Sorry, you need to enable JavaScript to visit this website.

എം.വി ഗോവിന്ദന് കെ.കെ രമയുടെ വക്കീൽ നോട്ടീസ്, മാനനഷ്ട കേസ് നൽകും

കോഴിക്കോട്- നിയമസഭയിലുണ്ടായ സംഘർഷത്തിൽ കൈക്ക് പരിക്കേറ്റ കെ.കെ രമ എം.എൽ.എയെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ സാമൂഹ മാധ്യമങ്ങളിലും മറ്റും പ്രചാരണം നടത്തിയ സംഭവത്തിൽ കെ.കെ. രമ എം.എൽ.എ മാനനഷ്ട കേസ് നൽകുന്നു. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, ദേശാഭിമാനി പത്രം, സച്ചിൻ ദേവ് എം.എൽ.എ എന്നിവർക്ക് കെ.കെ രമ വക്കീൽ നോട്ടീസ് അയച്ചു. 
നോട്ടീസ് ലഭിച്ച് 15 ദിവസത്തിനുള്ളിൽ മറുപടി നൽകുകയും പരസ്യമായി മാപ്പ് പറയുകയും ചെയ്തില്ലെങ്കിൽ ഒരു കോടി രൂപയുടെ മാനനഷ്ടകേസും ക്രിമിനൽ കേസും ഫയൽ ചെയ്യുമെന്ന് നോട്ടീസിൽ മുന്നറിയിപ്പ് നൽകി. അഡ്വ. പി.കുമാരൻകുട്ടി മുഖേനയാണ് നോട്ടീസ് അയച്ചത്.
നിയമസഭാ സംഘർഷത്തിൽ തനിക്കെതിരെ വ്യാജ പ്രചരണം നടത്തുന്നുവെന്നാരോപിച്ച് സി.പി.എമ്മിലെ
സച്ചിൻ ദേവ് എം.എൽ.എക്കെതിരേ കെ.കെ രമ എം.എൽ.എ സ്പീക്കർക്കും സൈബർ സെല്ലിനും നേരത്തെ പരാതി നൽകിയിരുന്നു. കൈ പൊട്ടിയില്ല എന്ന പേരിൽ വ്യാജ പ്രചാരണം നടത്തുന്നുവെന്നും സമൂഹ മാധ്യമങ്ങളിൽ അപമാനിക്കുന്നുവെന്നും സ്‌ക്രീൻ ഷോട്ട് സഹിതമാണ് പരാതി നൽകിയത്. 
തനിക്കെതിരെ അപവാദ പ്രചാരണമാണ് നടക്കുന്നത്. വിവിധ സ്ഥലങ്ങളിലെ ഫോട്ടോകൾ ചേർത്ത് കള്ളം പ്രചരിപ്പിക്കുന്നു. സച്ചിൻദേവിന് എന്നോട് നേരിട്ട് ചോദിക്കാമായിരുന്നു. പകരം അവാസ്തവമായ കാര്യങ്ങൾ പ്രചരിപ്പിക്കുകയാണ്. എം.എൽ.എയെ പോലൊരാൾ ഇങ്ങനെ ചെയ്യുന്നത് ശരിയല്ല. ആദ്യം പ്ലാസ്റ്ററിട്ടു, പിന്നെ 10 മിനിറ്റിനകം പ്ലാസ്റ്റർ മാറ്റി സ്ലിങ് ഇട്ടു. കൈ ചൂണ്ടി സംസാരിക്കുന്നു എന്നിങ്ങനെയാണ് വ്യാജ നിർമിതി ആരോപണമെന്നും അവർ പറഞ്ഞു.
വീഡിയോ കണ്ടാൽ ആളുകൾക്കറിയാം എന്താണ് സംഭവിച്ചതെന്ന്. ഭരണപ്രതിപക്ഷ എം.എൽ.എമാർ ഉള്ളിടത്ത് ഒരു വ്യക്തിയെ മാത്രം വളഞ്ഞിട്ട് ആക്രമിക്കുകയാണുണ്ടായത്. നിയമസഭയിലെ ഡോക്ടറാണ് പരിശോധിക്കുന്നത്. ബി.പി കൂടുതലായിരുന്നു. കൈക്ക് നീരുണ്ടെന്ന് പറഞ്ഞ് നിയമഭയിലെ ഡോക്ടറാണ് കൈക്ക് സ്ലിങ് ഇട്ടത്. ഡോക്ടറുടെ നിർദ്ദേശപ്രകാരമാണ് ജനറൽ ആശുപത്രിയിലേക്ക് പോയത്. നിയമസഭയിലെ ക്ലിനിക്കിലെ ജീവനക്കാരൻ കൂടി കൂടെ വന്നു. ഡോക്ടർ എക്‌സറെ എടുക്കാൻ ആവശ്യപ്പെട്ടു. അത് എടുത്തതിന് ശേഷം ഓർത്തോ ഡോക്ടറെ കണ്ടു. ഞാൻ എക്‌സറെ എടുക്കാൻ ആവശ്യപ്പെട്ടുവെന്നാണ് പറയുന്നത്. എന്നാൽ സർക്കാർ ആശുപത്രിയിലെ ഡോക്ടർ ഒറ്റയ്ക്കല്ല, നഴ്‌സ്മാർ അടക്കം നിരവധി പേരുണ്ട്. ഡോക്ടറാണ് പ്ലാസ്റ്ററിടാൻ പറഞ്ഞത്. ബാഗ് പോരെ എന്ന് ഞാൻ ചോദിച്ചെങ്കിലും നീരുണ്ടെന്ന് പറയുകയും പിടിച്ചപ്പോൾ എനിക്ക് വേദനിക്കുകയുമുണ്ടായി. ഇതോടെയാണ് ഡോക്ടർ പ്ലാസ്റ്റർ വേണമെന്ന് നിർബന്ധിച്ചത്. എക്‌സറേ എടുത്തിട്ട് അതിൽ പൊട്ടുണ്ടോ എന്ന് നോക്കാൻ നമുക്ക് അറിയില്ല. ഡോക്ടർക്കാണ് അറിയുന്നത്. അവർ പറഞ്ഞതനുസരിച്ചാണ് പ്ലാസ്റ്ററിട്ടതെന്നും കെ.കെ രമ നേരത്തെ വിശദീകരിച്ചു.
 

Latest News