കോഴിക്കോട് - എലത്തൂരില്‍ ട്രെയിനില്‍ തീയിട്ടത് താന്‍ ഒറ്റക്കാണെന്ന മൊഴി സംഭവത്തില്‍ പിടിയിലായ പ്രതി ഷാറൂഖ് സെയ്ഫി ആവര്‍ത്തിക്കുന്നതിനിടെ ശാസ്ത്രീയ പരിശോധനകളെ പ്രധാനമായും കേന്ദ്രീകരിച്ച് അന്വേഷണം നടത്താന്‍ പോലീസിന്റെ തീരുമാനം. കഴിഞ്ഞ നാല് ദിവസത്തോളമായുള്ള ചോദ്യം ചെയ്യലില്‍ തനിക്ക് ആരുടെയും സഹായം ലഭിച്ചിട്ടില്ലെന്ന മൊഴി ആവര്‍ത്തിക്കുകയാണ് പ്രതി ചെയ്യുന്നത്. എന്തിനാണ് തീവെച്ചതെന്ന ചോദ്യത്തിന് തനിക്ക് അങ്ങനെ തോന്നിയപ്പോള്‍ അത് ചെയ്തുവെന്നാണ് ഇയാള്‍ അന്വേഷണ സംഘത്തോട് പറയുന്നത്. എന്നാല്‍ ഈ മൊഴി പൂര്‍ണ്ണമായും തെറ്റാണെന്ന ബോധ്യം അന്വേഷണ സംഘത്തിനുണ്ട്. മലയാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ സഹായം പ്രതി ഷാറൂഖ് സെയ്ഫിക്ക് ലഭിച്ചിട്ടുണ്ടെന്ന ഉറച്ച നിലപാടില്‍ തന്നെയാണ് പോലീസ്. ആക്രമണത്തിനുള്ള കൃത്യമായ പരിശീലനം ലഭിക്കാത്തതുകൊണ്ട് മാത്രമാണ് ഇത് ഉദ്ദേശിച്ച രീതിയില്‍ നടപ്പാകാതെ പോയതെന്നാണ് അന്വേഷണ സംഘം കരുതുന്നത്. എന്നാല്‍ ഇതിനുള്ള വ്യക്തമായ തെളിവുകള്‍ ഒന്നും ലഭിച്ചിട്ടുമില്ല. ഇയാള്‍ ഉപയോഗിച്ചിരുന്ന ഫോണുകളുടെയും മറ്റും ശാസ്ത്രീയ പരിശോധന പൂര്‍ണ്ണമായാലേ കൂടുതല്‍ അന്വേഷണങ്ങളിലേക്ക് പോലീസിന് കടക്കാന്‍ സാധിക്കുകയുള്ളൂ. ഭീകരവാദികളുമായി ഷാറുഖ് സെയ്ഫിക്ക് ബന്ധമുണ്ടെന്ന് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ സ്ഥിരീകരിക്കുന്നുണ്ടെങ്കിലും അത് സംബന്ധിച്ച വ്യക്തമായ വിവരങ്ങള്‍ കേരളത്തിലെ അന്വേഷണ സംഘത്തിന് കൈമാറിക്കിട്ടിയിട്ടില്ല.
പ്രതിയെ പോലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്യാനായി കോടതി അനുവദിച്ച സമയ പരിധി പൂര്‍ത്തിയാകുന്നതിന് മുന്‍പ് തന്നെ പ്രതിയില്‍ നിന്ന് പരമാവധി വിവരങ്ങള്‍ കണ്ടെത്താനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. സംഭവ സ്ഥലത്തെത്തിയും തെളിവുകള്‍ ശേഖരിക്കേണ്ടതുണ്ട്. കൂടുതല്‍ വിവരങ്ങളും തെളിവുകളും ശേഖരിക്കാന്‍ സാധിച്ചില്ലെങ്കില്‍ കേസ് ദേശീയ തലത്തിലുള്ള അന്വേഷണത്തിനായി എന്‍. ഐ.എയ്ക്ക് കൈമാറാനുള്ള സാധ്യതയുമുണ്ട്. ഷാറുഖ് സെയ്ഫിയെ ഇന്ന് വീണ്ടും വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കും.