നെടുമ്പാശ്ശേരി - വിവിധ ആഘോഷങ്ങളുടെയും സ്‌ക്കൂൾ അവധികളുടെയും ഈ കാലയളവിൽ കുടുംബമായി നാട്ടിലേയ്ക്ക് വരുന്ന പ്രവാസികളെ വിമാന കമ്പനികൾ പിഴിയുന്നു. ഗൾഫ് നാടുകളിൽ കുറഞ്ഞ വേതനത്തിന് ജോലി ചെയ്യുന്നവരാണ് ഇതുമൂലം ഏറ്റവും ബുദ്ധിമുട്ട് അനുഭവിക്കുന്നത്. ഈസ്റ്റർ, വിഷു, റമദാൻ കാലയളവ് തുടങ്ങിയതോടെയാണ് ടിക്കറ്റ് നിരക്ക് വർധിപ്പിച്ച് ഗൾഫ് മേഖലയിൽ നിന്നുള്ളവർക്ക് തിരിച്ചടി നൽകുന്നത്.
കേരളത്തിൽ അവധി തുടങ്ങിയതും ഗൾഫ് നാടുകളിൽ സ്‌ക്കൂൾ അവധി വരാൻ പോകുന്നതും ടിക്കറ്റ് നിരക്ക് ഇനിയും കൂടുവാൻ ഇടയാക്കും. ഗൾഫിലെ വിവിധ വിമാനത്താവളങ്ങളിൽ നിന്നും കേരളത്തിലേയ്ക്കുള്ള ടിക്കറ്റ് നിരക്ക് ഇരട്ടിയധികമാക്കിട്ടുണ്ട്. പെരുന്നാൾ സീസൺ ആരംഭിക്കുന്നതിന് മുമ്പ് പരമാവധി 7500 രൂപയായിരുന്നത് ഇപ്പോൾ 15000 ത്തിൽ അധികമാണ്. ഈദ് അവധിയാകുമ്പോൾ വീണ്ടും വർധിക്കുമെന്നാണ് അറിയുന്നത്. വിദേശ വിനോദ സഞ്ചാരികളുടെ വരവും ഈ കാലയളവിലാണ്.
കേരളത്തിലെ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ എന്നീ വിമാനത്താവളങ്ങളിലേയ്ക്കുള്ള ടിക്കറ്റ് നിരക്കാണ് പ്രധാനമായും വർധിപ്പിച്ചിട്ടുള്ളത്. ഒരാൾക്ക് ഈ കാലയളവിൽ ഗൾഫിൽനിന്ന് നാട്ടിൽ വന്നു പോകുന്നതിന് മൊത്തം അരലക്ഷം രൂപ ചെലവാക്കേണ്ടി വരുമെന്ന് പ്രവാസി സംഘടന ഭാരവാഹികൾ പറയുന്നു.
കേരളത്തിലെ വിമാനത്താവളങ്ങളിൽ നിന്നും ചാർട്ടർ ഫ്‌ളൈറ്റ് നടത്താൻ അനുവദിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് ആവശ്യപ്പെട്ടുവെങ്കിലും അനുകൂലമായ പ്രതികരണം ഉണ്ടായിട്ടില്ല. വിമാന കമ്പനികളുടെ ചൂഷണത്തിൽ നിന്നും പ്രവാസികൾക്ക് ആശ്വാസം കിട്ടുന്ന നിർദ്ദേശമായിരുന്നു ഇത്.
ഗൾഫ് മേഖലയിൽ നിന്നും കൊച്ചിയിലേയ്ക്കുള്ള പുതുക്കിയ വിമാന ടിക്കറ്റ് നിരക്ക് ശരാശരി 19,000 രൂപയും, കോഴിക്കോട്ടേയ്ക്ക് 23,000 രൂപയും, കണ്ണൂരിലേയ്ക്ക് 20,650 രൂപയും, തിരുവനന്തപുരത്തേയ്ക്ക് 22,000 രൂപയുമാണ്. സൗദി അറേബ്യയിൽ നിന്ന് കൊച്ചിയിലേയ്ക്ക് മറ്റ് വിമാനത്താവളങ്ങൾ വഴിയുള്ള നിരക്ക് 31200 രൂപയും, കോഴിക്കോട്ടേയ്ക്ക് നേരിട്ട് 22,000 രൂപയും, കണ്ണൂരിലേയ്ക്ക് നേരിട്ട് 36,400 രൂപയും, മറ്റ് വിമാനത്താവളങ്ങൾ വഴി 39,000 രൂപയും തിരുവനന്തപുരത്തേയ്ക്ക് മറ്റ് വിമാനത്താവളം വഴി 32,000 രൂപയുമാണ് നിലവിലുള്ളത്. ദോഹ, ബഹ്‌റൈൻ എന്നിവിടങ്ങളിൽ നിന്ന് കൊച്ചിയിലേയ്ക്ക് നേരിട്ട് 28,000 രൂപയും കോഴിക്കോട്ടേയ്ക്ക് മറ്റ് വിമാനത്താവളങ്ങൾ വഴി 34,000 രൂപയും കണ്ണൂരിലേയ്ക്ക് നേരിട്ട് 24,000 രൂപയും, തിരുവനന്തപുരത്തേയ്ക്ക് മറ്റ് വിമാനത്താവളങ്ങൾ വഴി 23,000 രൂപയുമാണ്. ടിക്കറ്റ് ബുക്കിംഗ് ഓൺലൈൻ വഴിയായതിനാൽ ദിവസേന നിരക്കുകളിൽ വർദ്ധനവ് ഉണ്ടാകും. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ എയർലൈൻസുകളുടെ പകൽകൊള്ളയ്ക്കു നേരേ കണ്ണടക്കുകയാണെന്ന് ആരോപണമുണ്ട്.