Sorry, you need to enable JavaScript to visit this website.

തട്ടിക്കൊണ്ടുപോയ പ്രവാസി യുവാവിന്റെ മൊബൈല്‍ ഫോണ്‍ കണ്ടെത്തി, പ്രതികളുടെ രേഖാ ചിത്രം പുറത്ത് വിടും

കോഴിക്കോട് - താമരശ്ശേരിയില്‍ പ്രവാസിയായ പരപ്പന്‍പൊയില്‍ സ്വദേശി കുറുന്തോട്ടിക്കണ്ടിയില്‍ മുഹമ്മദ് ഷാഫിയെ നാലംഗ സംഘം തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ ഇയാളുടെ മൊബൈല്‍ ഫോണ്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. കരിപ്പൂരില്‍ നിന്നാണ് മൊബൈല്‍ ഫോണ്‍ കണ്ടെത്തിയത്. അക്രമി സംഘം സഞ്ചരിച്ച വാഹനത്തിന്റെ നമ്പര്‍ വ്യാജമാണെന്നും പോലീസിന്റെ അന്വേഷണത്തില്‍ മനസ്സിലായിട്ടുണ്ട്. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ വയനാടും കരിപ്പൂരും സംഘം എത്തിയതായി കണ്ടെത്തിയിരുന്നു. ഇതിനിടെ പ്രതികളുടെ രേഖാചിത്രം ഇന്ന് പുറത്തു വിട്ടേക്കും. മുഹമ്മദ് ഷാഫിയുടെ ഭാര്യയുടെ സഹായത്തോടെയാണ് രേഖാ ചിത്രം തയ്യാറാക്കുന്നത്. പ്രതികളില്‍ രണ്ടു പേര്‍ മാസ്‌ക് ധരിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ഇവരുടെ മുഖം ഓര്‍ത്തെടുക്കാന്‍ കഴിയുന്നുണ്ടെന്ന് മുഹമ്മദ് ഷ്ാഫിയുടെ ഭാര്യ സനിയ്യ പോലീസിനോട് പറഞ്ഞിരുന്നു. ഇതില്‍ ഒരാള്‍ നേരത്തെ വീട്ടില്‍ വന്നതായും ഇവര്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
നേരത്തെ ദുബായില്‍ ബിസിനസ് നടത്തിയിരുന്ന ആളാണ് മുഹമ്മദ് ഷാഫി. സ്വര്‍ണ്ണ-ഹവാല തട്ടിപ്പ് സംബന്ധിച്ച് തര്‍ക്കമാണ് തട്ടിക്കൊണ്ടുപോകലില്‍ കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്. ഇത് സംബന്ധിച്ച് മൂഹമ്മദ് ഷാഫി നേരത്തെ  ഭീഷണി നേരിട്ടിരുന്നു. ഷാഫിയെ ഇതിന് മുന്‍പ് വീട്ടിലെത്തി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പരപ്പന്‍പൊയില്‍ സ്വദേശി അബ്ദുള്‍ നിസാര്‍, ഉണ്ണികുളം സ്വദേശി അജ്നാസ് എന്നിവരെയാണ് താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ റിമാന്‍ഡ് ചെയ്തു. വെളുത്തസ്വിഫ്റ്റ് കാറിലാണ് മുഹമ്മദ്ഷാഫിയെ കഴിഞ്ഞ വെള്ളിയാഴ്ച രാത്രി നാലംഗ സംഘം തട്ടിക്കൊണ്ടു പോയത്.  ഷാഫിയുടെ ഭാര്യയെയും തട്ടിക്കൊണ്ടു പോകാനായി കാറില്‍ കയറ്റിയെങ്കിലും കാറിന്റെ ഡോര്‍ അടയ്ക്കാന്‍ കഴിയാത്തതിനാല്‍ ഇവരെ റോഡില്‍ ഉപേക്ഷിക്കുകയായിരുന്നു.

 

Latest News