കൊച്ചി- കേന്ദ്ര വഖഫ് നിയമം വകുപ്പ് 17 അനുസരിച്ച് വഖഫ് ബോർഡ് ഭൂരിപക്ഷ അംഗങ്ങളുടെ അഭിപ്രായം അനുസരിച്ച് ഉത്തരവ് ഇറക്കുമ്പോൾ മെമ്പർമാർ രേഖപ്പെടുത്തുന്ന വിയോജന കുറിപ്പ് കൂടി ഉത്തരവിന്റെ കൂടെ കൂട്ടിചേർക്കുന്നതാണ് അനുയോജ്യമെന്ന് ഹൈക്കോടതി. ഇത് വഖഫ് ട്രിബ്യൂണലിലോ മറ്റു ബന്ധപ്പെട്ട നീതിന്യായ കേന്ദ്രങ്ങളിലോ ഉത്തരവിന്റെ നിയമ സാധുത പരിഗണിക്കുന്ന സന്ദർഭങ്ങളിൽ ഉപകരിക്കുമെന്നും ജസ്റ്റിസുമാരായ എ.കെ ജയശങ്കരൻ നമ്പ്യാർ, സിപി മുഹമ്മദ് നിയാസ് എന്നിവർ അടക്കുന്ന ഡിവിഷൻ ബെഞ്ച് വിലയിരുത്തി.
പുന്നോൾ മഹല്ല് മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ കേസിൽ പ്രസിഡൻറ് കെ പി അബ്ദുൽ ഗഫൂർ വഖഫ് ബോർഡ് ഉത്തരവിനെതിരായി നൽകിയ കേസിലാണ് ഹൈക്കോടതി വിധി. കേസിൽ ബോർഡ് മെമ്പർമാരായ എം.സി മാഹിൻ ഹാജി, അഡ്വ: പി.വി സൈനുദ്ദീൻ എന്നിവർ നൽകിയ വിയോജനക്കുറിപ്പ് ഉത്തരവിന്റെ ഭാഗമായി ഹർജിക്കാർക്ക് ബോർഡ് നൽകിയിരുന്നില്ല. ഹർജിക്കാരന് വേണ്ടി അഡ്വ. ടി.പി സാജിദ് ഹാജരായി.