തിരുവനന്തപുരം- സംസ്ഥാനത്തെ വിനോദ സഞ്ചാര രംഗത്ത് ആദ്യ പാദത്തിൽ വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ വൻ വർധനവ്. ആദ്യ മൂന്ന് മാസം 17.87 ശതമാനത്തിന്റെ വളർച്ചയാണ് രേഖപ്പെടുത്തിയത്. ഈ മൂന്നു മാസങ്ങളിൽ 6,54,854 വിനോദ സഞ്ചാരികളാണ് കഴിഞ്ഞ വർഷത്തെക്കാൾ അധികമായി സംസ്ഥാനത്തെത്തിയത്.
ഇത് ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണ്. കഴിഞ്ഞ വർഷത്തെ ആദ്യ മൂന്ന് മാസത്തിൽ 36,63,552 പേരെത്തിയപ്പോൾ 2018 ൽ ഇതേ കാലഘട്ടത്തിൽ 43,18,406 പേരാണ് എത്തിയത്. ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണത്തിൽ 18.57 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. 2017 ൽ 12 മാസം കൊണ്ട് ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണത്തിൽ 15 ലക്ഷം വർധന ഉണ്ടായപ്പോൾ 2018 ലെ ആദ്യ മൂന്ന് മാസങ്ങളിൽ ആറു ലക്ഷത്തിന്റെ വർധന ഉണ്ടായി.
ഏറ്റവും കൂടുതൽ ശതമാന വർധന ഉണ്ടായത് മൂന്നാർ ഉൾപ്പെടുന്ന ഇടുക്കി ജില്ലയിലാണ് -38.89 ശതമാനം. തൊട്ടടുത്ത് 37.28 ശതമാനം വർധനയുമായി ആലപ്പുഴയാണ് രണ്ടാം സ്ഥാനത്ത്. ഏറ്റവും കൂടുതൽ ആഭ്യന്തര വിനോദ സഞ്ചാരികൾ എത്തിയത് എറുണാകുളം ജില്ലയിലാണ്. ഇവിടെ 8.88 ലക്ഷം പേർ. തിരുവനന്തപുരത്ത് 6.93 ലക്ഷം പേരുമായി തിരുവനന്തപുരം രണ്ടാം സ്ഥാനത്ത് എത്തി. എണ്ണത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് തിരുവനന്തപുരത്ത് 1.3 ലക്ഷം പേരുടെ വർധനവ് ഉണ്ടായി. ഏറ്റവും കുറവ് വർധന രേഖപ്പെടുത്തിയത് കൊല്ലത്താണ്, 4.36 ശതമാനം.
ഈ കാലയളവിൽ വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തിൽ 12.13 ശതതമാനം വർധനവാണ് ഉണ്ടായത്. ആദ്യ മൂന്ന് മാസം കൊണ്ട് 47,656 വിദേശ ടൂറിസ്റ്റുകൾ അധികമായി സംസ്ഥാനത്തെത്തി. 2017 ലെ 12 മാസം കൊണ്ട് അധികമായി എത്തിയത് 53,451 പേരാണ്. ഏറ്റവും കൂടുതൽ വിദേശികൾ എത്തിയതും എറുണാകുളം ജില്ലയിലാണ്. 1,92,000 (22,186 പേർ അധികമായെത്തി). തിരുവനന്തപുരത്ത് എത്തിയ വിദേശ സഞ്ചാരികളുടെ എണ്ണത്തിൽ 4.5 ശതമാനത്തിന്റെ കുറവുമുണ്ട്. അതേസമയം ഇടുക്കി (60.91 ശതമാനം), കോട്ടയം (44.14 ശതമാനം), ആലപ്പുഴ (34.02 ശതമാനം) എന്നിവിടങ്ങളിൽ കൂടുതൽ വളർച്ചയും രേഖപ്പെടുത്തിയിട്ടുണ്ട്.
ടൂറിസ്റ്റുകളുടെ എണ്ണത്തിലെ ആദ്യ അഞ്ച് സ്ഥാനം ജില്ലകൾ തിരിച്ച് ബ്രാക്കറ്റിൽ: 2017 ലെ ആദ്യ മൂന്ന് മാസത്തെ കണക്കും. ആഭ്യന്തര ടൂറിസ്റ്റുകൾഎറുണാകുളം 8,87,922 (7,91,569), തിരുവനന്തപുരം 6,93,231 (5,60,284), തൃശൂർ 6,07,333 (5,82,848), കോഴിക്കോട് 2,76,188 ( 2,05,346 ), ഇടുക്കി. 2,48,057 ( 1,78,596), വിദേശ ടൂറിസ്റ്റുകൾ എറുണാകുളം 1,92,000(1,70,000), തിരുവനന്തപുരം 1,36,000 (1,43,000), ആലപ്പുഴ, 50,975 ( 37,986), കോട്ടയം 15,964 (11,077), ഇടുക്കി 15,090 (9378)
2016 വരെ ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്തായിരുന്ന തൃശൂർ 2017 ൽ രണ്ടാം സ്ഥാനത്തും 2018 ൽ മൂന്നാം സ്ഥാനത്തേക്കും പിന്തള്ളപ്പെട്ടു.