മക്ക- വിശുദ്ധ റമദാനിലെ അവസാനത്തെ പത്തു ദിവസം മക്കയിലെ വിശുദ്ധ ഹറമിൽ സന്ദർശനം നടത്തുന്നവരുടെ സുരക്ഷയ്ക്കും പെയ്‌തേക്കാവുന്ന മഴയും നേരിടാൻ അടിയന്തര പദ്ധതികൾ തയ്യാറാക്കിയെന്ന് അധികൃതർ അറിയിച്ചു. തിങ്കളാഴ്ച ഹറമിൽ കനത്ത മഴ പെയ്തിരുന്നെങ്കിലും തീർത്ഥാടകരുടെ സുരക്ഷയ്ക്ക് ഒരു വിധത്തിലുള്ള പ്രതിസന്ധിയും നേരിട്ടിരുന്നില്ല. 200ലധികം സൂപ്പർവൈസർമാരെയും നിരീക്ഷകരെയും 4,000 തൊഴിലാളികളെയും റിക്രൂട്ട് ചെയ്യുകയും ചെയ്തിരുന്നു. മഴയെ നേരിടാനുള്ള ഫീൽഡ് പ്ലാനുകൾ തയ്യാറാക്കാനും സജീവമാക്കാനും ഇരു ഹറമുകളുടെയും മേധാവി ശൈഖ് അബ്ദുറഹ്മാൻ അൽ സുദൈസ് നിർദ്ദേശം നൽകി.
അടുത്ത ദിവസങ്ങളിൽ അൽബഹ, മക്ക, മദീന, തബൂക്ക്, അൽജൗഫ്, കിഴക്കൻ പ്രവിശ്യ, ഹായിൽ തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയ്ക്ക് കാരണമാകുന്ന ആലിപ്പഴ വർഷത്തിനൊപ്പം സജീവമായ കാറ്റും പൊടിയും ഇടിമിന്നലുണ്ടാകുമെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകി. നജ്‌റാൻ, ജിസാൻ, അസീർ, അൽഖാസിം, റിയാദ്, കിഴക്കൻ പ്രവിശ്യയുടെ തെക്കൻ ഭാഗങ്ങൾ എന്നിവടങ്ങളിലും മഴക്ക് സാധ്യതയുണ്ട്.
ഈ മാസത്തിന്റെ തുടക്കം മുതൽ ഇതേവരെ 950,000 തീർത്ഥാടകർ മക്കയിൽ എത്തിയാതായി തിങ്കളാഴ്ച സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
തീർഥാടകരുടെയും വിശ്വാസികളുടെയും സുരക്ഷ ഉറപ്പാക്കുമെന്നും ബന്ധപ്പെട്ട എല്ലാ അധികാരികളുമായും കാര്യക്ഷമമായ സഹകരണം ഉറപ്പാക്കുമെന്നും അൽസുദൈസ് പറഞ്ഞു.
മക്ക മേഖലയിലെ നിരവധി ഗവർണറേറ്റുകളിൽ പൊടിപടലങ്ങൾ തുടരുന്നതിനാൽ ദേശീയ കാലാവസ്ഥാ കേന്ദ്രം തിങ്കളാഴ്ച മുൻകൂർ മുന്നറിയിപ്പ് പുറപ്പെടുവിച്ചു, സജീവമായ ഉപരിതല കാറ്റ്, പൂജ്യം ദൃശ്യപരത, തീരപ്രദേശങ്ങളിൽ ഉയർന്ന തിരമാലകൾ എന്നിവക്കും സാധ്യതയുണ്ട്. തുറസ്സായ സ്ഥലങ്ങൾക്കും ഹൈവേകൾക്കും പുറമേ വിശുദ്ധ തലസ്ഥാനമായ ജിദ്ദ, ജമൂം, ബഹ്‌റ എന്നിവിടങ്ങളിൽ നാശനഷ്ടമുണ്ടായതായി കേന്ദ്രം അറിയിച്ചു.