കൊച്ചി - എവിടെയോ ഒളിപ്പിച്ച വെളുത്ത ആഡംബര കാറിനായി പോലീസും എക്‌സൈസും കൊച്ചിയിലും പരസരത്തും അരിച്ചു പെറുക്കുകയാണ്. അത് കണ്ടെത്തിയേ മതിയാകൂ. കാരണം, നൂറ് കിലോഗ്രാമോളം കഞ്ചാവാണ് അതില്‍ ഒളിപ്പിച്ചു വെച്ചിരിക്കുന്നത്. കാറിനെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് ലഭിച്ചെങ്കിലും അത് എവിടെയാണ് പാര്‍ക്ക് ചെയ്തിരിക്കുന്നതെന്ന് മാത്രം കണ്ടെത്താന്‍ കഴിയുന്നില്ല. തൊണ്ടി സഹിതം കാര്‍ കസ്റ്റഡിയിലെടുക്കണം. അതിനായി നെട്ടോട്ടമോടുകയാണ് പോലീസ്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിതരണം ചെയ്യാനായി കഴിഞ്ഞ ദിവസം ആന്ധ്ര പ്രദേശില്‍ നിന്ന് ടാങ്കര്‍ ലോറിയിലെത്തിച്ച 520 കിലോഗ്രാം കഞ്ചാവില്‍ 177 കിലോഗ്രാം കാറില്‍ കടത്തുന്നതിനിടെ പള്ളുരുത്തിയില്‍ പോലീസും എക്‌സൈസും ചേര്‍ന്ന് പിടികൂടിയിരുന്നു. ബാക്കി വന്ന കഞ്ചാവ് വിവിധ സ്ഥലങ്ങളിലേക്ക് മാറ്റിയതായാണ് ഇവരില്‍ നിന്ന് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. ഇതില്‍ നൂറ് കിലോഗ്രാം കഞ്ചാവ് ഒരു വെളുത്ത ആഡംബര കാറിലാക്കി കൊച്ചി നഗരപ്രദേശത്ത് എവിടെയാ ഒളിപ്പിച്ചെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഈ കാറിന് വേണ്ടി തെരച്ചില്‍ നടക്കുന്നത്. ആളുകളുെട ശ്രദ്ധ പതിയാത്ത ഏതെങ്കിലും സ്ഥലങ്ങളിലോ പൊതു പാര്‍ക്കിംഗ് ഇടങ്ങളിലോ ഈ കാര്‍ നിര്‍ത്തിയിട്ടിട്ടുണ്ടാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. അതിന് വേണ്ടിയാണ് തെരച്ചില്‍ നടക്കുന്നത്. ടാങ്കര്‍ ലോറിയില്‍ കഞ്ചാവ് എത്തുന്നുണ്ടെന്ന രഹസ്യ വിവരം പോലീസിന് ലഭിച്ചിരുന്നു. കൊല്ലത്തും കൊച്ചിയിലുമായാണ് ഇത് വിതരണം ചെയ്യാന്‍ മയക്കു മരുന്ന് കടത്തുകാര്‍ പദ്ധതിയിട്ടിരുന്നത്.