Sorry, you need to enable JavaScript to visit this website.

കാർഷിക സർവകലാശാലയുടെ ബനാന സക്കറിനും കൂർക്ക ഗ്രൈൻഡറിനും പേറ്റന്റ്

വാഴക്കന്ന് പിഴുതെടുക്കുന്ന ബനാന സക്കർ
കൂർക്ക ഗ്രൈൻഡർ

കൊച്ചി- അധ്വാനം ലഘൂകരിക്കുന്നതിനായി കേരള കാർഷിക സർവ്വകലാശാല വികസിപ്പിച്ചെടുത്ത രണ്ട് യന്ത്രങ്ങൾക്ക് പേറ്റന്റ് ലഭിച്ചു. വാഴ കന്നു പിഴുതെടുക്കുന്ന യന്ത്രത്തിനും കൂർക്കയുടെ തൊലി കളയുന്ന യന്ത്രത്തിനുമാണ് കാർഷിക സർവ്വകലാശാലയ്ക്ക് പേറ്റന്റ് ലഭിച്ചത്. വാഴക്കന്നു പിഴുതെടുക്കുന്ന യന്ത്രം ഉപയോഗിച്ച് വാഴക്കന്നുകൾക്ക് കേടുവരാതെ മാതൃസസ്യത്തിൽ നിന്നും പിഴുതെടുക്കുന്നതിനു സാധിക്കും. കൃഷിയിടങ്ങളിൽ ഉപയോഗിക്കുന്ന ട്രാക്ടർ പോലുള്ള ഹൈഡ്രോളിക്  യന്ത്രങ്ങളിൽ നേരിട്ടോ അല്ലാതെയോ ബന്ധിപ്പിച്ച് ഈ യന്ത്രം ഉപയോഗിക്കാം. ഒരു ഹൈഡ്രോളിക് സിലിണ്ടർ, കൊഴു ഹൈഡ്രോളിക് പൈപ്പ്, നിയന്ത്രണ വാൽവ് എന്നിവയാണ് ഈ യന്ത്രത്തിന്റെ ഭാഗങ്ങൾ. ട്രാക്ടറിനോടു ബന്ധിപ്പിച്ചിട്ടുള്ള കൊഴു മണ്ണിൽ താഴ്ത്തി വാഴക്കന്നുകൾ പിഴുതെടുക്കുകയാണ് ചെയ്യുന്നത്. ഒരു ദിവസം180 വാഴകളിൽ നിന്നും ഈ യന്ത്രം ഉപയോഗിച്ച് വാഴ കന്നുകൾ പിഴുതു മാറ്റാം. വാഴ കന്നുകൾ പിഴുതു മാറ്റുന്നതിനുള്ള ചിലവ് ഈ യന്ത്രം ഉപയോഗിച്ച് നാലിൽ മൂന്നായി കുറയ്ക്കാൻ സാധിക്കും.


വീടുകളിൽ ഉപയോഗിക്കുന്ന ഗ്രൈൻഡറിൽ ഘടിപ്പിക്കാവുന്ന ഒരു യന്ത്രം ആണ് കൂർക്കയുടെ തൊലി കളയുന്നതിനുള്ളത്. കൂർക്കയുടെ തൊലി കളയുന്ന പീലിംഗ് യൂനിറ്റും നിയന്ത്രണ ദണ്ഡുമാണ് ഈ യന്ത്രത്തിന്റെ ഭാഗങ്ങൾ. കൂർക്കയുടെ തൊലി കൂടുതൽ കളയുന്നതും എന്നാൽ പൊട്ടൽ നിയന്ത്രിക്കുകയും ചെയ്യുന്ന രീതിയിലാണ് ഈ യന്ത്രത്തിന്റെ രൂപകൽപ്പന.  കൂർക്ക തൊലിയോട് കൂടി ഈ യന്ത്രത്തിൽ ഇട്ടുകൊടുത്ത് വെള്ളം  ഒഴിച്ച് യന്ത്രം പ്രവർത്തിപ്പിക്കാം. ഒരു മണിക്കൂറിൽ 15 കിലോ കൂർക്ക ഈ യന്ത്രം ഉപയോഗിച്ച് തൊലി കളഞ്ഞെടുക്കുന്നതിന് സാധിക്കും. കൂർക്ക കൂടാതെ ചെറുകിഴങ്ങ്, ചക്കക്കുരു എന്നിവയും ഈ യന്ത്രം ഉപയോഗിച്ച് തൊലി കളയാം. കാർഷിക സർവ്വകലാശാലക്കു കീഴിലുള്ള തവന്നൂരിലെ കേളപ്പജി കാർഷിക എൻജിനീയറിംഗ് കോളേജിലെ ഫാക്കൽറ്റി ഡീൻ ഡോ. ജയൻ പി.ആർ, വിദ്യാർഥികളായ ഹരികൃഷ്ണൻ എം, അശ്വതി വി, റിസർച്ച് അസിസ്റ്റന്റ് കെ.ആർ. അജിത് കുമാർ എന്നിവർ വാഴ കന്നു പിഴുതെടുക്കുന്ന യന്ത്രം വികസിപ്പിക്കുന്നതിനും ഡോ. ജയൻ പി.ആർ, ഡോ. ടി.ആർ. ഗോപാലകൃഷ്ണൻ എന്നിവർ കൂർക്കയുടെ തൊലി കളയുന്ന യന്ത്രം വികസിപ്പിക്കുന്നതിനും നേതൃത്വം നൽകി.

 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News