Sorry, you need to enable JavaScript to visit this website.

തിരൂരിൽ യുവതി മൂത്രപ്പുരക്കടുത്ത് നിന്നു പ്രസവിച്ചു, താഴെ വീണു കുഞ്ഞിന്റെ തലയോട്ടിക്ക് പരിക്ക്

തിരൂർ-ജില്ലാ ആശുപത്രിയിൽ  മൂത്രപ്പുരക്ക്  സമീപം നിന്ന  നിൽപ്പിൽ  പ്രസവിച്ച്  യുവതി.  പൊക്കിൾകൊടി അറ്റ്  നിലത്ത്   തലകുത്തി വീണ  നവജാതശിശുവിന്  പരിക്കേറ്റു.  തലയോട്ടിയുടെ ഉൾഭാഗത്ത് പൊട്ടലുണ്ടാവുകയും  തലച്ചോറിൽ  രക്തം കട്ടപിടിക്കുകയും ചെയ്തതിനെ    തുടർന്ന്  കുട്ടിയെ  കോഴിക്കോട്  മെഡിക്കൽ കോളേജിലേക്ക്  മാറ്റി.  ജില്ലാ ആശുപത്രി ജീവനക്കാരുടെ   അനാസ്ഥ മൂലമാണ്  സംഭവമുണ്ടായതെന്ന്  ചൂണ്ടിക്കാട്ടി   കുട്ടിയുടെ രക്ഷിതാക്കൾ  ആരോഗ്യമന്ത്രിയടക്കമുള്ളവർക്ക്  പരാതി നൽകി.
ഉണ്യാൽ തേവർ കടപ്പുറം സ്വദേശിയുടെ ഭാര്യക്കാണ്  മൂത്രപ്പുരയുടെ സമീപം പ്രസവിക്കേണ്ടി വന്നത്. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. ജില്ലാ ആശുപത്രിയിൽ പ്രസവ സംബന്ധമായ ചികിത്സ തേടിയിരുന്ന യുവതിക്ക് ഏപ്രിന് ഏഴിനായിരുന്നു ഡോക്ടർ പ്രസവ തീയതി  കുറിച്ചിരുന്നത്. അസഹ്യമായ വേദനയെ  തുടർന്ന്  ഒരു ദിവസം മുമ്പ് രാവിലെ എട്ടോടെ തിരൂർ ജില്ലാ ആശുപത്രിയിലെത്തി.  ഭർതൃമാതാവിനെയും ഭർത്താവിന്റെ മാതൃസഹോദരിയെയും യുവതിയുടെ സഹോദരിയെയുമാണ് വാർഡിലേക്ക് പ്രവേശിപ്പിച്ചിരുന്നത്. 8.30ഓടെ  ഡോക്ടർ പരിശോധിച്ച് ഗർഭപാത്ര  വികാസമുണ്ടായിട്ടില്ലെന്ന് അറിയിച്ചു. രാവിലെ പത്തോടെ പ്രസവവേദന അനുഭവപ്പെട്ട വിവരം ഡ്യൂട്ടിയിലുണ്ടായിരുന്ന  നഴ്‌സുമാരെ പല തവണ അറിയിച്ചിട്ടും സമയമായില്ലെന്നാണ്  പറഞ്ഞത്. വേദന സഹിക്കാനാവാതെ യുവതി മൂത്രമൊഴിക്കാൻ  പ്രസവമുറിക്കടുത്തുള്ള മൂത്രപ്പുരയിൽ കയറി.  രണ്ടാം തവണ  ബാത്ത് റൂമിൽ നിന്ന്  യുവതി പുറത്തിറങ്ങി വരുന്നതിനിടെ പ്രസവത്തിന്റെ ലക്ഷണങ്ങൾ ഉണ്ടാവുന്നത്  കണ്ട  ഭർതൃമാതാവ് ഡ്യൂട്ടിയിലുള്ള നഴ്‌സുമാരെ അറിയിച്ചെങ്കിലും തട്ടിക്കയറുകയായിരുന്നു. ധരിച്ചിരുന്ന വസ്ത്രത്തിലൂടെ രക്തം വരുന്ന വിവരമറിയിച്ചിട്ടും നഴ്‌സുമാർ അനങ്ങിയില്ല. പിന്നീട് വസ്ത്രം മാറ്റാൻ ആവശ്യപ്പെടുന്നതിനിടെ നിന്ന നിൽപ്പിൽ യുവതി പ്രസവിച്ചു. ഇതിനിടെയാണ്  കുട്ടി  നിലത്ത് വീണത്.  എല്ലാവരും ഓടിക്കൂടി കുട്ടിയെ എടുത്തു.  ശ്വാസതടമുണ്ടായതിനെ തുടർന്ന് കുട്ടികളുടെ ഐ.സി.യുവിൽ പ്രവേശിപ്പിച്ചെങ്കിലും വേണ്ടത്ര പരിശോധന നടത്തിയില്ലെന്നാണ് ആരോപണം. കുട്ടിയെ ബന്ധുക്കൾക്ക് കാണിച്ച് കൊടുക്കാൻ പോലും തയ്യാറായില്ല. നിരന്തരം ആവശ്യപ്പെട്ടതിനെ തുടർന്ന് പാൽ കുടിക്കാൻ മാതാവിന്റെ അരികിലെത്തിച്ച ശേഷം   പെട്ടെന്ന് എക്‌സ്‌റേ എടുക്കാൻ കൊണ്ടുപോയി. എക്‌സ്റേയിൽ കുഴപ്പമില്ലെന്ന് ബന്ധുക്കളെ അറിയിച്ചു. പിന്നീട്  ആശുപത്രിയിലെ ഉദ്യോഗസ്ഥരുമായി തർക്കമുണ്ടായതിനെ തുടർന്ന് ഡോക്ടറെ വിളിച്ചുവരുത്തി രാത്രിയോടെ സ്‌കാൻ ചെയ്തു. സ്‌കാനിംഗ് റിപ്പോർട്ടിലാണ് കുട്ടിയുടെ തലയോട്ടിയുടെ ഉൾഭാഗത്ത് പൊട്ടലും തലച്ചോറിൽ രക്തം കട്ടപിടിച്ചതും കണ്ടെത്തിയത്. ഉടനെ  കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു. കുട്ടി അവിടെ  എൻ.ഐ.സിയുവിൽ ചികിത്സയിലാണ്.  മാതാവിന് കാര്യമായ  ആരോഗ്യപ്രശ്‌നങ്ങളില്ല. സംഭവം ദൗർഭാഗ്യകരമാണെന്നും അന്വേഷിച്ച്   കർശന നടപടിയെടുക്കണമെന്നും  കുറുക്കോളി  മൊയ്തീൻ എം.എൽ.എ ആവശ്യപ്പെട്ടു.

Latest News