Sorry, you need to enable JavaScript to visit this website.

മെക്‌സിക്കൻ തിരമാലകളിൽ ജർമൻ നൗക ഉലഞ്ഞു

ചാമ്പ്യന്മാരെ വീഴ്ത്തി... ഹിർവിംഗ് ലൊസാനൊ ഗോളാഘോഷിക്കുന്നു.
മെക്‌സിക്കൻ പറവ... ടോണി ക്രൂസിന്റെ ഫ്രീകിക്ക് പറന്നു തടുക്കുന്ന ഗോളി ഗ്വിയർമൊ ഒചോവ
  • അടിതെറ്റി അൽമാനിയ 
  • ജർമനി 0- മെക്‌സിക്കൊ 1

മോസ്‌കൊ - നിലവിലെ ചാമ്പ്യന്മാരെന്ന ജർമനിയുടെ ജാഡയെ തെല്ലും ഭയപ്പെടാതെ ആക്രമിച്ച മെക്‌സിക്കൊ ഈ ലോകകപ്പിലെ ആദ്യത്തെ അട്ടിമറിയുടെ വൈദ്യുതിതരംഗങ്ങൾക്ക് തിരികൊളുത്തി. ഹിർവിംഗ് ലൊസാനൊ എന്ന ഇരുപത്തിരണ്ടുകാരൻ പയ്യൻ നേടിയ മിന്നുന്ന ഗോളിൽ ജർമനിക്ക് അടിതെറ്റി. ജർമനിക്ക് മുന്നിൽ പിന്നീട് മെക്‌സിക്കൊ പ്രതിരോധവും ഗോൾകീപ്പർ ഗ്വിയർമൊ ഒചോവയും ഉരുക്കുഭിത്തി സൃഷ്ടിച്ചു. ചാമ്പ്യന്മാർ സർവ അടവും പയറ്റിയെങ്കിലും മെക്‌സിക്കൊ ഉജ്വലമായി പിടിച്ചുനിൽക്കുകയും പലപ്പോഴും എതിർപാളയത്തിൽ അങ്കലാപ്പ് പടർത്തുകയും ചെയ്തു. 1982 നു ശേഷം ആദ്യമായാണ് ജർമനി ലോകകപ്പിലെ തങ്ങളുടെ ഉദ്ഘാടന മത്സരത്തിൽ പരാജയപ്പെടുന്നത്.  
മുപ്പത്തഞ്ചാം മിനിറ്റിൽ മിന്നൽ പ്രത്യാക്രമണത്തിൽ നിന്നായിരുന്നു മെക്‌സിക്കോയുടെ ഗോൾ. അതിവേഗം മൈതാനമധ്യത്തിലൂടെ കുതിച്ച ഹവിയർ ഹെർണാണ്ടസ് വലതു വിംഗിലൂടെ ബോക്‌സിലേക്കു കയറിയ ലൊസാനോക്ക് പന്ത് കൈമാറി. ഒരു ടച്ചിൽ പന്ത് നിയന്ത്രിക്കുകയും മെസുത് ഓസിലിനെ വെട്ടിക്കുകയും ചെയ്ത ലൊസാനൊ ശക്തമായ അടിയിലൂടെ ചാമ്പ്യന്മാരുടെ വലയിൽ ഇടിമുഴക്കം സൃഷ്ടിച്ചു. ജർമനിക്കെതിരെ 12 കളികളിൽ മെക്‌സിക്കോയുടെ രണ്ടാമത്തെ മാത്രം ജയം മെക്‌സിക്കൻ ആരാധകർ ഏറെയുണ്ടായിരുന്ന ഗാലറിയെ ത്രസിപ്പിച്ചു. 
കഴിഞ്ഞ ലോകകപ്പ് ജയിച്ച ഒമ്പത് പേരിൽ എട്ടു പേരെയും അണിനിരത്തിയാണ് ജർമനി തുടങ്ങിയത്. കാൽമുട്ടിലെ പരിക്ക് മാറിയ ഓസിലും ഈ സീസൺ മുഴുവൻ പരിക്കുമായി പുറത്തിരുന്ന ഗോൾകീപ്പർ മാന്വേൽ നോയറും കളത്തിലിറങ്ങി. പരിക്ക് മാറിയ മറ്റൊരു കളിക്കാരൻ ജെറോം ബൊയതെംഗിന് അറുപതാം സെക്കന്റിൽ തന്നെ ടീമിന്റെ രക്ഷക്കെത്തേണ്ടി വന്നു. 
ലൊസാനോയുടെ ഷോട്ട് ജർമൻ ഗോൾവരക്കു മുന്നിൽ ബൊയതെംഗ് തടുത്തു. അടുത്ത നിമിഷം ജോഷ്വ കിമിച്ചിന്റെ പാസുമായി പാഞ്ഞ ടിമൊ വേണർ മറുവശത്ത് അപായഭീഷണി മുഴക്കിയതോടെ ഇഞ്ചോടിഞ്ച് പോരാട്ടത്തിന് അരങ്ങൊരുങ്ങി.  ജർമനിക്കായിരുന്നു പന്തിന്റെ നിയന്ത്രണം കൂടുതലെങ്കിലും മെക്‌സിക്കൻ ആക്രമണങ്ങൾക്കാണ് ഗോൾമണമുണ്ടായിരുന്നത്. തുടർച്ചയായി രണ്ടു തവണ നോയർക്ക് രക്ഷാപ്രവർത്തനം നടത്തേണ്ടിവന്നു. ഹെക്ടർ ഹെരേരയുടെ ലോംഗ്‌റെയ്ഞ്ചർ തടുത്തിട്ട നോയർക്ക് ഹെക്ടർ മോറിനോയുടെ ഹെഡർ തടുക്കാൻ വല്ലാതെ പ്രയാസപ്പെടേണ്ടി വന്നു. ഇരുവശത്തും ഇടതടവില്ലാതെ പന്ത് കയറിയിറങ്ങി. 
ജർമനിയുടെ മുന്നേറ്റങ്ങളെ മെക്‌സിക്കൻ പ്രതിരോധം കൈപ്പാടകലെ നിർത്തി. രണ്ടാം മിനിറ്റിൽ തന്നെ ഹിർവിംഗ് മെക്‌സിക്കോയുടെ ഹെഡർ ഗോൾലൈനിന് തൊട്ടുമുമ്പിൽ വെച്ചാണ് ജർമനി ഗോളി മാന്വേൽ നോയർ തടഞ്ഞത്.


ഗോൾ വീണതോടെ ജർമനി സടകുടഞ്ഞെഴുന്നേറ്റു. ടോണി ക്രൂസിന്റെ കിടിലൻ ഫ്രീകിക്ക് മുഴുനീളം ചാടിയ ഒചോവയുടെ കൈതലപ്പിൽ തട്ടി വഴി മാറി. 
രണ്ടാം പകുതിയിലും സമനില ഗോളിനായി ജർമനി ഇരമ്പിക്കയറി. മെക്‌സിക്കൊ പ്രതിരോധം കടുകിട വിട്ടുകൊടുത്തില്ല. 
അറുപത്തഞ്ചാം മിനിറ്റിൽ ബൊയതെംഗ് തട്ടിയുയർത്തിയ പന്തിൽ കിമിച്ചിന്റെ ഒന്നാന്തരം ബൈസികിൾ കിക്ക് അൽപമുയർന്ന് വലയുടെ മോന്തായത്തിൽ പതിച്ചു. വേർണറുടെ മറ്റൊരു ഷോട്ടും ലക്ഷ്യത്തിൽനിന്ന് അകന്നു. മെക്‌സിക്കോയുടെ പ്രത്യാക്രമണങ്ങൾ ജർമൻ ഗോൾമുഖത്തും പരിഭ്രാന്തി പരത്തി. മാർക്ക് ചെയ്യപ്പെടാതെ നിന്ന രണ്ടവസരങ്ങളിൽ മിഗ്വേൽ ലയൂനിന്റെ എണ്ണം പറഞ്ഞ ഷോട്ടുകൾ വഴിമാറിയത് മെക്‌സിക്കൻ ആരാധകരെ നിരാശപ്പെടുത്തി. ഗോളി നോയർ ഉൾപ്പെടെ എതിർപകുതിയിലെത്തിയ അവസാന മിനിറ്റുകളിൽ മറുപടി ഗോളിനായി ജർമനി പഠിച്ച പണി പതിനെട്ടും പയറ്റി. 
കഴിഞ്ഞ ഏഴ് ലോകകപ്പുകളിലും ഉദ്ഘാടന മത്സരം ജർമനി തോറ്റിട്ടില്ല. കഴിഞ്ഞ നാല് ലോകകപ്പ് ഉദ്ഘാടന മത്സരങ്ങളിൽ രണ്ട് ഗോളിനെതിരെ 20 ഗോളടിക്കുകയും ചെയ്തിരുന്നു. മെക്‌സിക്കോക്കെതിരെ നാല് ലോകകപ്പ് മത്സരങ്ങളിലും അവർ പരാജയമറിഞ്ഞിരുന്നില്ല. കഴിഞ്ഞ ലോകകപ്പിൽ ഒരു കളിയിൽ മാത്രമാണ് ജർമനി പിന്നിലായത്, ഘാനക്കെതിരെ. തിരിച്ചടിച്ച ജർമനി ആ മത്സരം 2-1 ന് ജയിച്ചു. 

Latest News