- വീട് വെച്ച് നൽകിയില്ല, നൽകിയ ചെക്കുകളിൽ ഒന്ന് മടങ്ങി
കോഴിക്കോട്- ഹൈദരാബാദ് സർവകലാശാലയിൽ പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത രോഹിത് വെമൂലയുടെ കുടുംബത്തിന് മുസ്‌ലിം യൂത്ത് ലീഗ് വാഗ്ദാനം ചെയ്ത വീട് ഇനിയും പൂർത്തിയായില്ല. നൽകാമെന്നേറ്റ 20 ലക്ഷം രൂപ കിട്ടിയിട്ടില്ലെന്ന് രോഹിത് വെമൂലയുടെ അമ്മ രാധിക വെമൂല ചില മാധ്യമങ്ങളോട് പറയുകയും ചെയ്തു. നൽകിയ ചെറിയ തുകക്കുള്ള ചെക്കിൽ ഒന്ന് മടങ്ങിയതായും പരാതിയുണ്ട്.
2016 ജനുവരി 16 നാണ് ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്‌സിറ്റിയിലെ പി.എച്ച്ഡി വിദ്യാർഥിയും അംബേദ്കർ സ്റ്റുഡന്റ്‌സ് യൂണിയൻ നേതാവുമായ രോഹിത് വെമൂല ആത്മഹത്യ ചെയ്യുന്നത്. സ്‌കോളർഷിപ്പ് തടഞ്ഞും മറ്റും അധികൃതർ പീഡിപ്പിക്കുന്നുവെന്ന് വ്യക്തമാക്കിയാണ് ഈ ദളിത് യുവാവ് ആത്മഹത്യ ചെയ്തത്.
'സംഭവം നടന്ന് ഏതാനും ദിവസങ്ങൾക്കകം ഏതാനും എം.എസ്.എഫ് നേതാക്കൾ എന്നെ സന്ദർശിക്കുകയും സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തു. സ്വന്തം വീടില്ലാതിരുന്ന ഞങ്ങൾക്ക് വീട് നിർമ്മിച്ചു തരാമെന്ന് അറിയിക്കുകയും കേരളത്തിലെ വിവിധ മുസ്‌ലിം ലീഗ് പരിപാടികളിൽ പങ്കെടുപ്പിക്കുകയും ചെയ്തു. പക്ഷേ ഇതുവരെ വീട് ഉണ്ടായിട്ടില്ല. സി.കെ. സുബൈർ എന്ന ആളാണ് ഇക്കാര്യം ഞങ്ങളെ അറിയിച്ചതെന്നും വെമൂലയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു.
രോഹിത് വെമൂലയുടെ കുടുംബത്തിന് വീട് നിർമിച്ചു നൽകുമെന്ന വാഗ്ദാനത്തിൽ നിന്ന് പിറകോട്ട് പോയിട്ടില്ലെന്ന് മുസ്‌ലിം യൂത്ത്‌ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി സി.കെ സുബൈർ മലയാളം ന്യൂസിനോട് പറഞ്ഞു. വീട് വെക്കാനുള്ള സ്ഥലം റിട്ടയേർഡ് ഐ.എ.എസ്, ഐ.പി.എസ് ഓഫീസേഴ്‌സ് അസോസിയേഷൻ നൽകാമെന്ന് അറിയിച്ചതാണ്. അത് ഇതുവരെയും സാധ്യമായിട്ടില്ല. ഈ സാഹചര്യത്തിൽ സ്ഥലവും വീടും വാങ്ങുന്നതാകും ഉചിതമെന്ന് അറിയിക്കുകയും അതിനായി നീക്കം നടത്തുകയും ചെയ്തുവരികയാണ്.
വീട് വാങ്ങുന്നതിനുള്ള അഡ്വാൻസായി അഞ്ച് ലക്ഷം രൂപ രണ്ട് ചെക്കായി അയച്ചു കൊടുത്തുവെങ്കിലും ഒന്ന് എഴുത്തിലെ തകരാർ കാരണം മടങ്ങി. അതിന് പകരം തുക ഉടനെ എത്തിക്കുമെന്ന് അവരെ അറിയിച്ചതാണ്.
പണം നൽകാമെന്നല്ല, വീട് നിർമ്മിച്ചു നൽകാമെന്നാണ് യൂത്ത് ലീഗ് രോഹിത് വെമൂല കുടുംബത്തെ അറിയിച്ചത്. അതിൽ നിന്ന് പിറകോട്ട് പോയിട്ടില്ല. ഭൂമി ലഭിക്കില്ലെന്ന് വ്യക്തമായ സാഹചര്യത്തിൽ വീട് വാങ്ങാനുള്ള ശ്രമം നടന്നുവരികയാണെന്നും സുബൈർ അറിയിച്ചു.