തിരുവനന്തപുരം- ലോകായുക്ത സിറിയക് ജോസഫിനെതിരെ ഒന്നാം പിണറായി സർക്കാരിൽ ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരുന്ന കെ.ടി.ജലീൽ നടത്തിയ അധിക്ഷേപങ്ങളിൽ ലോകായുക്തക്ക് മൗനം. അതേസമയം, ലോകായുക്തക്ക് എതിരെ പരാതി നൽകിയ ആർ.എസ്.ശശികുമാറിനെതിരെ നടത്തിയത് രൂക്ഷ വിമർശവും. ജലീലിനെ മന്ത്രിസ്ഥാനത്ത്‌നിന്ന് ഒഴിവാകാൻ ഇടയാക്കിയ വിധിക്ക് ശേഷം ജലീൽ ഫെയ്‌സ്ബുക്കിലും ചർച്ചകളിലുമെല്ലാം ലോകായുക്തക്കെതിരെ രൂക്ഷമായ കടന്നാക്രണമാണ് നടത്താറുള്ളത്. എന്നാൽ ജലീലിനെതിരെ ഒരു വാക്കുപോലും പറയാനുള്ള ധൈര്യം ലോകായുക്ത പ്രകടിപ്പിച്ചില്ല.
മുഖ്യമന്ത്രിക്കെതിരെയുള്ള കേസ് സജീവമായി പരിഗണിക്കുന്നതിനിടെ അദ്ദേഹത്തിന്റെ സൽക്കാരത്തിൽ പങ്കെടുത്തത് ചൂണ്ടിക്കാണിച്ചതിന് ആർ.എസ്.ശശികുമാറിനെതിരെ ലോകായുക്ത നടത്തിയത് രൂക്ഷ വിമർശനമായിരുന്നു. ബന്ധുനിയമനത്തെ തുടർന്ന് ലോകായുക്ത സിറിയക് ജോസഫ് ജലീലിനെ അയോഗ്യനാക്കിയിരുന്നു. തുടർന്ന് സിറിയക് ജോസഫിനെ വ്യക്തിപരമായി ജലീൽ കടന്നാക്രമിച്ചത്.
മഹാത്മാഗാന്ധിയുടെ കയ്യിൽ വിശ്വസിച്ച് കൊടുത്ത ആയുധം ഗോഡ്‌സെയുടെ കൈയിൽ കിട്ടിയാൽ സംഭവിക്കുന്ന ദുരന്തമാണ് ലോകായുക്ത നിയമവുമായി ബന്ധപ്പെട്ട് കേരളത്തിൽ നടന്നതെന്നായിരുന്നു ജലീലിന്റെ ഒരുപരാമർശം. യു.ഡി.എഫ് നേതാവിനെ പ്രമാദമായ ഒരു കേസിൽ നിന്ന് രക്ഷപ്പെടുത്താൻ സ്വന്തം സഹോദര ഭാര്യക്ക് മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയുടെ വൈസ് ചാൻസലർ പദവി വിലപേശി വാങ്ങിയ ഏമാൻ, തക്ക പ്രതിഫലം കിട്ടിയാൽ എന്ത് കടുംകയ്യും ആർക്കുവേണ്ടിയും ചെയ്യുമെന്നും വിമർശിച്ചു. കൂടാതെ പന്നിയോടും ലോകായുക്തയെ ഉപമിച്ചിരുന്നു. സിസ്റ്റർ അഭയകൊലക്കേസിൽ പ്രതികൾക്ക് വേണ്ടി ഒത്തുകളിച്ചു എന്നതടക്കം ആരോപണം ഉന്നയിച്ചിട്ടും ലോകായുക്ത മൗനം പാലിച്ചിരുന്നു.
എന്നാൽ മുഖ്യമന്ത്രിയുടെ ഇഫ്താർ വിരുന്നിൽ ലോകായുക്ത ജഡ്ജിമാർ പങ്കെടുത്തത് സുപ്രീംകോടതി നിർദ്ദേശങ്ങൾക്ക് എതിരാണ് എന്ന് മാത്രമാണ് ഹർജ്ജിക്കാരനായ ആർ.എസ്.ശശികുമാർ ചൂണ്ടിക്കാട്ടിയത്. സ്‌നേഹിതരിൽ നിന്നോ ബന്ധുക്കളിൽ നിന്നോ അല്ലാതെ മറ്റാരിൽ നിന്നും സമ്മാനങ്ങളോ ആദിത്യ മര്യാദയോ സ്വീകരിക്കാൻ പാടില്ലെന്നിരിക്കെ, ഈ നിർദ്ദേശങ്ങൾ മറികടന്ന്, മുഖ്യമന്ത്രിക്കെതിരായ കേസ് സജീവ പരിഗണനയിലിരിക്കെ അതിഥിമാരായി ഇവർ പങ്കെടുത്തതിലെ അനൗചിത്യമാണ് വിമർശിക്കപ്പെട്ടത്. പ്രതിഭാഗത്തിനൊപ്പം സത്കാരത്തിൽ പങ്കെടുക്കുന്നത് ശരിയാണോ എന്ന ചോദ്യം മാത്രമാണ് പരാതിക്കാരൻ ഉന്നയിച്ചത്. ഇതിനെതിരെയാണ് ലോകായുക്ത പരാതിക്കാരനെ പേപ്പട്ടിയോട് ഉപമിച്ചത്. ഇഫ്താർ വിരുന്നിനെത്തിയ ലോകായുക്ത ജഡ്ജിമാരെ സ്വീകരിച്ചാനയിച്ചവരുടെ കൂട്ടത്തിൽ കെ.ടി.ജലീലും ഉണ്ടായിരുന്നു എന്നതാണ് ഏറെ ശ്രദ്ധേയം.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ഫണ്ട് വകമാറ്റിയ കേസിൽ റിവ്യൂ ഹർജി പരിഗണിക്കവെ പരാതിക്കാരനായ ആർ.എസ്.ശശികുമാറിനെതിരെ പേപ്പട്ടിയോാണ് ലോകായുക്ത സിറിയക് ജോസഫ് ഉപമിച്ചത്. ജഡ്ജിമാരെ അധിക്ഷേപിക്കുന്നു എന്ന് ഉപലോകായുക്ത ഹാറൂൺ റഷീദും പറഞ്ഞു. ലോകായുക്തയുടെയും ഉപലോകായുക്തയുടെയും നിലവിട്ടത് സുപ്രീംകോടതി നിർദ്ദേശങ്ങൾ ലംഘിച്ച് ലോകായുക്തമാർ മുഖ്യമന്ത്രിയുടെ ഇഫ്താർ വിരുന്നിൽ പങ്കെടുത്തത് ചൂണ്ടിക്കാട്ടിയതിന്. ലോകായുക്തയുടെ നിലവിട്ട പെരുമാറ്റത്തിനെതിരെ ശക്തമായ പ്രതിഷേധം.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ഫണ്ട് വകമാറ്റിയ ഹർജി ലോകായുക്ത നിയമപരിധിയിൽ വരുമോ എന്ന് പരിശോധിക്കാൻ മൂന്നംഗ ബഞ്ചിന് വിട്ട വിധി പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ടായിരുന്നു ഹർജിക്കാരൻ ആർ.എസ്.ശശികുമാർ റിവ്യു ഹർജി നൽകിയത്. ഇന്നലെ ഉച്ചയോടെയാണ് റിവ്യൂഹർജി ഡിവിഷൻബഞ്ച് പരിഗണിച്ചത്. പരാതിക്കാരൻ ഹാജരായോ എന്ന് ചോദിച്ചുകൊണ്ടാണ് ലോകായുക്ത ഡിവിഷൻ ബഞ്ച് ശകാരം ആരംഭിച്ചത്. ഇല്ല എന്ന് വാദിഭാഗം പറഞ്ഞപ്പോൾ, 'അദ്ദേഹത്തിന് വാദിക്കാമായിരുന്നില്ലേ? മാധ്യമങ്ങളിൽ ഇരുന്ന് കണ്ടമാനം വാദിക്കുന്നുണ്ടല്ലോ? ജഡ്ജിമാർ മോശക്കാരാണെന്നും സമ്മർദ്ദത്തിനു വഴങ്ങിയെന്നും പറഞ്ഞു കൊണ്ടിരിക്കുന്നല്ലോ?' ശശികുമാറിന് ഞങ്ങളെ വിശ്വാസമില്ലെന്നാണ് പറയുന്നത്. മൂന്ന് പേർ പരിഗണിച്ചാൽ വിധി തനിക്ക് അനുകൂലമാകില്ലെന്ന് ശശികുമാർ കരുതുന്നു. ജഡ്ജിമാരെ അപകീർത്തിപ്പെടുത്തുന്ന രീതിയിലാണ് പറയുന്നത്. മുഖ്യമന്ത്രി സ്വാധീനം ചെലുത്തിയെന്നൊക്കെയാണ് പറയുന്നത്. അതിന് തെളിവുണ്ടോ എന്നും എന്തോ കണക്കുകൂട്ടിയാണ് അദ്ദേഹം പറയുന്നതെന്നും ജസ്റ്റിസ് ഹാറൂൺ അൽ റഷീദ് വിമർശിച്ചു.
പിന്നാലെയാണ് ലോകായുക്ത സിറിയക് ജോസഫ് അതിരുവിട്ട് പരാമർശം നടത്തിയത്. പേപ്പട്ടിയെ വഴിയിൽ കണ്ടാൽ വായിൽ കോലിട്ട് കുത്താതെ മാറി പോവുകയാണ് തങ്ങളുടെ രീതിയെന്നാണ് പരാതിക്കാരന്റെ ആരോപണങ്ങളെ വിമർശിച്ചത്. മധുകേസിൽ നടന്നത് പോലെ ആൾക്കൂട്ട അധിക്ഷേപമാണ് തങ്ങൾക്കെതിരെ നടക്കുന്നത്. ചെയ്തതൊക്കെ ശരിയാണോ എന്ന് വീട്ടിൽ പോയി പരിശോധിക്കണമെന്നും കക്ഷിയോട് മിതത്വം പാലിക്കാൻ പറയണമെന്നും പരാതിക്കാരന്റെ അഭിഭാഷകനോട് ലോകായുക്ത സിറിയക് ജോസഫ് ആവശ്യപ്പെട്ടു. സീനിയർ അഭിഭാഷകന് ഹാജരാകാൻ കഴിയാത്തതിനാൽ കേസ് മാറ്റിവെക്കണമെന്നും ഫുൾബഞ്ച് കേസ് പരിഗണിക്കും മുമ്പേ ഡിവിഷൻബഞ്ച് കേസ് പരിഗണിക്കണമെന്നുമുള്ള ആവശ്യം ലോകായുക്ത പരിഗണിച്ചു. നാളെ(ബുധൻ) ഉച്ചയ്ക്ക് 12ന് റിവ്യൂഹർജി ഡിവിഷൻ ബഞ്ച് പരിഗണിക്കും. ഉച്ചയ്ക്ക് രണ്ടുമണിക്കാണ് ഫുൾബഞ്ച് ഹർജി പരിഗണിക്കുന്നത്.
അതേസമയം ലോകായുക്തയുടെ പരാമർശങ്ങൾക്കെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്.