കൊച്ചി - ഗോവയിൽ വിചാരധാര വായിച്ച ക്രിസ്ത്യാനികൾ കൂട്ടത്തോടെ ബി.ജെ.പിക്ക് വോട്ട് ചെയ്യുന്നതാണ് കണ്ടതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. അതിനാൽ, സി.പി.എം അഞ്ചാറ് ലക്ഷം വിചാരധാര ക്രിസ്ത്യൻ വീടുകളിൽ എത്തിച്ചാൽ ബി.ജെ.പിക്ക് വോട്ട് കൂടുതൽ ലഭിക്കുമെന്നും സുരേന്ദ്രന് അഭിപ്രായപ്പെട്ടു.
മുസ്‌ലിം സമുദായവുമായുള്ള അകലം കുറയ്ക്കാൻ നിരവധി കാര്യങ്ങൾ പാർട്ടി ആലോചിക്കുന്നുണ്ടെന്നും സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തിലെ രണ്ട് മുന്നണികളും മുസ്‌ലിം സമുദായത്തിലെ സമ്പന്ന വിഭാഗത്തിന്റെ കാര്യങ്ങൾ മാത്രമാണ് പറയുന്നത്. മുസ്‌ലിംലീഗ് കച്ചവട പാർട്ടിയാണ്. നരേന്ദ്രമോഡി താഴ്ന്ന നിലയിൽ ജീവിക്കുന്ന മുസ്‌ലിംകളുടെയും താൽപര്യം സംരക്ഷിക്കുന്ന പ്രധാനമന്ത്രിയാണ്. മത്വലാഖ് നിരോധിച്ച സർക്കാരാണിത്. മുസ്‌ലിം പെൺകുട്ടികൾക്കിടയിൽ മോഡിക്ക് അനുകൂലമായ വികാരമുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഈസ്റ്റർ ദിനത്തിൽ വിവിധ സഭാമേധാവികളെയും ക്രൈസ്ത വിശ്വാസികളെയും ബി.ജെ.പി നേതാക്കൾ സന്ദർശിച്ച് ആശംസ കൈമാറിയിരുന്നു. ക്രൈസ്തവ വിഭാഗങ്ങളുമായി അടുക്കാനുള്ള ബി.ജെ.പിയുടെ കാപട്യം തുറന്നുകാട്ടി രൂക്ഷ വിമർശവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശനും മന്ത്രി പിഎ മുഹമ്മദ് റിയാസും അടക്കമുള്ള വിവിധ നേതാക്കളും രംഗത്തെത്തിയിരുന്നു. വിചാരധാരയെ തള്ളി പറയുന്ന രീതിയിലായിരുന്നു ബി.ജെ.പി നേതാക്കളുടെ പ്രതികരണം. എന്നാൽ 2023ലും ക്രിസ്തീയ ആഘോഷങ്ങൾക്കതിരെ ആർ.എസ്.എസ് നേതാവ് മോഹൻ ഭാഗവത് ലേഖനമെഴുതിയെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് ചൂണ്ടിക്കാട്ടി.
'വിചാരധാരയിലെ ഉള്ളടക്കം പഴയ കാലത്തേതാണെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാനാകില്ല. ഇപ്പോഴും അത് തന്നെ പ്രചരിപ്പിക്കുന്നുവെന്നും മതമേലധ്യക്ഷന്മാർ സംഘപരിവാറിന്റെ അപകടകരമായ രാഷ്ട്രീയം തിരിച്ചറിയണമെന്നും മന്ത്രി മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു.