Sorry, you need to enable JavaScript to visit this website.

അരാജകം@കോൺഗ്രസ്.കോം!

'പൊന്നിൻ സൂചി ആയാലും കണ്ണിൽ കൊണ്ടാൽ മുറിവേറ്റതുതന്നെ'യെന്ന് വടക്കൻ - തെക്കൻ ഭേദമില്ലാതെ പഴമക്കാർ പാടിയിട്ടുണ്ട്. ആരാന്റമ്മയ്ക്കു ഭ്രാന്തിളകിയാൽ കാണാൻ നല്ല ചെലായിരിക്കുമെന്നു മറ്റൊരു ചൊല്ല്. ഇന്ത്യൻ രാഷ്ട്രീയത്തിന് കേരളത്തിന്റെ സംഭാവനകളിൽ ഇവയ്ക്കുമുണ്ട് സ്ഥാനം. വയസ്സുകാലത്ത് വിശ്രമ ജീവിതം കൊതിച്ചു ദില്ലി വിട്ടതാണ് ആന്റണിച്ചായൻ. കിം ഫലം? വഴുതയ്ക്കാട്ടെ ഈശ്വര വിലാസം റോഡിൽ 'അജ്ഞന'ത്തിൽ സൈ്വരം കൊടുക്കില്ലെന്നു സ്വന്തം പുത്രൻ തന്നെ വിധിയെഴുതി. ആന്റണീപുത്രനായതു കൊണ്ടാണ് അനിൽമോന് കോൺഗ്രസുകാർ സൈ്വരം കൊടുക്കാതിരുന്നതെന്നത് പകൽ പോലെ സത്യം. 'സൈബർ' പോരാളികൾക്ക് രാവെന്നോ പകലെന്നോ ഇല്ല. ഏതു അർധരാത്രിക്കും മൊബൈൽ ഫോൺ വഴി കടന്നുവരും. അനിലൻ ഗതികെട്ടു വിലപിച്ചപ്പോൾ പിതാവ് കൈവിട്ടു, ദില്ലി വിട്ടുവന്നതാണ് തിരുവന്തോരത്ത്. പുത്രന് അവശേഷിച്ച ഏക പോംവഴി- അറ്റകൈക്ക് എന്നു ശുദ്ധമയോളം കേന്ദ്ര ഭരണ പാർട്ടിയോട് ഒട്ടിച്ചേർന്നു- അത്ര തന്നെ. പ്രാണഭയം കൊണ്ടാകണം, തൽസമയം തന്നെ, പുതുപ്പള്ളിയിൽനിന്നും ഉമ്മൻ ചാണ്ടി മകൻ ചാണ്ടി ഉമ്മൻ പിതാവിനോടൊപ്പം നിൽക്കുന്ന 'ലേറ്റസ്റ്റ്' ഫോട്ടോ ട്വിറ്ററിലും ഫേസ്ബുക്കിലു ഇട്ടു കാണിച്ചുകൊടുത്തു. അല്ലെങ്കിൽ പയ്യൻസിനെയും സൈബറന്മാർ പൊക്കിയേനേ.

'ഐ'യും 'പെരുന്ന'യും ചേർന്ന് പുതിയ സൈബർ കമ്പനി രൂപീകരിച്ചതായാണ് കേൾവി. അരിക്കൊമ്പൻ പലചരക്കു കടയിൽ കയറി നല്ല ചമ്പാവരിയും പച്ചരിയുമൊക്കെ അകത്താക്കി മദിക്കുന്നതുപോലെ കണ്ടാൽ മതി. ആരെയെങ്കിലും ദേഹോപദ്രവം ചെയ്യാതെ ചെന്നുകിടന്നാൽ ഉറക്കം വരാത്ത വിഭാഗങ്ങളാണ്. പക്ഷേ, കെ. മുരളീധരൻ അക്കൂട്ടത്തിൽനിന്നും പുറത്തായതിനെ 'ആൾക്കൂട്ടത്തിൽ തനിയെ' എന്ന സിനിമാപ്പേരിട്ടു വിളിക്കാതെ തരമില്ല. കഴിഞ്ഞ ജന്മത്തിലെ ശത്രു ഈ ജന്മത്തിൽ പുത്രനായി ജനിക്കുമെന്നും വല്ലാത്ത ഗുലുമാലുകൾ ഒപ്പിക്കുമെന്നും ഉത്തരേന്ത്യയിൽ ഒരു പ്രാചീന വിശ്വാസമുണ്ട്.  അതറിയാവുന്ന പിതാക്കൾ പല്ലു കടിച്ചമർത്തി കഴിയുകയല്ലാതെ കോൺഗ്രസ് രാഷ്ട്രീയത്തിൽ മറ്റു പോംവഴിയോ ഇടവഴിയോ ഇല്ല. കഷ്ടകാലം പിടിപെട്ടിരിക്കുന്നവരിൽ ജെബി മേത്തറുമുണ്ട്. അപ്പനപ്പൂപ്പന്മാരൊക്കെ മാതൃസംഘടനയിൽ സമുന്നത സ്ഥാനം വഹിച്ചവർ. പക്ഷേ മഹിള കോൺഗ്രസ് വീണ്ടും തട്ടിക്കൂട്ടുമ്പോൾ എവിടെയോ ഉളിയും ആണിയും ഉടക്കി. ഒമ്പത് എം.പിമാരാണ് ശ്രീമതിക്കെതിരെ പെറ്റിഷനുമായി ഇറങ്ങിയിരിക്കുന്നത്. കണ്ണൂരിൽനിന്നും മദയാനയുടെ വീര്യത്തോടെ തിരുവനന്തപുരം പുക്കിയ സുധാകര ഗുരുക്കൾ ഇന്ന് ഫാദർ വടക്കന്റെ 'എന്റെ കുതിപ്പും കിതപ്പും' ഓർമിച്ച് നെടുവീർപ്പിട്ടു കാലം കഴിക്കുന്നു.
ആന്ധ്രയിലെ കിരൺകുമാർ റെഡ്ഢിയും ദില്ലിയിലെ അനിലനും ദില്ലി- കേരള സർവീസിലെ മറ്റുപലരും ചേർന്നാലും 'പാലം കുലുങ്ങിയാലും കേളൻ കുലുങ്ങില്ല' എന്നതത്രേ നമ്മുടെ ദേശീയ നിലപാട്. എന്നാൽ നമ്മുടെ 'കറിവേപ്പില'യുടെ ഔഷധമൂല്യം അറിയാതെയാണ് ആന്റണിയുടെ പുത്രൻ രണ്ടാമൻ അജിതിന്റെ വിലയിരുത്തൽ- 'ചേട്ടനെ അവർ കറിവേപ്പില പോലെ ചവിട്ടിക്കൂട്ടി തൂത്തെറിയും' എന്നാണ്. ഇനി കറിവേപ്പിലയുടെ ഔഷധ ഗുണങ്ങളെക്കുറിച്ച് ഉള്ളി സുരേന്ദ്രന്റെ ഒരു പ്രഭാഷണം പ്രതീക്ഷിക്കാം. ടോം വടക്കൻ, കണ്ണന്താനം ഡോക്ടർ തുടങ്ങിയവർ വെള്ളം കോരുന്നതും വിറകുവെട്ടുന്നതും വിയർത്തുകുളിക്കുന്നതും കാട്ടി ആന്റണിയുടെ ഗ്രൂപ്പിന് പകരം വീട്ടുന്നതിന് അവസരമായി.


'രക്തസാക്ഷിയാകേണ്ടി വന്നാൽ വെടികൊണ്ടു ചാകണം; എതിരാളിയുടെ പട്ടി കടിച്ചിട്ടല്ല' എന്ന പ്രമാണം പുറത്തെടുത്താണ് അനിലന്റെ കളി. രാഹുലൻ ദേശീയ നേതാക്കളെപ്പോലെ സംസാരിക്കണം; ഒരു മാതിരി ട്രോളന്മാരെപ്പോലെ ആകരുത് എന്ന പയ്യൻസിന്റെ ആ പ്രസ്താവനയോട് കോൺഗ്രസുകാർ പോലും രഹസ്യമായി യോജിക്കും. പരസ്യമായി പട വെട്ടും. കടന്നുചാട്ടത്തിന്റെ 'ചൂടും ചൂരും' മാറും മുമ്പേ പയ്യൻസിനെ മോഡിജിക്കൊപ്പം വേദിയിൽ കയറ്റാനുള്ള നീക്കമാണ് കൊച്ചിയിൽ. കോൺഗ്രസിന് അങ്ങനെ തന്നെ വരണം. എന്നാൽ അതുകൊണ്ട് കൊച്ചിയിലെ മാലിന്യ വിഷപ്പുക ശമിക്കുമോ? ഒന്നു മാറുമ്പോൾ മറ്റൊരു ദുർഗന്ധം! രണ്ടു ദേശീയ പാർട്ടികളും തമ്മിൽ ബ്രഹ്മപുരത്തെ മത്സരിച്ചു വെല്ലുവിളിക്കുന്ന ലക്ഷണമാണ്. അല്ലെങ്കിൽ പിന്നെ 'പ്രാണവായു'വിനായി കോൺഗ്രസ് കാക്കനാട്ടെ സിവിൽ സ്റ്റേഷനു മുന്നിൽ സത്യഗ്രഹമിരിക്കുന്നതെന്തിന്? പ്ലാസ്റ്റിക് കവറുകളിൽ പ്രാണവായു വിതരണം ചെയ്യാമെന്നു കലക്ടർ ഏറ്റിരുന്നതായു പിന്നീട് കാലുമാറിയതായും നാട്ടുകാർ ധരിച്ചോട്ടെ എന്നാവാം! ഒന്നു തീർച്ച; അധികാരത്തിലായിരുന്നെങ്കിൽ മേൽപടി ഓക്‌സിജൻ പാക്കറ്റും അടിച്ചുമാറ്റുമായിരുന്നു. ഭാഗ്യവശാൽ അത് അടുത്ത പത്തു കൊല്ലത്തേക്ക് കിനാവു കാണാനേ വഴിയുള്ളൂ.
ഇന്നത്തെ കോൺഗ്രസ്, നാളത്തെ ബി.ജെ.പി എന്ന വല്യേട്ടൻ പാർട്ടി സെക്രട്ടറിയുടെ വാക്കുകൾ 'മഹദ്‌വചന'ങ്ങളായി ചില്ലിട്ടു വെയ്ക്കണം. മറുപടി പറയാൻ കോൺഗസിനു സെല്ലും എല്ലും തൽക്കാലമില്ല. ഇന്നത്തെ സി.പി.ഐ നാളത്തെ സി.പി.എം എന്നു തിരിച്ചടിക്കാനാണെങ്കിൽ ഒന്നാമന്റെ പക്കൽ ഇനി എത്ര പേരുണ്ടെന്നു ഗവേഷണം നടത്തേണ്ട കാലമായി. കൊച്ചേട്ടന്റെ കോട്ടയത്തും പാലക്കാട്ടുമുള്ള ഘടകങ്ങളിൽ ഈ അത്യുഷ്ണ കാലത്തും ശിശിരവും മുടികൊഴിച്ചിലുമാണ് കാണപ്പെടുന്നത്. എന്നാൽ 'ഇന്നലെ കുരുത്ത തകരയല്ല ഞങ്ങളുടെ എ.കെ. ആന്റണി എന്ന പി.സി. വിഷ്ണുനാഥിന്റെ 'പഞ്ച് ലൈനി' നോളം ഒന്നും വരില്ല. തങ്കച്ചനച്ചായന്റെ മഹത്വമല്ല മറിച്ച് മകൻ വെറും തകരയാണ് എന്നേ അർഥമാക്കേണ്ടൂ! ശശി തരൂർ, കെ. മുരളീധരൻ, എം.കെ. രാഘവൻ തുടങ്ങി ഒരു ഡസനോളം പേർ സ്വന്തമായി 'സൈബർ സെൽ' സംഘടിപ്പിക്കാനുള്ള ഓട്ടത്തിലാണത്രേ! ഇനി അതേ മാർഗമുള്ളൂ!


****                         ****                             ****


സുഗതകുമാരി ജീവിച്ചിരുന്നപ്പോൾ കാടും മരങ്ങളും സിംഹവാലൻ കുരങ്ങുകളുമെല്ലാം സുരക്ഷിതരായിരുന്നു. ഇപ്പോഴിതാ, അവരുടെ നന്ദാവനത്തെ വീട് മകൾ ഒരു കാട്ടാക്കട സ്വദേശിക്കു വിറ്റിരിക്കുന്നു! എന്തൊരു അപരാധമാണ്! നിയമപരമായി ഏക അവകാശിയായ, കൊച്ചുകവി ലക്ഷ്മി മറ്റു നിവൃത്തിയില്ലാതെ ചെയ്തതാകാം. അതിനു സാംസ്‌കാരിക മന്ത്രി എന്തു ചെയ്യാൻ? 'സുഗതകുമാരിക്കൊരു സ്മാരകം' എന്നാൽ നല്ലൊരു തേക്കുമരം നടുക എന്നതു മാത്രമാണ്  ഉദ്ദേശിച്ചതെന്നു മന്ത്രിയുടെ മുഖഭാവം കണ്ടവർക്കറിയാം. ഭവനം ഏറ്റെടുത്തു സ്മാരകമാക്കാമെന്നു സ്വപ്നത്തിൽ പോലും സർക്കാർ നിരൂപിച്ചിട്ടില്ല. അടുത്ത കേരള സഭ പുറത്തു വിളിച്ചുകൂട്ടാനുള്ള പണം പോലും ഇതുവരെ കണ്ടെത്തിയിട്ടില്ല. എന്തിനേറെ, കവയിത്രി താമസിച്ചിരുന്ന നന്ദാവനത്തെ സമീപ എ.ആർ.പി ക്യാമ്പിൽ വാഹനത്തിനു പെട്രോളടിക്കാൻ പോലും സർക്കാരിന്റെ കൈയിൽ ചില്ലിക്കാശില്ല. പോലീസ് വാഹനങ്ങൾ ദിനംപ്രതി ആയിരം രൂപയ്ക്ക് കുറച്ച് ഓടിയാൽ മതിയെന്നു നിർദേശം പോലും കൊടുത്തു കഴിഞ്ഞു. ഇതിൽ കൂടുതൽ എങ്ങനെ മുണ്ടുമുറുക്കിയുടുക്കുമെന്നു പറഞ്ഞാട്ടെ; പിന്നല്ലേ സ്മാരകം!

Latest News