തിരുവനന്തപുരം- നാലു ദിവസത്തെ സന്ദർശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ യു.എ.ഇയിലേക്ക്. മേയ് ഏഴിന് മുഖ്യമന്ത്രി അബുദാബിയിലെത്തും. യു.എ.ഇ സർക്കാരിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് സന്ദർശനമെന്നാണ് വിശദീകരണം. യു.എ.ഇ മന്ത്രി ഡോ. താനി അഹമ്മദ് അൽ സെയ്ദിയാണ് മുഖ്യമന്ത്രിയെ ക്ഷണിച്ചത്. അബുദാബി സർക്കാർ സംഘടിപ്പിക്കുന്ന നിക്ഷേപക സംഗമത്തിലും വിവിധ സംഘടനകൾ സംഘടിപ്പിക്കുന്ന പരിപാടികളിലും മുഖ്യമന്ത്രി പങ്കെടുക്കും. മേയ് എട്ട് മുതൽ പത്തു വരെ അബുദാബി നാഷണൽ എക്‌സ്ബിഷൻ സെന്ററിലാണ് ഇൻവെസ്റ്റ്‌മെന്റ് മീറ്റ് സംഘടിപ്പിക്കുന്നത്. ഇടതുസർക്കാരിന്റെ രണ്ടാംവാർഷികാഘോഷവുമായി ബന്ധപ്പെട്ട പരിപാടികളും നടക്കും. ഇതിന്റെ ഭാഗമായി അബുദാബി കേരള സോഷ്യൽ സെന്റർ മേയ് ഏഴിന് വൈകിട്ട് ഏഴുമണിക്ക് നാഷണൽ തീയറ്ററിൽ സംഘടിപ്പിക്കുന്ന പരിപാടിയിലും മേയ് 10ന് ദുബായിൽ നടക്കുന്ന പരിപാടിയിലും മുഖ്യമന്ത്രി പൊതുജനങ്ങളുമായി സംവദിക്കും. മുഖ്യമന്ത്രിയുടെ യു.എ.ഇ സന്ദർശനത്തിൽ പൊതുജനങ്ങളുമായി സംവദിക്കുന്ന ആദ്യപരിപാടിയാണിത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ വ്യവസായ മന്ത്രി പി.രാജീവ്, പൊതുമാരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്, ചീഫ് സെക്രട്ടറി ഡോ.വി.പി.ജോയി തുടങ്ങി ഒമ്പതംഗ സംഘമാണ് യു.എ.ഇയിലേക്ക് പോകുന്നത്.