കോട്ടയം- കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ മാണിയുടെ മകന്‍ ഓടിച്ച ഇന്നോവ ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ടു സഹോദരന്മാര്‍ മരിച്ചതോടെ അത്താണി നഷ്ടമായത് ഒരു കുടുംബത്തിന്.
കറിക്കാട്ടൂര്‍ പതാലിപ്ലാവ് കുന്നുംപുറത്തുതാഴെ യോഹന്നാന്റെയും സിസമ്മയുടെയും മക്കളായ മാത്യു ജോണ്‍ (ജിസ്35), ജിന്‍സ് ജോണ്‍ (30) എന്നിരാണു മരിച്ചത്. നിയന്ത്രണം തെറ്റിയെത്തിയ ഇന്നോവ ഇരുവരും സഞ്ചരിച്ചിരുന്ന ആക്ടീവ സ്‌കൂട്ടറില്‍ ഇടിച്ചാണ് അപകടമുണ്ടായത്.
മരിച്ച സഹോദരങ്ങള്‍ അലുമിനിയം ഫേബ്രിക്കേഷന്‍ തൊഴിലാളികളാണ്. ജിന്‍സ് അവിവാഹിതനാണ്.
അഞ്ചുവര്‍ഷം മുമ്പു വിവാഹിതരായ ജിസ്-അന്‍സു ദമ്പതികള്‍ക്കു നീണ്ട നാളത്തെ ചികില്‍സയ്ക്കു ശേഷം കുഞ്ഞ് പിറക്കാനിരിക്കെയാണു ജിസിന്റെ വിയോഗം. മൂന്നു മാസം ഗര്‍ഭിണിയാണ് അന്‍സു. ശനിയാഴ്ച രാവിലെ അന്‍സു ജോലി ചെയ്യുന്ന പൊന്‍കുന്നത്തെ സ്വകാര്യ ആശുപത്രിയില്‍ സ്‌കാനിങ്ങ് നടത്തി വീട്ടിലെത്തിയ ശേഷം ജിസ് അനിയന്‍ ജിന്‍സുമായി കറുകച്ചാലിലുള്ള അമ്മയുടെ സഹോദരങ്ങളെ സന്ദര്‍ശിച്ച ശേഷം വീട്ടിലേക്ക് മടങ്ങവേയാണു ദുരന്തമുണ്ടായത്.
നാട്ടുകാര്‍ക്കും ഏറെ പ്രിയപ്പെട്ടവരാണു ജിസും ജിന്‍സും. എല്ലാകാര്യങ്ങളിലും പുഞ്ചിരിയോടെ ഓടിയെത്തിയിരുന്ന ഇരുവരും ഇനിയില്ലെന്നു വിശ്വസിക്കാനാവുന്നില്ല.മിതമായ വേഗത്തില്‍ മാത്രം സൂക്ഷിച്ചു വാഹനം ഓടിച്ചിരുന്ന ജിസിന് അപകടമുണ്ടായത് വിശ്വസിക്കാനാവുന്നില്ല.
പാവപ്പെട്ട കുടുംബത്തിന്റെ പ്രതീക്ഷയാണ് ഇല്ലാതായത്. മേസ്തിരി പണിക്കാരനായ യോഹന്നാനും(62) സിസമ്മയ്ക്കും (60) രണ്ടു മക്കളേയും നഷ്ടമായതോടെ കുടുംബത്തിന്റെ സ്വപ്‌നങ്ങളാണു ഇല്ലാതായത്. വാടകയ്ക്ക് താമസിക്കുന്ന ജിസിന്റെ സ്വപ്‌നമായിരുന്നു സ്വന്തമായൊരു വീട്. ഇതിനായി ആറു സെന്റ് സ്ഥലത്തിന് അഡ്വാന്‍സ് നല്‍കിയിരുന്നു.