Sorry, you need to enable JavaScript to visit this website.

മുഖ്യമന്ത്രിക്കെതിരായ കേസ്: പുനഃപരിശോധനാ ഹര്‍ജി ലോകായുക്ത ഇന്ന് പരിഗണിക്കും

തിരുവനന്തപുരം - മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയെന്ന കേസ് ഫുള്‍ ബെഞ്ചിന് വിട്ടുകൊണ്ടുള്ള ലോകായുക്തയുടെ വിധിക്കെതിരെയുള്ള പുനഃപരിശോധനാ ഹര്‍ജി  ഇന്ന് പരിഗണിക്കും. പരാതിക്കാരനായ ആര്‍.എസ് ശശികുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫും ഉപലോകായുക്ത ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദും അടങ്ങിയ ബെഞ്ച് പരിഗണിക്കുക. കേസ് ഫുള്‍ബെഞ്ചിന്റെ പരിഗണനക്ക് വിട്ട രണ്ടംഗ ബെഞ്ചിന്റെ വിധി പുനഃപരിശോധിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് എന്‍ സി പി നേതാവായിരുന്ന അന്തരിച്ച ഉഴവൂര്‍ വിജയന്റെ  കുടുംബത്തിന് 25 ലക്ഷം രൂപ അനുവദിച്ചതും  അന്തരിച്ച ചെങ്ങന്നൂര്‍ എം.എല്‍.എ രാമചന്ദ്രന്‍ നായരുടെ കുടുംബത്തിന് എട്ടര ലക്ഷം രൂപ നല്‍കിയും കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തില്‍പ്പെട്ട് മരിച്ച സിവില്‍ പൊലീസ് ഓഫീസറുടെ കുടുംബത്തിന് 20 ലക്ഷം രൂപ അനുവദിച്ചതും ചട്ട വിരുദ്ധവും മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ളതുമാണെന്ന് കാണിച്ചാണ് ആര്‍.എസ് ശശികുമാര്‍ ലോകായുക്തയെ സമീപിച്ചിരുന്നത്. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫും ഉപലോകായുക്ത ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദും അടങ്ങിയ ബെഞ്ചായിരുന്നു കേസ് പരിഗണിച്ചിരുന്നത്. അടുത്തിടെ കേസില്‍ ഭിന്ന വിധിയുണ്ടാകുകയും ഇതേ തുടര്‍ന്ന് കേസ് ഫുള്‍ ബെഞ്ചിലേക്ക് വിടുകയുമായിരുന്നു. ദുരിതാശ്വാസ നിധി ദുരുപയോഗം സംബന്ധിച്ച ഹര്‍ജി പരിഗണിക്കണോ എന്ന കാര്യത്തില്‍ ലോകായുക്ത ഫുള്‍ ബെഞ്ച് തന്നെ തീരുമാനമെടുത്തതാണെന്നും ഈ കാര്യം അവഗണിച്ചാണ് ഹര്‍ജി നിലനില്‍ക്കുന്നതാണോ എന്ന് പരിശോധിക്കാന്‍ വീണ്ടും ഫുള്‍ ബെഞ്ചിന് വിട്ടുകൊണ്ടുള്ള വിധി വന്നത് എന്നുമാണ് പുനപരിശോധനാ ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നത്. ലോകായുക്ത ഫുള്‍ ബെഞ്ച് കേസ് നാളെ പരിഗണിക്കാനായി നേരത്തെ തന്നെ തീരുമാനിച്ചിരുന്നു.

 

 

 

 

 

 

 

Latest News