Sorry, you need to enable JavaScript to visit this website.

പരസ്പര ബഹുമാനത്തോടെ സ്ത്രീകളും  പുരുഷന്‍മാരും മുന്നേറുന്നു-മഞ്ജു വാരിയര്‍ 

കൊച്ചി-മലയാളികള്‍ക്ക് മഞ്ജു വാര്യര്‍ എന്ന നടിയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമാ ലോകത്ത് തന്റേതായ ഇടം സ്വന്തമാക്കി, തന്റെ ജൈത്രയാത്ര തുടരുകയാണ് നടി. പ്രായവ്യത്യാസമില്ലാതെയാണ് പ്രേക്ഷകര്‍ മഞ്ജുവിനെ നെഞ്ചിലേറ്റുന്നത്. വിദ്യാര്‍ത്ഥി ആയിരിക്കെ കലോത്സവ വേദികളില്‍ തിളങ്ങി അതില്‍ നിന്നും സിനിമയിലേക്ക് എത്തുകയായിരുന്നു മഞ്ജു.
വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാളികളുടെ ഇഷ്ടം ആവോളം ലഭിച്ചിട്ടുള്ള നടിയാണ് മഞ്ജു വാര്യര്‍. ഒരുപക്ഷെ മലയാളികള്‍ ഇത്രയേറെ അഭിനയത്തിലേക്ക് തിരിച്ച് വരണം എന്ന് ആഗ്രഹിച്ച മറ്റൊരു നടിയും ഉണ്ടായിരിക്കില്ല. വിവാഹത്തിന് മുന്‍പ് ചെറിയ കാലയളവില്‍ തന്നെ അഭിനയപ്രാധാന്യമുള്ള നിരവധി റോളുകള്‍ ലഭിച്ച മഞ്ജു വാര്യര്‍ തിരിച്ചുവരവിലും പ്രതീക്ഷക്ക് ഒത്ത കഥാപാത്രങ്ങളാണ് ചെയ്തത്.
അതിനാല്‍ തന്നെ പഴയ സ്നേഹവും ആരാധനയും ഇപ്പോഴും മഞ്ജു വാര്യര്‍ക്ക് പ്രേക്ഷകര്‍ നല്‍കുന്നുണ്ട്. പൊതുവിഷയങ്ങളിലെ നിലപാടിലും തുറന്ന അഭിപ്രായം പറയാറുള്ള മഞ്ജു വാര്യര്‍ നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയെ കുറിച്ച് ആദ്യമായി സൂചന നല്‍കിയ താരവുമാണ്. അതിനാല്‍ തന്നെ സിനിമക്ക് പുറത്തുള്ള ചടങ്ങുകളിലും മഞ്ജു വാര്യരോട് ഒരു പ്രത്യേക സ്നേഹവായ്പ് പ്രേക്ഷകര്‍ക്കുണ്ട്.
ഇത് വെളിവാക്കുന്നതായിരുന്നു കഴിഞ്ഞ ദിവസം ഒരു വനിതാ സംരംഭത്തിന്റെ ഉദ്ഘാടനത്തിനായി മഞ്ജു വാര്യര്‍ എത്തിയപ്പോള്‍ നിരവധി പേര്‍ പൊരിവെയിലത്തും കാത്ത് നിന്നത്. ഇപ്പോഴിതാ ഈ ചടങ്ങിലെ മഞ്ജു വാര്യരുടെ പ്രസംഗമാണ് വൈറലായി കൊണ്ടിരിക്കുന്നത്. സ്ത്രീകള്‍ ആഗ്രഹിക്കുന്ന സക്സസ് ഫുള്‍ ആയിട്ടൊരു ജീവിതം ഉണ്ടാകട്ടെ എന്ന് പറഞ്ഞാണ് മഞ്ജു തന്റെ പ്രസംഗം ആരംഭിച്ചത്.
ഇപ്പോള്‍ ഈ ആള്‍ക്കൂട്ടത്തിന്റെ ഇടയില്‍ പോലും എനിക്ക് കൂടുതലും സ്ത്രീകളേയും പെണ്‍കുഞ്ഞുങ്ങളേയും ഒക്കെയാണ് കാണുന്നത്. അതിലും എനിക്ക് ഒരുപാട് സന്തോഷമുണ്ട്. പല കാരണങ്ങള്‍ കൊണ്ടും ജീവിതത്തില്‍ എന്തെങ്കിലും ആഗ്രഹവും ആവേശവും ഉള്ള സ്ത്രീകള്‍ ഉണ്ട്. പല കാരണങ്ങള്‍ കൊണ്ട് പലതും നേടാന്‍ ജീവിതത്തില്‍ സാധിക്കാറില്ല. അവസരം കിട്ടാതെ കാത്തിരിക്കുന്ന പല സ്ത്രീകളേയും എനിക്ക് അറിയാം.
അങ്ങനെയുള്ള പല സംരഭകര്‍ക്കും ഒരു അവസരം തുറന്ന് കൊടുക്കുക എന്ന് പറയുന്നത് ഒരു ചെറിയ കാര്യമല്ല. അതിനാല്‍ ഈ സംരംഭം വളര്‍ന്ന് കൂടുതല്‍ അവസരം നല്‍കട്ടെ. അങ്ങനെ സ്ത്രീ പുരുഷന്‍ എന്ന ക്ലാസിഫിക്കേഷനില്‍ പോലും കുറച്ച് നാളായി വിശ്വസിക്കാതായിട്ട്. അതേ പോലെ വളരെ ശക്തരായി തുല്യരായി പരസ്പര ബഹുമാനത്തോടെ സ്ത്രീകളും പുരുഷന്‍മാരും എല്ലാവരും ഒന്നിച്ച് നില്‍ക്കട്ടെ.
അങ്ങനെ നിന്ന് കൊണ്ട് വളരെ ഭംഗിയായിട്ട് സന്തോഷവും സമാധാനവും ഉള്ള ഒരു സമൂഹം ഉണ്ടാകട്ടെ എന്നാണ് എനിക്ക് ഏറ്റവും ആത്മാര്‍ത്ഥമായിട്ടുള്ള ആഗ്രഹം. ഇങ്ങനെയുള്ള സംരംഭം അതിലേക്കുള്ള ചവിട്ടുപടിയാണ് എന്ന് വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം എന്ന് പറഞ്ഞാണ് മഞ്ജു വാര്യര്‍ തന്റെ പ്രസംഗം അവസാനിപ്പിക്കുന്നത്. പരിപാടിക്ക് ശേഷം ചുറ്റും കൂടിയ ആളുകള്‍ക്കൊപ്പം സെല്‍ഫി എടുത്താണ് മഞ്ജു വാര്യര്‍ മടങ്ങിയത്.

Latest News