Sorry, you need to enable JavaScript to visit this website.

ആദര സമ്മേളനത്തിൽ ഒളിയമ്പെയ്ത്  കോൺഗ്രസ് നേതാക്കൾ

മുൻ മന്ത്രി കെ.പി. വിശ്വനാഥനെ തൃശൂരിൽ ആദരിക്കുന്നു.

തൃശൂർ- മുൻ മന്ത്രി കെ.പി. വിശ്വനാഥനെ ആദരിക്കാൻ ചേർന്ന ആദരസമ്മേളനം കോൺഗ്രസ് നേതാക്കളുടെ ഒളിയമ്പുകൾക്കും പരസ്പരമുള്ള കൊമ്പുകോർക്കലുകൾക്കും വേദിയായി. 
അച്ചടക്കമില്ലാത്ത ആദർശം ആത്മാവില്ലാത്ത ശരീരത്തിന് സമമാണെന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ, നേതൃത്വത്തോട് കലഹിക്കുന്ന സ്വഭാവം പണ്ടുമുണ്ടെന്ന് വി.എം. സുധീരൻ. പൊതുപ്രവർത്തനത്തിന്റെ അഞ്ചര പതിറ്റാണ്ട് പിന്നിട്ട മുൻ മന്ത്രി കെ.പി. വിശ്വനാഥന് തൃശൂരിന്റെ ആദരം എന്ന പരിപാടിയിലാണ് നേതാക്കളുടെ കൊമ്പ് കോർക്കലിന് സദസ് സാക്ഷ്യം വഹിച്ചത്. സമൂഹമാധ്യമങ്ങളിലൂടെയാണ് ഇപ്പോൾ വിലയിരുത്തലുകൾ നടക്കുന്നതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ഹസൻ പറഞ്ഞു. വ്യക്തിജീവിതത്തിലും സാമൂഹ്യജീവിതത്തിലും എല്ലാം വേണ്ടത് അച്ചടക്കമാണെന്ന് ഹസൻ പറഞ്ഞു. ഇന്നത്തെ യുവതലമുറയ്ക്ക് അനുകരണീയരാണ് കോൺഗ്രസിലെ മുതിർന്ന നേതാക്കൾ. അവരുടെ ആദർശനിഷ്ഠ മനസിലാക്കാതെയാണ് പലരും വിലയിരുത്തലുകൾ നടത്തുന്നത്. താൻ ഉൾപ്പെടുന്ന പഴയ തലമുറ അന്നത്തെ നേതാക്കളിൽ നിന്നും സ്ഥാനങ്ങൾ പിടിച്ചുവാങ്ങുകയായിരുന്നില്ല. കെ.എസ്.യു-യൂത്ത് കോൺഗ്രസ് സംഘടനകളുടെ ശക്തി കണക്കിലെടുത്ത് അന്നത്തെ 'വൃദ്ധനേതൃത്വം' അംഗീകാരങ്ങൾ നൽകുകയായിരുന്നു. തോൽക്കുന്ന മണ്ഡലങ്ങളിലാണ് അവരെ നിർത്തിയത്. ജനങ്ങളുമായുള്ള നല്ല ബന്ധം നിലനിർത്താൻ കഴിഞ്ഞതിനാൽ ജയം അവരെ തേടിയെത്തുകയായിരുന്നു. മന്ത്രിയാകുമ്പോൾ കയറുന്ന പ്രതിച്ഛായയിൽ തിരിച്ചുവരാൻ പലർക്കുംകഴിയാറില്ല. പ്രതിച്ഛായ നഷ്ടപ്പെടാതെ തിരിച്ചുവരാൻ കഴിഞ്ഞതാണ് കെ.പി വിശ്വനാഥന്റെ നേട്ടമെന്നും ഹസൻ പറഞ്ഞു. 
പാർലമെന്ററി പ്രവർത്തനത്തിൽ വന്നാൽ മാത്രമേ രാഷ്ട്രീയപ്രവർത്തനമാകൂ എന്ന ധാരണ ഇല്ലാത്തവരായിരുന്നു പണ്ടുള്ളവരെന്നും യുവതലമുറയ്ക്ക് ഇവർ അനുകരണീയരാണെന്നും ഹസൻ ഓർമിപ്പിച്ചു. അച്ചടക്കമുള്ള ആദർശത്തോടെ ജനസേവനം നടത്താൻ പ്രാപ്തരാണെന്ന് ജനത്തിന് ബോധ്യമായാൽ അവർ അത്തരക്കാരെ വിജയിപ്പിക്കുകതന്നെ ചെയ്യുമെന്ന് ഹസൻ പറഞ്ഞു.
തീരുമാനത്തിൽ ഉറച്ചുനിൽക്കാൻ കഴിയുന്നതാണ് നിലപാടുകളുടെ പ്രത്യേകതയെന്നും  ചില നിലപാടുകളുടെ പേരിൽ താൻ മന്ത്രിസ്ഥാനം വേണ്ടെന്നു വച്ചതാണ് കെ. പി. വിശ്വനാഥന് മന്ത്രിസ്ഥാനം ലഭിക്കാൻ കാരണമായതെന്നും വി.എം.സുധീരൻ പറഞ്ഞു.  സ്തുതിഗീതങ്ങൾക്കൊപ്പം കല്ലേറും പ്രതീക്ഷിക്കേണ്ട മേഖലയാണ് പൊതുപ്രവർത്തനം. അവിടെ തലയുയർത്തി നിൽക്കാൻ കഴിയുകയെന്നത് ചെറിയ കാര്യമല്ല. രാജിവെയ്‌ക്കേണ്ട സാഹചര്യം ഇല്ലാതിരുന്നിട്ടും കെ.പി. വിശ്വനാഥൻ രാജിവെച്ചത് എന്നും മാതൃകാപരമാണെന്നും സുധീരൻ പറഞ്ഞു. തിരുത്തൽ ശക്തിയായി പണ്ടും ചിലർ പ്രവർത്തിച്ചിട്ടുണ്ടെന്നും യൂത്ത് കോൺഗ്രസും തിരുത്തൽ ശക്തിയായിട്ടുണ്ടെന്നും വയലാർ രവിയൊക്കെ അതിന്റെ ഭാഗമാണെന്നും സുധീരൻ ചൂണ്ടിക്കാട്ടി. യൂത്ത് കോൺഗ്രസ് എന്നും തിരുത്തൽ ശക്തിയായിട്ടുണ്ട്. പണ്ടും നേതൃത്വത്തിന്റെ നിലപാടുകളെ ചോദ്യം ചെയ്യാനും വിയോജിക്കേണ്ടിടത്ത് വിയോജിക്കാനും യൂത്ത് കോൺഗ്രസിന് കഴിഞ്ഞിരുന്നുവെന്ന് സുധീരൻ പറഞ്ഞു. കേരളത്തിന്റെ ഏതു ഭാഗത്തായാലും യൂത്ത് കോൺഗ്രസിലേയും കെ.എസ്.യുവിലേയും മിടുക്കൻമാരെ കണ്ടെത്തി സജീവമായ സ്ഥാനത്ത് കൊണ്ടുവന്ന് പ്രവർത്തിച്ചത് പഴയ സംസ്ഥാന നേതൃത്വത്തിന്റെ കഴിവായിരുന്നുവെന്നും അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നുവെങ്കിലും യൂത്ത് കോൺഗ്രസും കെ.എസ്.യുവും ഒരേ മനസോടെയാണ് പ്രവർത്തിച്ചിരുന്നതെന്നും സുധീരൻ പറഞ്ഞു.
സ്ഥാനമാനങ്ങൾക്കായി ഓടിനടന്നിരുന്ന പാരമ്പര്യം കെ.എസ്.യുവിനും യൂത്ത് കോൺഗ്രസിനുമില്ലെന്ന് പരിപാടിയുടെ ഉദ്ഘാടകനായ വയലാർ രവി എം.പി പറഞ്ഞു. നല്ല സീറ്റു കിട്ടിയാൽ കെ.പി.വിശ്വനാഥന് ഇനിയും മത്സരിക്കുന്ന കാര്യം ആലോചിക്കാവുന്നതല്ലേ എന്നും വയലാർ രവി ചോദിച്ചു. വയലാർ രവി ഈ ചോദ്യം ചോദിച്ചപ്പോഴാണ് വി.ടി.ബൽറാം എം.എൽ.എ വേദിയിലേക്ക് കടന്നുവന്നത്. ഇത് കോൺഗ്രസ് നേതാക്കൾക്കിടയിലും സദസിലും ചെറുചിരി പടർത്തി. അധികാരത്തിനു വേണ്ടി ഓടുന്ന തലമുറയായിരുന്നില്ല മറിച്ച് അർഹതയുണ്ടെങ്കിൽ എല്ലാം തേടിവരും എന്ന് ചിന്തിക്കുന്ന തലമുറയായിരുന്നു കെ.പി.വിശ്വനാഥൻ അടക്കമുള്ളവരുടേതെന്നും രവി കൂട്ടിച്ചേർത്തു.
കെ .പി .വിശ്വനാഥന്റെ രാജി സ്വീകരിച്ചത് ഒരു മനഃസാക്ഷിക്കുത്തായി മാറിയെന്നും മറ്റുള്ളവരുടെ രാജി സ്വീകരിക്കും മുൻപ് പത്തുവട്ടം ആലോചിക്കാൻ അത് ഒരു അനുഭവപാഠമായെന്നും ഉമ്മൻചാണ്ടി പറഞ്ഞു. 
മറ്റു പരിപാടിയുടെ തിരക്കുള്ളതിനാൽ ഹസന്റെ പ്രസംഗം കഴിഞ്ഞ ഉടൻ നേതാക്കളോടെല്ലാം യാത്ര പറഞ്ഞ് വി .ടി .ബൽറാം എം.എൽ.എ വേദി വിട്ടതും ശ്രദ്ധേയമായി. മന്ത്രി വി.എസ്. സുനിൽകുമാർ, മാർ അപ്രേം മെത്രാപ്പോലീത്ത, തൃശൂർ ഡി.സി.സി പ്രസിഡന്റ് ടി.എൻ.പ്രതാപൻ, മുൻ മന്ത്രി സി.എൻ.ബാലകൃഷ്ണൻ, മുൻ ഡി.സി.സി പ്രസിഡന്റ് ഒ.അബ്ദുറഹിമാൻ കുട്ടി, എം.പി.ജാക്‌സൺ, സി.പി.ജോൺ, പി.എ.മാധവൻ, തോമസ് ഉണ്ണിയാടൻ എന്നിവർ പങ്കെടുത്തു.  രാജ്യസഭ സീറ്റ് കേരള കോൺഗ്രസിന് നൽകിയതിനെ തുടർന്നുണ്ടായ കോൺഗ്രസിലെ പുതിയ വിവാദങ്ങൾക്കും പോർവിളികൾക്കും പൊട്ടിത്തെറികൾക്കും പരസ്യമായ ആരോപണ പ്രത്യാരോപണങ്ങൾക്കുമെല്ലാം ശേഷം കോൺഗ്രസ് നേതാക്കൾ എല്ലാം ഒരുമിച്ച് വേദി പങ്കിട്ട ചടങ്ങായിരുന്നു തൃശൂരിലേത്.

Latest News