മക്ക- ഉംറ നിർവഹിക്കാനായി കുടുംബ സമേതം എത്തിയ കോഴിക്കോട് മുക്കം കാരശ്ശേരി കക്കാട് സ്വദേശി മുക്കോന്തൊടി നാസറിന്റെ മകൻ അബ്ദുറഹ്മാന്റെ (8) മയ്യിത്ത് മക്കയിൽ ഖബറടക്കും. പ്രവാസി സംരംഭകനായ മുക്കോംതൊടിക അബ്ദുന്നാസറിന്റെ മകൻ കുഞ്ഞിമോൻ എന്ന അബ്ദുറഹ്മാൻ ഉംറ കർമങ്ങൾക്കു ശേഷംകുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. ചേന്ദമംഗല്ലൂർ ഹെവൻസ് ആൻഡ് ഹാബിറ്റ്സ് അക്കാദമിയിലെ രണ്ടാം ക്ലാസ് വിദ്യാർഥിയാണ്. പഠന-പഠനാനുബന്ധ പ്രവർത്തനങ്ങളില്ലെല്ലാം മിടുക്കനായിരുന്നു. തിങ്കളാഴ്ച പുലർച്ചെയാണ് കരിപ്പൂരിൽ നിന്ന് പിതാവിനും ഉമ്മക്കും സഹോദരങ്ങൾക്കുമൊപ്പം ഉംറ നിർവഹിക്കാനായി വിശുദ്ധ ഭൂമിയിലേക്ക് പറന്നത്. ഉംറ കർമങ്ങളൊക്കെ കഴിഞ്ഞ് റൂമിലെത്തി കുളിച്ച് സന്തോഷത്തോടെ, മഗ്രിബ് നമസ്‌കാരത്തിനായി മാതാപിതാക്കൾക്കൊപ്പം വിശുദ്ധ ഹറമിലേക്ക് നടക്കവെയാണ് കുട്ടി കുഴഞ്ഞു വീണത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മറ്റേണിറ്റി ആൻഡ് ചിൽഡ്രൻ ആശുപത്രിയിലുള്ള മൃതദേഹം നടപടിക്രമങ്ങളെല്ലാം പൂർത്തീകരിച്ച ശേഷം മക്കയിൽ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. ഖദീജയാണ് മാതാവ്. നിഷാൽ (എടവണ്ണ ജാമിഅ നദ്വിയ്യ ബി.എഡ് കോളേജ്), വഫ (അരീക്കോട് സുല്ലമുസ്സലാം അറബിക് കോളേജ് രണ്ടാം വർഷ ഡിഗ്രി വിദ്യാർഥി), റഫ (പ്രിലിമിനറി വിദ്യാർഥി, അരീക്കോട് സുല്ലമുസ്സലാം അറബിക് കോളേജ്), ഹൈഫ (ഏഴാംക്ലാസ്, ജി.എം.യു.പി സ്‌കൂൾ കൊടിയത്തൂർ)എന്നിവർ സഹോദരങ്ങളാണ്