റിയാദ് - അറിവിന്റെ നിർമാണവും കൈമാറ്റവും ലക്ഷ്യമാക്കി മലർവാടി റിയാദ് കുടുംബങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് റമദാൻ ക്വിസ് സംഘടിപ്പിക്കുന്നു. ഏപ്രിൽ 13 വ്യാഴാഴ്ച രാത്രി 9.30 ന് ഓൺലൈനായിട്ടാണ് പരിപാടി.
ഓഡിയോ, വീഡിയോ, ഒബ്‌ജെക്റ്റീവ് മാതൃകയിലുള്ള 50 ചോദ്യങ്ങളായിരിക്കും ക്വിസ്. റമദാൻ, ഖുർആൻ, ഇസ്‌ലാമിക ചരിത്രം എന്നീ വിഷയങ്ങളെ ആസ്പദമാക്കിയായിരിക്കും പരിപാടി. ഒരു എൻട്രി വീതമായിരിക്കും ഓരോ ഫാമിലിക്കും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 250 കുടുംബങ്ങളെ പങ്കെടുപ്പിക്കുന്നതാണ്.
ആദ്യത്തെ 5 സ്ഥാനങ്ങൾ കരസ്ഥമാക്കുന്നവർക്ക് ക്യാഷ് പ്രൈസുകൾ വിതരണം ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു.
കുട്ടികൾക്കായി റമദാനിനോടാനുബന്ധിച്ച് ഇഫ്താർ, സ്‌കോർഷീറ്റ്, റമദാൻ നന്മമരം എന്നീ പരിപാടികളും നടന്നുവരുന്നതായി കോ-ഓർഡിനേറ്റർ സാജിദ് ചേന്ദമംഗല്ലൂർ പറഞ്ഞു.
റമദാൻ ക്വിസ് പരിപാടി മൈക്വിസ് എന്ന ആപ്പിലൂടെ വൈവിധ്യമാർന്ന അവതരണമായിരിക്കുമെന്നും ഏപ്രിൽ 12ന് രാത്രി 9.30ന് ഡെമോ നടക്കുമെന്നും അതിന് മുമ്പായി മലർവാടി ഗ്രൂപ്പുകളിലൂടെ റെജിസ്റ്റർ ചെയ്യണമെന്നും അദ്ദേഹം അറിയിച്ചു.