തിരുവനന്തപുരം- സോഷ്യൽ മീഡിയയിലും ചില ബി.ജെ.പി അനുകൂല മാധ്യമപ്രവർത്തകരും കഴിഞ്ഞ ദിവസം ഉമ്മൻ ചാണ്ടി പള്ളിയിൽ പ്രാർത്ഥിക്കുന്നതിന്റെ ചിത്രം പോസ്റ്റ് ചെയ്ത് വിദ്വേഷ ക്യാംപയിൻ നടത്തിയിരുന്നു. ഉമ്മൻ ചാണ്ടിയുടെ വസ്ത്രം തേച്ചിട്ടില്ലെന്നും കുടുംബം കൂടെയില്ലെന്നുമായിരുന്നു ആക്ഷേപം. കഴിഞ്ഞ കുറേ ദിവസങ്ങളായി ഉമ്മൻ ചാണ്ടിയുടെ പേരിൽ കഥകൾ പ്രചരിപ്പിക്കുകയാണ് ചില കേന്ദ്രങ്ങൾ. ഇതിനെതിരെ ശക്തമായ വിമർശനവുമായി മകനും കോൺഗ്രസ് നേതാവുമായ ചാണ്ടി ഉമ്മൻ രംഗത്തെത്തി.
ചാണ്ടി ഉമ്മൻ വാക്കുകൾ:
ഇന്നലെ മുതൽ സോഷ്യൽ മീഡിയയിൽ ചില മഞ്ഞ മാധ്യമങ്ങളും ബി.ജെ.പി പ്രവർത്തകരുടെയും നേതൃത്വത്തിൽ ഷെയർ ചെയ്യുപ്പെടുന്ന ഈ പോസ്റ്റുകൾ ശ്രദ്ധയിൽ പെടുകയുണ്ടായി. അതിലൊരു ആക്ഷേപം പിതാവിന്റെ വസ്ത്രം തേച്ചിട്ടില്ലെന്നറിയിരുന്നു. രണ്ടാമത്തേത് കുടുംബം ഒപ്പമില്ലെന്നതും.
രണ്ടിന്റെയും വസ്തുത ഒരു മകൻ എന്ന നിലയിൽ നിങ്ങളുമായി പങ്കുവെക്കുകയാണ്..
ഇന്നലെ ആശുപത്രിയിൽ പോയി വരുന്ന വഴിക്ക് പിതാവിന്റെ ആവശ്യപ്രകാരം ആണ് പള്ളി സന്ദർശിച്ചത്., ഇതൊരിക്കലും മുൻകൂട്ടി പ്ലാൻ ചെയ്ത ഒന്നായിരുന്നില്ല. പിതാവ് പള്ളിയിൽ പോകണം എന്ന് ആവശ്യപെടുകയും ഞങ്ങൾ പോകുകയും ആയിരുന്നു. കുടുംബം ഒപ്പമില്ലായിരുന്നു എന്ന് പറയുന്നവരോടാണ്, പള്ളി ഞങ്ങളുടെ താമസയിടത്തിൽ നിന്നും ഏകദേശം മൂന്നു കിലോമീറ്റർ അകലെയാണ്. അദ്ദേഹത്തിനു എന്തായാലും നിലവിലെ സാഹചര്യത്തിൽ മൂന്നു കിലോമീറ്റർ ഒറ്റയ്ക്ക് നടന്നു പോകാൻ സാധിക്കുമോയെന്നത് നിങ്ങൾ തന്നെ ആലോചിക്കുക. ഞങ്ങൾ ഒരുമിച്ചാണ് പള്ളിയിൽ പോയത്. ഈ ചിത്രം പകർത്തിയതും ഫേസ്ബുക്കിൽ പങ്കുവെച്ചതും ഞാൻ ആയിരുന്നു. നിങ്ങളുടെ റീച്ചിനും, വാർത്തക്കും, വരുമാനത്തിനും വേണ്ടിയുള്ള ഈ വേട്ടയാടൽ ഇനിയെങ്കിലും അവസാനിപ്പിച്ചു കൂടെ.
നിങ്ങൾ വേട്ടയാടി ഒരുപാട് വേദനിപ്പിച്ച ആ മനുഷ്യനോട് ഇനിയെങ്കിലും നിങ്ങൾക്കൊന്നു മര്യാദ കാണിച്ചുകൂടെ. നിങ്ങൾ രാഷ്ട്രീയമായി ഞങ്ങളെ വിമർശിച്ചുകൊള്ളു, പക്ഷെ ഇത്തരത്തിലുള്ള അനാവശ്യ പരാമർശങ്ങളിലൂടെയുള്ള വേട്ടയാടൽ അവസാനിപ്പിക്കണം.