Sorry, you need to enable JavaScript to visit this website.

പ്രവാസി യുവാവിനെ തട്ടിക്കൊണ്ടു പോയത് വയനാട്ടിലേക്കെന്ന് സൂചന, ഭീഷണിക്കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍

കോഴിക്കോട്: പ്രവാസിയായ യുവാവിനെ തട്ടിക്കൊണ്ടു പോയത് വയനാട്ടിലേക്കാണെന്ന് പോലീസിന് വിവരം ലഭിച്ചു. ഇതിന് ശേഷം ഇയാളെ കരിപ്പൂരിലെത്തിച്ചതായും സൂചനയുണ്ട്. സിസിടിവി ദൃശ്യങ്ങളും മൊബൈല്‍ ഫോണ്‍ ലൊക്കേഷനും പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് താമരശ്ശേരിക്കടുത്ത പരപ്പന്‍പൊയില്‍ സ്വദേശി കുറുന്തോട്ടിക്കണ്ടിയില്‍ മുഹമ്മദ് ഷാഫിയെ തട്ടിക്കൊണ്ടു പോയത് വയനാട്ടിലേക്കാണെന്ന് വ്യക്തമായ വിവരം ലഭിച്ചത്. ഇതേതുടര്‍ന്ന് വയനാട്ടിലെ ഗുണ്ടാ സംഘങ്ങളെ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കി. 
നേരത്തെ ദുബായില്‍ ബിസിനസ് നടത്തിയിരുന്ന ആളാണ് മുഹമ്മദ് ഷാഫി. സ്വര്‍ണ്ണ-ഹവാല തട്ടിപ്പ് സംബന്ധിച്ച് തര്‍ക്കമാണ് തട്ടിക്കൊണ്ടുപോകലില്‍ കലാശിച്ചത്. ഇത് സംബന്ധിച്ച് മൂഹമ്മദ് ഷാഫി നേരത്തെ തന്നെ ഭീഷണി നേരിട്ടിരുന്നു. ഷാഫിയെ  ഇതിന് മുന്‍പ് വീട്ടിലെത്തി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പരപ്പന്‍പൊയില്‍ സ്വദേശി അബ്ദുള്‍ നിസാര്‍, ഉണ്ണികുളം സ്വദേശി അജ്‌നാസ് എന്നിവരെയാണ് താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. രജിസ്‌ട്രേഷന്‍ എവിടെയാണ് നടത്തിയതെന്ന് തിരിച്ചറിഞ്ഞിട്ടില്ലാത്ത 7001 എന്ന നമ്പറിലുള്ള വെളുത്ത സ്വിഫ്റ്റ് കാറിലാണ് മുഹമ്മദ് ഷാഫിയെ  കഴിഞ്ഞ വെള്ളിയാഴ്ച രാത്രി നാലംഗ സംഘം തട്ടിക്കൊണ്ടു പോയത്. കാറിന്റെ നമ്പര്‍ മുഹമ്മദ് ഷാഫിയുടെ ഭാര്യ സനിയ്യയുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. ഇവരെയും തട്ടിക്കൊണ്ടു പോകാനായി കാറില്‍ കയറ്റിയെങ്കിലും കാറിന്റെ ഡോര്‍ അടയ്ക്കാന്‍ കഴിയാത്തതിനാല്‍ റോഡില്‍  ഉപേക്ഷിക്കുകയായിരുന്നു.

 

 

Latest News