Sorry, you need to enable JavaScript to visit this website.

അരിക്കൊമ്പൻ ആക്രമണം തുടരുന്നു; സൂര്യനെല്ലിയിൽ വീട് തകർത്തു 

ഇടുക്കി - സ്ഥലം മാറ്റ നടപടികൾ നീളവെ മേഖലയിൽ വീണ്ടും അരിക്കൊമ്പന്റെ ആക്രമണം. സൂര്യനെല്ലി 92 എസ്സി കോളനി സ്വദേശി ലീലയുടെ വീടിന് നേരെ ചൊവ്വാഴ്ച പുലർച്ചെ അരിക്കൊമ്പന്റെ ആക്രമണമുണ്ടായി. വീട്ടിലുണ്ടായിരുന്ന ലീല, മകൾ ശ്രീലക്ഷ്മി, പേരക്കുട്ടി 5 വയസുകാരി ആരതി എന്നിവർ തലനാരിഴക്കാണ് രക്ഷപ്പെട്ടത്.
രാത്രി 12 മണി മുതൽ അരിക്കൊമ്പൻ വീടിന് ചുറ്റും കറങ്ങി നടക്കുന്നുണ്ടായിരുന്നതായി ലീല പറഞ്ഞു. ശബ്ദം കേട്ടെങ്കിലും പേടിച്ച് മൂവരും കിടപ്പുമുറിയിൽ ഒച്ച വെക്കാതെ ഇരിക്കുകയാണ് ചെയ്തത്. വീടിന്റെ പിൻ ഭാഗത്തെ ഭിത്തി അരിക്കൊമ്പൻ തകർത്തതോടെ മുൻ ഭാഗത്തെ വാതിൽ തുറന്ന് പുറത്തിറങ്ങാൻ കുടുംബം ശ്രമിച്ചു. എന്നാൽ നിമിഷങ്ങൾക്കുള്ളിൽ കാട്ടാന വീടിന്റെ മുൻ ഭാഗത്തെത്തുകയായിരുന്നു. ഉടനെ അടുക്കള വാതിൽ തുറന്ന് പുറത്തേക്കോടി അൽപം അകലെയുള്ള വനം വകുപ്പ് വാച്ചർ കാളിമുത്തുവിന്റെ വീട്ടിൽ അഭയം തേടി. വീടിന്റെ അടുക്കളയും മുൻ വശവും കാട്ടാന ഇടിച്ചു തകർത്തു.
വീടിനകത്തുണ്ടായിരുന്ന അരിയെടുത്ത് പുറത്തിടുകയും ആഹാരമാക്കുകയും ചെയ്തു. ടെലിവിഷനും വീട്ടുപകരണങ്ങളും തകർന്നിട്ടുണ്ട്. അയൽവാസികളും ചിന്നക്കനാലിൽ നിന്നുള്ള ആർആർടിയുമെത്തി പടക്കം പൊട്ടിച്ചും ബഹളം വച്ചുമാണ് കാട്ടാനയെ തുരത്തിയത്. മുമ്പും ലീലയുടെ വീട് അരിക്കൊമ്പൻ തകർത്തിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച 301 കോളനിയിലെ ഇടിക്കുഴി ഭാഗത്തെ ജോർജിന്റെ വീടിന്റെ അടുക്കള അരിക്കൊമ്പൻ തകർത്തിരുന്നു.

റേഡിയോ കോളർ കൊണ്ടുവരാൻ ഉദ്യോഗസ്ഥർ അസമിലേക്ക്
അരിക്കൊമ്പന്റെ കഴുത്തിൽ സ്ഥാപിക്കാനുള്ള ജിപിഎസ് റേഡിയോ കോളർ അസമിൽ നിന്നും കൊണ്ടുവരാനുള്ള അനുമതിയായി. നാളെ(ബുധൻ) ഉച്ചയോടെയാണ് അസമിലെ ചീഫ് വൈൽഡ് ലൈഫ് വാർഡൻ അനുവാദം നൽകിയത്. ഇന്ന് ഇവിടെ നിന്ന് ഉദ്യോഗസ്ഥർ പോയി റേഡിയോ കോളറുമായി തിരിച്ചെത്തും. അങ്ങനെയെങ്കിൽ വ്യാഴം, വെള്ളി ദിവസങ്ങളിൽ ആനയെ പിടികൂടാനുള്ള ശ്രമത്തിലാണ് ദൗത്യസംഘം.
ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്റെ വിധി മറ്റൊരു ബഞ്ചിന് സ്‌റ്റേ ചെയ്യാൻ സാധിക്കാത്തതിനാൽ കോടതിയിൽ നിന്ന് തിരിച്ചടി ഉണ്ടാകില്ലെന്ന പ്രതീക്ഷയിലാണ് വനംവകുപ്പ്. ചിന്നക്കനാൽ വാസികൾ ആനയെ പിടികൂടി മാറ്റാത്തതിനെതിരെ കടുത്ത അമർഷത്തിലുമാണ്. അരിക്കൊമ്പനെ ഹൈക്കോടതി നിർദേശ പ്രകാരം മാറ്റുന്ന  പറമ്പിക്കുളത്ത് ഹർത്താലടക്കമുളള പ്രതിഷേധങ്ങൾ നടക്കുന്നത് ജനങ്ങളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
 

Latest News