യാമ്പു - റോഡ് മുറിച്ചുകടന്നയാളെ ഇടിച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ട കാർ ബസിൽ ഇടിച്ച് ബസ് മറിഞ്ഞ് ഒരാൾ മരണപ്പെടുകയും 41 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പ്രിൻസ് അബ്ദുൽ അസീസ് ബിൻ മാജിദ് റോഡും പ്രിൻസ് അബ്ദുല്ല ബിൻ തുർക്കി റോഡും സന്ധിക്കുന്ന ഇന്റർസെക്ഷനിലാണ് അപകടം. മൂന്നു പേർ സഞ്ചരിച്ച കാർ റോഡ് മുറിച്ചുകടക്കുകയായിരുന്നയാളെ ഇടിച്ച് നിയന്ത്രണം വിട്ടാണ് ബസിൽ കൂട്ടിയിടിച്ചത്. ഇതോടെ നിയന്ത്രണം വിട്ട ബസ് മറിയുകയായിരുന്നു. വിവിധ രാജ്യക്കാരായ 38 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്.
അപകടത്തിൽ റോഡ് മുറിച്ചുകടന്നയാളാണ് മരണപ്പെട്ടത്. കാറിലെയും ബസിലെയും യാത്രക്കാർക്ക് പരിക്കേറ്റു. യാമ്പു റോയൽ കമ്മീഷൻ മെഡിക്കൽ സെന്ററിൽ പരിക്കേറ്റ 41 പേരെ പ്രവേശിപ്പിച്ചു. ഇക്കൂട്ടത്തിൽ 17 പേരെ അഡ്മിറ്റ് ചെയ്തു. നിസാര പരിക്കേറ്റ 24 പേർ പ്രാഥമിക ശുശ്രൂഷകൾക്കും ചികിത്സക്കും ശേഷം ആശുപത്രി വിട്ടു.