Sorry, you need to enable JavaScript to visit this website.

സൗദി, ഒമാൻ സംയുക്ത സംഘം സൻആയിൽ 

റിയാദ് - എട്ടു വർഷമായി തുടരുന്ന യെമൻ സംഘർഷത്തിന് വൈകാതെ അറുതിയായേക്കുമെന്ന പ്രതീക്ഷ ലോകത്തിന് നൽകി യെമനിലെ സൗദി അംബാസഡർ മുഹമ്മദ് ആലുജാബിറിന്റെ നേതൃത്വത്തിലുള്ള സൗദി, ഒമാൻ സംയുക്ത സംഘം സൻആയിലെത്തി. ഹൂത്തി നേതാവ് മഹ്ദി അൽമുശാത്തുമായി സംഘം കൂടിക്കാഴ്ചയും ചർച്ചയും നടത്തി. യെമനിൽ ശാശ്വത വെടിനിർത്തൽ കരാർ ഒപ്പുവെക്കാനും സമഗ്ര രാഷ്ട്രീയ പരിഹാരത്തിനും വഴിയൊരുക്കാൻ ശ്രമിച്ചാണ് സൗദി, ഒമാൻ സംയുക്ത സംഘം സൻആയിലെത്തിയത്. 
ശാശ്വത വെടിനിർത്തൽ കരാറിന്റെ കാര്യത്തിൽ പരസ്പര ധാരണയിലെത്തുന്ന പക്ഷം ഇതേ കുറിച്ച് ബന്ധപ്പെട്ട കക്ഷികൾ ഏപ്രിൽ 20 ന് ആരംഭിക്കുന്ന ഈദുൽ ഫിത്ർ അവധിക്കു മുമ്പ് പരസ്യപ്പെടുത്തുമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. യെമനിലെ മുഴുവൻ തുറമുഖങ്ങളും എയർപോർട്ടുകളും തുറക്കൽ, സർക്കാർ ജീവനക്കാരുടെ വേതന വിതരണം, പുനർനിർമാണം, അധികാര മാറ്റം എന്നിവയിൽ ഊന്നിയാണ് സൗദി, ഒമാൻ സംഘവും ഹൂത്തികളും ചർച്ചകൾ നടത്തുക. 
യു.എൻ മേൽനോട്ടത്തിൽ യെമൻ പ്രതിസന്ധിക്ക് സമഗ്ര പരിഹാരം കാണാനുള്ള കരടു സമാധാന പദ്ധതി തയാറാക്കിവരികയാണ്. ഇത് അന്തിമ ഘട്ടത്തിലാണ്. ശാശ്വത വെടിനിർത്തൽ, മുഴുവൻ സമുദ്ര, കര, വ്യോമ അതിർത്തികളും തുറക്കൽ, സെൻട്രൽ ബാങ്ക് ലയനത്തിന് സമിതികൾ രൂപീകരിക്കൽ, തടവുകാരെയും ബന്ദികളെയും പരസ്പരം കൈമാറൽ എന്നീ നാലു ഘട്ടങ്ങൾ അടങ്ങിയതാണ് യു.എൻ കരടു സമാധാന പദ്ധതി. ഇതിനു ശേഷം ഭരണമാറ്റ പ്രക്രിയ പൂർത്തിയാക്കും. 


ഏഴു വർഷം നീണ്ട ഇടവേളക്കു ശേഷം നയതന്ത്രബന്ധം പുനഃസ്ഥാപിക്കാൻ സൗദി അറേബ്യയും ഇറാനും ചൈനയുടെ മധ്യസ്ഥതയിൽ കഴിഞ്ഞ മാസം കരാർ ഒപ്പുവെച്ചത് യെമൻ സംഘർഷത്തിന് അന്ത്യമുണ്ടാക്കാൻ സഹായിക്കുമെന്നാണ് വ്യാപകമായി വിലയിരുത്തപ്പെടുന്നത്. യെമൻ സംഘർഷത്തിന് ശാശ്വത പരിഹാരം കാണാനുള്ള താൽപര്യം ഇറാനും സൗദി അറേബ്യയും വ്യക്തമാക്കിയിട്ടുണ്ട്. 2014 അവസാനത്തിലാണ് നിയമാനുസൃത ഗവൺമെന്റിനെ അട്ടിറിച്ച് ഹൂത്തികൾ സൻആ പിടിച്ചടക്കിയത്. ഇതേ തുടർന്ന് യെമൻ ഗവൺമെന്റ് ആസ്ഥാനം ഏദനിലേക്ക് മാറ്റുകയായിരുന്നു. 
സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേനയുടെ ശക്തമായ പിന്തുണയോടെ യെമന്റെ 85 ശതമാനത്തിന്റെയും നിയന്ത്രണം വരുതിയിലാക്കാൻ യെമൻ ഗവൺമെന്റിന് സാധിച്ചിട്ടുണ്ട്. എന്നാൽ തലസ്ഥാന നഗരയിയായ സൻആ അടക്കമുള്ള പ്രദേശങ്ങളിൽ നിന്ന് ഹൂത്തികളെ തുരത്താൻ നിയമാനുസൃത ഗവൺമെന്റിന് ഇതുവരെ സാധിച്ചിട്ടില്ല. 

 

Latest News