കൊച്ചി-യുവാവിനെ നഗ്‌നനാക്കി മർദ്ദിച്ച് വീഡിയോ എടുത്ത് ഭീഷണിപ്പെടുത്തി പണം തട്ടിയ സ്ത്രീകളടങ്ങിയ സംഘം അറസ്റ്റിൽ. മുളവുകാട് പൊന്നാരിമംഗലത്ത് വാടകയ്ക്ക് താമസിക്കുന്ന തമിഴ് നാട് തെങ്കാശി സ്വദേശി മുത്തുകുമാർ ഭാര്യ വയസ്സുള്ള അഞ്ജു (28), അഞ്ജുവിന്റെ സഹോദരി പാലാരിവട്ടം തുരുത്തുമേൽ വിമൽ രാജ് ഭാര്യ മേരി (22), മേരിയുടെ സുഹൃത്തുക്കളായ വെണ്ണല പൂത്തൊളിപറമ്പ് ഹനീഫ് മകൻ ആഷിഖ് (26), ആഷിഖിന്റെ ഭാര്യ ഷഹാന (23), മട്ടാഞ്ചേരി ജന്മപറമ്പിൽ ഷാജി മകൻ അരുൺ (26)എന്നിവരാണ് മുളവുകാട് പോലീസിന്റെ പിടിയിലായത്.
പ്രതിയായ അഞ്ജു കാക്കനാട് പള്ളിയിൽ വച്ച് പരിചയപ്പെട്ട തമ്മനത്തുള്ള യുവാവിനെയാണ് സ്‌നേഹം നടിച്ച് മുളവുകാട് പൊന്നാരിമംഗലത്തെ വാടക വീട്ടിൽ വിളിച്ചു വരുത്തിയത്. സുഹൃത്തുക്കളെ കൂട്ടി മർദ്ദിച്ച് യുവാവിന്റെ നഗ്‌ന വീഡിയോ എടുക്കുകയും കയ്യിലുണ്ടായിരുന്ന പണവും മൊബൈൽ ഫോണും എ ടി എം കാർഡും കൈക്കലാക്കുകയും ചെയ്തു. വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി കൂടുതൽ പണം ആവശ്യപ്പെട്ടതോടു കൂടിയാണ് യുവാവ് പോലീസിൽ പരാതി നൽകിയത്. തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.