Sorry, you need to enable JavaScript to visit this website.

വര്‍ഗീയ സംഘടനകള്‍ എല്ലാ മതങ്ങളിലുമുണ്ട്,  ആര്‍.എസ്.എസിന്റെ നന്മ  കാണണം-ഗീവര്‍ഗീസ് 

തൃശൂര്‍- ആളുകളുടെ വ്യക്തിത്വ വികസനത്തിനാണ് ആര്‍.എസ്.എസ് ശ്രമിക്കുന്നതെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ കുന്നംകുളം ഭദ്രാസന മെത്രാപ്പോലീത്ത ഗീവര്‍ഗീസ് മാര്‍ യൂലിയോസ്.  ബഹുസ്വരതയുള്ള നാട്ടില്‍ ചില ഉരസുകളൊക്കെയുണ്ടാകാം. സ്ത്രീകളെ സംരക്ഷിക്കാനാണ് ആര്‍.എസ്.എസ് പഠിപ്പിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എല്ലാ മതവിഭാഗങ്ങളിലും വര്‍ഗീയ സംഘടനകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ഇത്തരം സംഘടനകളുടെ ലക്ഷ്യമല്ല മതത്തിനുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. ബി.ജെ.പിയെ അനുകൂലിച്ചുകൊണ്ട് ചൊവ്വാഴ്ച നടത്തിയ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതസ്വാതന്ത്ര്യമില്ലെന്ന് പറഞ്ഞ് ഭാരതത്തെ അപഹസിക്കുന്നവരുടെ ഒരു സമൂഹം അന്താരാഷ്ട മാധ്യമത്തിലേക്ക് ഇവിടെ നിന്ന് പോകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്ത് ക്രൈസ്തവര്‍ അക്രമിക്കപ്പെടുന്നുവെന്ന് അവര്‍ പ്രചരിപ്പിക്കുന്നു. ഇന്ത്യ വലിയൊരു രാജ്യമാണ്. സ്വാഭാവികമായും ചില അസ്വാരസ്യങ്ങളുണ്ടാകും. അത്തരം സാഹചര്യത്തില്‍ നിയമനടപടി സ്വീകരിക്കുകയും പ്രതിഷേധം ആവശ്യമാണെങ്കില്‍ പ്രതിഷേധിക്കുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
ഓര്‍ത്തഡോക്‌സ് സഭയുടെ വക്താവല്ല താനെന്ന് അദ്ദേഹം വ്യക്തമാക്കി. എല്ലാവര്‍ക്കും വ്യക്തിസ്വാതന്ത്ര്യമുണ്ട്. എന്നാല്‍, തന്റെ വ്യക്തിസ്വാതന്ത്യം ഒരിക്കലും സഭയുടെ പൊതുധാരയ്ക്ക് എതിരാവില്ലെന്നും അദ്ദേഹം പറഞ്ഞു. ചര്‍ച്ച് ബില്ലുമായി ബന്ധപ്പെട്ട് വീണാ ജോര്‍ജിനെതിരായ ആരോപണങ്ങളില്‍ ഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവജന പ്രസ്ഥാനം ഔദ്യോഗികമായി ആരോപണങ്ങള്‍ ഉന്നയിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


 

Latest News