017ലാണ് തുടക്കം.ഇപ്പോള്‍ അത് നാടിന്റെ സ്‌നേഹ സംഗമമാണ്. കഴിഞ്ഞ ദിവസം ക്ഷേത്ര പരിസരത്ത് നടന്ന ഇഫ്താറില്‍ മതഭേദമന്യേ 500ഓളം പേര്‍ പങ്കെടുത്തു.
ആയിരത്തിലധികം വര്‍ഷം പഴക്കമുള്ള ക്ഷേത്രം ഏഴ് വര്‍ഷം മുമ്പാണ് പുനരുദ്ധരിച്ചത്. 15 ലക്ഷം രൂപ ആവശ്യമായി വന്നു. 30ഓളം ഹൈന്ദവ കുടുംബങ്ങളേ ഇവിടെയുള്ളൂ. ഇത്രയും തുക സംഘടിപ്പിക്കാനാവാതെ പുനരുദ്ധാരണം പ്രതിസന്ധിയിലായി. ഇതറിഞ്ഞ് മുസ്ലിങ്ങള്‍ അകമഴിഞ്ഞ് സഹായിച്ചു. 2017 ജൂലായ് നാലിന് പുനഃപ്രതിഷ്ഠ നടന്നു. അന്ന് റംസാന്‍ കാലമായതിനാല്‍ പുനഃപ്രതിഷ്ഠയ്ക്ക് സഹായിച്ച മുസ്ലിങ്ങള്‍ക്കായി ക്ഷേത്ര കമ്മിറ്റി ഇഫ്താര്‍ വിരുന്നൊരുക്കി. നാടിന്റെ സ്‌നേഹം കൂട്ടിയിണക്കാന്‍ ഇഫ്താറിലൂടെ കഴിയുമെന്ന തിരിച്ചറിവില്‍ അന്ന് തുടങ്ങിവച്ച ഇഫ്താര്‍ സംഗമം കോവിഡിലെ രണ്ട് വര്‍ഷമൊഴികെ തുടരുന്നുണ്ട്.
വെജിറ്റബിള്‍ ബിരിയാണിയും ജ്യൂസും ഫ്രൂട്ട്സുമെല്ലാം കഴിച്ചും മനംനിറഞ്ഞാണ് ഓരോരുത്തരും മടങ്ങുന്നത്. ഭക്ഷണം പാചകം ചെയ്യുന്നതും നാട്ടുകാരാണ്. വരുംവര്‍ഷങ്ങളിലും ഇഫ്താര്‍ സംഗമം നടത്തുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു. എല്ലാ മതസ്ഥരും അടങ്ങിയതാണ് ക്ഷേത്ര കമ്മിറ്റി. ക്ഷേത്രവുമായി ബന്ധപ്പെട്ട എല്ലാ പരിപാടികള്‍ക്കും നാട്ടുകാരുടെ പൂര്‍ണ്ണ പിന്തുണയുണ്ട്.
ക്ഷേത്രം ട്രസ്റ്റി ബോര്‍ഡ് പ്രസിഡന്റ ഉണ്ണിക്കൃഷ്ണന്‍ നായരും ഇഫ്താര്‍ സംഗമം ചെയര്‍മാന്‍
മമ്മു അരീക്കാടനും തികച്ചും മാതൃകാപരമായ ഇഫ്താര്‍ സംഗമത്തിന് ചുക്കാന്‍ പിടിക്കുന്നു.