മസ്‌കത്ത്- ഒമാന്റെ വിവിധ ഭാഗങ്ങളില്‍ പെയ്ത കനത്ത മഴയില്‍ വന്‍ നാശനഷ്ടം. മസ്‌കത്ത് ഗവര്‍ണറേറ്റില്‍ റോഡിലേക്കു പാറ ഇടിഞ്ഞുവീണു നിരവധി വാഹനങ്ങള്‍ തകര്‍ന്നു. ഗതാഗതം ഏറെ നേരം തടസ്സപ്പെട്ടു. ആമിറാത്ത്-ഖുറിയത്ത് റോഡിലാണ് പാറ ഇടിഞ്ഞ് അപകടമുണ്ടായത്. ആര്‍ക്കും പരുക്കില്ലെന്ന് സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി പ്രസ്താവനയില്‍ പറഞ്ഞു.
വിവിധ ഗവര്‍ണറേറ്റുകളില്‍ ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ട മഴക്കും ഇടിമിന്നിലിനും സാധ്യതയുണ്ടെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നല്‍കി. ഹജര്‍ പര്‍വതനിരകളിലും സമീപ പ്രദേശങ്ങളിലും ദോഫാര്‍, അല്‍ വുസ്ത തെക്കന്‍ ശര്‍ഖിയ, വടക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റുകളിലും നല്ല മഴ പെയ്യും.