നെടുമ്പാശേരി- കൊച്ചി അന്താരാഷ്ട്ര വിമാന താവളം വഴി വിദേശത്തേക്ക് വിദേശ കറൻസിയും കടത്തുന്ന കുഴൽപണ സംഘം സജീവമായിട്ടുണ്ടന്ന് കസ്റ്റംസിന് സൂചന. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി 1.33 കോടി രൂപയുടെ വിദേശ കറൻസി കടത്തുവാൻ ശ്രമിക്കുന്നതിനിടെ പിടിയിലായ മാള വടമ കൊല്ലംപറമ്പിൽ വിഷ്ണുവിനെ (27) നിയന്ത്രിച്ചിരുന്നത് കോട്ടയം സ്വദേശിയെന്ന് സൂചന ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇത് ബോധ്യമായത്.
ഇതേതുടർന്ന് കസ്റ്റംസിന്റെ പ്രത്യേക സംഘം കോട്ടയത്ത് പ്രതിക്കായി തിരച്ചിൽ തുടങ്ങി. ഇയാളെ പിടികൂടിയാൽ മാത്രമെ കേരളത്തിലെ കുഴൽപണ സംഘത്തിന്റെ വ്യാപ്തി മനസിലാക്കുവാൻ കഴിയുകയുള്ളു, പന്തൽ നിർമാണ തൊഴിലാളിയായിരുന്ന വിഷ്ണുവിനെ വിദേശത്ത് തൊഴിൽ വാഗ്ദാനം നൽകി കോട്ടയം സ്വദേശിയാണ് ഈ വർഷം ആദ്യം പാസ്‌പോർട്ട് എടുപ്പിച്ചത്. ഇയാളാണ് ചാലക്കുടിയിൽ വച്ച് വിഷ്ണുവിന് കറൻസി സൂക്ഷിച്ചിരുന്ന ലഗേജ് കൈമാറിയത്. ഷാർജ വിമാനത്താവളത്തിൽ എത്തുമ്പോൾ ഒരാൾ വന്ന് ഏറ്റുവാങ്ങും എന്നാണ് അറിയിച്ചത്. ഷാർജയിലേക്കുള്ള വിമാന ടിക്കറ്റും വിസയുമെല്ലാം ഇയാൾ സൗജന്യമായി നൽകി.
വിഷ്ണുവിന്റെ മൊഴി കസ്റ്റംസ് പൂർണമായി വിശ്വസിച്ചിട്ടില്ലെങ്കിലും ആദ്യഘട്ടമെന്ന നിലയിൽ ഈ മൊഴി കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇതേതുടർന്നാണ് കസ്റ്റംസ് കമ്മീഷണർ സുമിത് കുമാറിന്റെ നിർദ്ദേശപ്രകാരം പ്രത്യേക സംഘം കോട്ടയത്ത് തിരച്ചിൽ ആരംഭിച്ചത്. കോട്ടയം സ്വദേശിയുടെതെന്ന് പറഞ്ഞ് വിഷ്ണു നൽകിയ മൊബൈൽ ഫോണിൽ കസ്റ്റംസ് ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല. എന്നാൽ, കോട്ടയം ജില്ലക്കാരന്റെ പേരിലാണ് നമ്പർ എന്ന് വ്യക്തമായിട്ടുണ്ട്.
വ്യാഴാഴ്ച്ച പുലർച്ചെയാണ് ഷാർജയിലേക്ക് 1.33 കോടിയോളം രൂപയുടെ വിദേശ കറൻസി കടത്താൻ ശ്രമിക്കുന്നതിനിടെ വിഷ്ണു പിടിയിലായത്. ഇയാളെ കൊച്ചി സാമ്പത്തിക കുറ്റാന്വേഷണ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഷാർജയിലേക്ക് പോകുന്ന എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ യാത്രക്കാരനായിരുന്നു വിഷ്ണു. സുരക്ഷാ പരിശോധനക്കിടെയാണ് പിടിയിലായത്. സി.ടി എക്‌സ് യന്ത്രം ഉപയോഗിച്ചുള്ള ചെക്ക്- ഇൻ ബാഗേജ് പരിശോധനയിലാണ് കറൻസി കടത്തിന്റെ സൂചന ലഭിച്ചത്. തുടർന്നാണ് കസ്റ്റംസ് എയർ ഇന്റലിജൻസ് വിഭാഗത്തെ വിവരമറിയിച്ചത്. കുവൈറ്റ് ദിനാർ, ഒമാൻ റിയാൽ, സൗദി റിയാൽ, യു.എസ് ഡോളർ, യു.എ.ഇ ദിർഹം, ബഹ്‌റൈൻ ദിനാർ തുടങ്ങിയ വിദേശ കറൻസികളായിരുന്നു കൈവശം ഉണ്ടായിരുന്നത്.
ബുധനാഴ്ച്ച 11 കോടിയോളം രൂപയുടെ വിദേശ കറൻസിയുമായി അഫ്ഗാൻ സ്വദേശി യൂസഫ് മുഹമ്മദ് സിദ്ദിഖ് നെടുമ്പാശേരിയിൽ പിടിയിലായിരുന്നു. ദൽഹിയിൽ നിന്നും കൊച്ചി വഴി ദുബായിലേക്ക് പോകുന്ന എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാരനായിരുന്നു. കൊച്ചിയിൽ വച്ച് വിമാനം തകരാറിലായതിനെ തുടർന്ന് അടുത്ത ദിവസം എമിറേറ്റ്‌സ് വിമാനത്തിൽ മാറ്റി കയറ്റുമ്പോഴാണ് കറൻസി കണ്ടെത്തിയത്. ഇയാളും റിമാൻഡിലാണ്. ഈ കേസിന്റെ അന്വേഷണം സ്‌പെഷ്യൽ ഇന്റലിജൻസ് ആന്റ് ഇൻവെസ്റ്റിഗേഷൻ ബ്രാഞ്ച് (എസ്.ഐ.ഐ.ബി) ഏറ്റെടുത്തിട്ടുണ്ട്. ഈ കേസിന്റെ അന്വേഷണം ദൽഹി കേന്ദ്രീകരിച്ചാണ് നടക്കുന്നത്. കറൻസി കടത്തിന് പിന്നിൽ തീവ്രവാദ ബന്ധമുണ്ടെന്ന് ബോധ്യമായാൽ കേസ് എൻ.ഐ.എ ഏറ്റെടുക്കും. മാത്രമല്ല, പ്രതി യൂസഫ് മുഹമ്മദ് സിദ്ദിഖ് ആറ് മാസത്തിനിടെ 11 തവണ ദൽഹിയിലെത്തി മടങ്ങിയെന്ന് വിവരം ലഭിച്ചതിനാൽ ഇയാൾക്കെതിരെ കോഫേപോസ വകുപ്പ് ചുമത്താനും സാധ്യതയുണ്ട്.