Sorry, you need to enable JavaScript to visit this website.

ബി. ജെ. പി കോര്‍ കമ്മിറ്റിയില്‍ കെ. സുരേന്ദ്രന്‍ പക്ഷക്കാരെ തിരുകിക്കയറ്റിയെന്ന് ആരോപണം; അടിസ്ഥാന രഹിതമെന്ന് സുരേന്ദ്രന്‍

കൊച്ചി- പ്രകാശ് ജാവേദ്ക്കറിന്റെ താത്പര്യത്തില്‍ ബി. ജെ. പി സംസ്ഥാന കോര്‍ കമ്മറ്റിയില്‍ പുതിയ അംഗങ്ങളെ ഉള്‍പ്പെടുത്തിയതില്‍ നേതൃതലത്തില്‍ അഭിപ്രായ വ്യത്യാസം. കൂട്ടായ ആലോചനകളില്ലാതെ പുതിയ നേതാക്കളെ ഉള്‍പ്പെടുത്തുകയായിരുന്നുവെന്നാണ് ആരോപണം. 

കോര്‍ കമ്മറ്റി ചേരാന്‍ തുടങ്ങുമ്പോള്‍ അതുവരെ അംഗങ്ങളല്ലാത്തവര്‍ പോകാതെ അവിടെ തന്നെ ഇരുന്നതോടെയാണ് കമ്മിറ്റിയിലെ പലരും പുതിയ അംഗങ്ങള്‍ വന്ന കാര്യം അറിയുന്നതത്രെ. പ്രകാശ് ജാവദേക്കറുടെ പേരിലാണ് ഇവരെ ഉള്‍പ്പെടുത്തിയെന്ന് പറയുമ്പോഴും സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെ പിന്തുണക്കുന്നവരാണ് കമ്മിറ്റിയില്‍ ഉള്‍പ്പെട്ടതെന്നാണ് വിമര്‍ശനം ഉന്നയിച്ചവര്‍ പറയുന്നത്. 

ബി. ജെ. പി തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റ് കെ. കെ അനീഷ് കുമാറിനെ കോര്‍ കമ്മറ്റിയില്‍ ഉള്‍പ്പെടുത്തിയതിനെതിരെ മറ്റു ജില്ലാ പ്രസിഡന്റുമാര്‍ രംഗത്തെത്തിയിട്ടുണ്ട്. കോര്‍ കമ്മിറ്റിയില്‍ അംഗമാവാന്‍ തങ്ങള്‍ക്കും യോഗ്യതയുണ്ടെന്നാണ് എതിര്‍പ്പുമായി രംഗത്തെത്തിയ ജില്ലാ പ്രസിഡന്റുമാര്‍ പറയുന്നത്. 

കെ. സുരേന്ദ്രന്‍, വി, മുരളീധരന്‍ എന്നിവര്‍ക്ക് താത്പര്യമുള്ളവരെ കോര്‍ കമ്മറ്റി അംഗങ്ങളാക്കിയെന്ന ആരോപണമാണ് പരക്കെയുള്ളത്. നേരത്തെ തന്നെ കെ. സുരേന്ദ്രനും വി. മുരളീധരനുമാണ് പാര്‍ട്ടിയില്‍ ആധിപത്യത്തിന് ശ്രമിക്കുന്നതെന്ന് ബി. ജെ. പി നേതാക്കള്‍ക്കിടയില്‍ ശക്തമായ അഭിപ്രായമുണ്ട്. 

എന്നാല്‍ കോര്‍ കമ്മിറ്റി പുനഃസംഘടിപ്പിച്ചെന്ന വാര്‍ത്ത അംഗീകരിക്കാന്‍ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ തയ്യാറായില്ല. വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും നേതൃതലത്തില്‍ അഭിപ്രായ ഭിന്നതയുണ്ടന്നുമുള്ള വാര്‍ത്തകള്‍ കെ. സുരേന്ദ്രന്‍ തള്ളി. 

കെ. സുരേന്ദ്രന്‍ പതിവ് രീതിയില്‍ നിഷേധിക്കുമ്പോഴും കെ. എസ്. രാധാകൃഷ്ണന്‍, വി. വി. രാജേഷ്, കെ. കെ. അനീഷ് കുമാര്‍, പ്രഫുല്‍ കൃഷ്ണന്‍, അല്‍ഫോന്‍സ് കണ്ണന്താനം, നിവേദിത എന്നിവര്‍ കോര്‍ കമ്മിറ്റിയില്‍ പുതുതായി ഇടം നേടിയിട്ടുണ്ട്. ശോഭ സുരേന്ദ്രനേയും സുരേഷ് ഗോപിയേയും കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തണമെന്ന കേന്ദ്ര നിര്‍ദ്ദേശമുണ്ടായെങ്കിലും അത് സംസ്ഥാനം അംഗീകരിച്ചില്ലെന്നാണ് വിവരം. 

ക്രിസ്ത്യാനികളുമായുള്ള പുതിയ പ്രണയത്തിന്റെ പേരിലാണ് അല്‍ഫോന്‍സ് കണ്ണന്താനത്തെ കമ്മിറ്റിയില്‍ എടുത്തത്. എറണാകുളത്ത് തെരഞ്ഞെടുപ്പില്‍ മത്സരിച്ച് പരാജയപ്പെട്ടതിന് ശേഷം അല്‍ഫോന്‍സ് കണ്ണന്താനം എവിടേയും ഉണ്ടായിരുന്നില്ല. മാത്രമല്ല അനില്‍ ആന്റണിയേയും ബി. ജെ. പി അല്‍ഫോന്‍സ് കണ്ണന്താനത്തേയും ടോം വടക്കനേയും പോലെ ഒതുക്കുമെന്ന ആരോപണവും ഉയര്‍ന്നതാണ് കണ്ണന്താനത്തിന് താത്ക്കാലിക ഭാഗ്യം തെളിയാന്‍ ഇടവരുത്തിയത്. 

വനിതാ പ്രാതിനിധ്യത്തിന്റെ പേരില്‍ ശോഭാ സുരേന്ദ്രനെയാണ് കേന്ദ്രത്തിന് താത്പര്യമെങ്കിലും സംസ്ഥാന നേതൃത്വത്തിന് ശോഭാ സുരേന്ദ്രനേയും സിനിമയില്‍ നിന്നും ബി. ജെ. പിയിലെത്തി രാജ്യസഭയില്‍ അംഗമായി മാറിയ സുരേഷ് ഗോപിയേയും വലിയ താത്പര്യമില്ല. മാത്രമല്ല ശോഭയും സുരേഷ് ഗോപിയും തങ്ങളുടെ സ്ഥാനങ്ങള്‍ കവരുമെന്ന ഭയവും സംസ്ഥാന നേതൃത്വത്തിലെ കെ. സുരേന്ദ്രന്‍ പക്ഷത്തിനുണ്ട്. ശോഭാ സുരേന്ദ്രനെ കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താതെ വനിതാ പ്രാതിനിധ്യമെന്ന ആവശ്യം പരിഹരിക്കാന്‍ നിവേദിതയെ ചേര്‍ക്കുകയാണുണ്ടായത്. താനില്ലെങ്കിലും ഒരു വനിത കോര്‍ കമ്മിറ്റിയിലുണ്ടായത് സന്തോഷമെന്ന പ്രതികരണം ഇതിനകം ശോഭാ സുരേന്ദ്രനില്‍ നിന്നും ഉണ്ടായിട്ടുണ്ട്. കെ. സുരേന്ദ്രന്‍ അധ്യക്ഷനായ സേഷം ഒരു കോര്‍ കമ്മിറ്റിയിലും തന്നെ അംഗമാക്കിയിട്ടില്ലെന്നും കുമ്മനം രാജശേഖരന്റേയും ശ്രീധരന്‍ പിള്ളയുടേയും നേതൃത്വത്തിലുള്ള കോര്‍ കമ്മിറ്റിിയല്‍ വനിതയെന്ന നിലയില്‍ താന്‍ അംഗമായിരുന്നുവെന്നും ശോഭാ സുരേന്ദ്രന്‍ വെടിപൊട്ടിച്ചിട്ടുണ്ട്. അടുത്തമാസം സ്ത്രീ ശക്തി സമ്മേളനം നടക്കുകയാണെന്നും കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണെങ്കിലും ഒരു വനിത കോര്‍ കമ്മിറ്റിയിലുണ്ടായതിനെ സ്വാഗതം ചെയ്യുന്നു എന്നുമാണ് ശോഭാ സുരേന്ദ്രന്‍ പറഞ്ഞത്. 

നിലവിലുള്ള കോര്‍ കമ്മിറ്റിയില്‍ കെ. സുരേന്ദ്രന്‍, ഒ. രാജഗോപാല്‍, വി. മുരളീധരന്‍, സി. കെ. പത്മനാഭന്‍, പി. കെ. കൃഷ്ണദാസ്, കുമ്മനം രാജശേഖരന്‍, എം. ടി. രമേശ്, ജോര്‍ജ് കുര്യന്‍, സി. കൃഷ്ണകുമാര്‍, പി. സുധീര്‍, എ.എന്‍. രാധാകൃഷ്ണന്‍, എം. ഗണേശന്‍, കെ. സുഭാഷ് എന്നിവരാണ് ഉണ്ടായിരുന്നത്.

എറണാകുളത്ത് ചേര്‍ന്ന ബി. ജെ. പി കോര്‍ കമ്മിറ്റിയുടെ പേരില്‍ പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കേരള സന്ദര്‍ശനത്തിന്റെ തയ്യാറെടുപ്പുകളെപറ്റി കോര്‍ കമ്മിറ്റി വിലയിരുത്തിയെന്നും മറ്റെല്ലാ ആരോപണങ്ങളും വസ്തുതാ വിരുദ്ധവുമാണെന്നാണ് പറയുന്നത്. ഏപ്രില്‍ 25നാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്. എറണാകുളം തേവര കോളജ് ഗ്രൗണ്ടില്‍ നടക്കുന്ന യുവം സമ്മേളനം പ്രധാനമന്ത്രി വൈകിട്ട് അഞ്ചിന് ഉദ്ഘാടനം ചെയ്യും. തേവരയില്‍ റോഡ് ഷോയിലും പങ്കെടുക്കും.

Latest News