തിരുവനന്തപുരം- സംസ്ഥാന ആർ.എസ്.എസ് നേതൃത്വത്തിന്റെ അതൃപ്തി കെട്ടടങ്ങുന്നതുവരെ ബി.ജെ.പി അധ്യക്ഷനെ പ്രഖ്യാപിക്കേണ്ടതില്ലെന്ന് തീരുമാനം.
കുമ്മനം രാജശേഖരന് പകരം കെ.സുരേന്ദ്രനെ അധ്യക്ഷനാക്കാൻ ആർ.എസ്.എസ് നേതൃത്വം നേരത്തെ തീരുമാനിച്ചിരുന്നതാണ്. കുമ്മനത്തിന് കേന്ദ്രത്തിൽ 'ഉയർന്ന പദവി' നൽകുമെന്നായിരുന്നു ബി.ജെപി നേതൃത്വം ആർ.എസ്.എസിനെ അറിയിച്ചിരുന്നത്. ഈ വാഗ്ദാനം ബി.ജെപിക്കാർ പാലിച്ചത് കുമ്മനത്തെ ഗവണർ ആക്കിക്കൊണ്ടായിരുന്നു. ഇത് ആർ.എസ്.എസ് നേതൃത്വം പ്രതീക്ഷിച്ചിരുന്നതല്ല.
കുമ്മനത്തെ കേന്ദ്ര മന്ത്രിസഭയിൽ ഉൾപ്പെടുത്തുമെന്നായിരുന്നു അവർ കരുതിയിരുന്നത്. എന്നാൽ സംഘടനയിൽ നിന്ന് അദ്ദേഹത്തെ പാടെ അകറ്റി നിർത്തുന്ന തീരുമാനമാണിതെന്നാണ് ആർ.എസ്.നേതൃത്വത്തിന്റെ വിലയിരുത്തൽ. കുമ്മനം ഗവർണറായതോടെ ആർ.എസ്.എസുമായുള്ള എല്ലാ ബന്ധങ്ങളും മുറിക്കേണ്ടിവരുന്നു. ഇതാണ് ആർ.എസ്.എസ് നേതൃത്വത്തെ പ്രകോപിപ്പിച്ചത്.
വി.മുരളീധരൻ വിഭാഗക്കാരനായ കെ.സുരേന്ദ്രൻ ബി.ജെ.പി അധ്യക്ഷ സ്ഥാനത്തേക്ക് വരാനായിരുന്നു സാധ്യതയേറെ. ഇത്തരത്തിൽ ധാരണയുണ്ടാക്കിയതുമാണ്.
ആർ.എസ്.എസുകാർ ഇപ്പോൾ സുരേന്ദ്രൻ സംസ്ഥാന അധ്യക്ഷനാകുന്നന് പൂർണ്ണ പിന്തുണ നൽകുന്നില്ല. ഒരു ഘട്ടത്തിൽ ആർ.എസ്.എസ് നേതൃത്വം സുരേന്ദ്രന്റെ വീട്ടിലെത്തുകയും ചർച്ചകൾ നടത്തി നല്ല ബന്ധത്തിലായതുമാണ്. പുതിയ സാഹചര്യത്തിൽ ആർ.എസ്.എസ് സുരേന്ദ്രനെ പിന്താങ്ങുന്നില്ല. എം.ടി.രമേഷ് അധ്യക്ഷ സ്ഥാനത്ത് വരണമെന്ന് പി.കെ.കൃഷ്ണദാസ് പക്ഷം ആഗ്രഹിക്കുന്നെങ്കിലും ചില അഴിമതി ആരോപണങ്ങൾ രമേഷിന് വിനയാകുന്നു.
ഗവർണർ സ്ഥാനത്തേക്ക് പരിഗണിക്കുന്ന കാര്യം കുമ്മനത്തിന് നേരത്തെ സൂചന ലഭിച്ചിരുന്നതായാണ് പാർട്ടിയിൽ ഒരു വിഭാഗം കരുതുന്നത്. എന്നാൽ ഇക്കാര്യം അദ്ദേഹം മറച്ചുവെയ്ക്കുകയായിരുന്നത്രേ. ആർ.എസ്.എസുകാരോട് അദ്ദേഹം ഒന്നും പറഞ്ഞിരുന്നില്ല.
ജൂൺ അവസാനമോ ജൂലൈ ആദ്യമോ നടക്കുന്ന കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയിൽ വി.മുരളീധരൻ മന്ത്രിയാകുമെന്ന് ഉറപ്പായിട്ടുണ്ട്. വി.മുരളീധരൻ മന്ത്രിസഭയിൽ എത്തുന്നതിൽ സംസ്ഥാനത്തെ ഒരു വിഭാഗത്തിന് എതിർപ്പുണ്ടാകാം. അതിനാൽ പാർട്ടി അധ്യക്ഷ സ്ഥാനവും കൂടി മുരളീധര വിഭാഗത്തിന് നൽകുമോ എന്ന് കണ്ടറിയണം. അങ്ങനെയെങ്കിൽ കെ.സുരേന്ദ്രന് പാർട്ടി അധ്യക്ഷ സ്ഥാനം ലഭിക്കാനിടയില്ല. പകരം ഇരുവിഭാഗത്തിനും സമ്മതനായ അഡ്വ.പി.എസ്.ശ്രീധരൻ പിള്ളയെ അധ്യക്ഷനാക്കാനാണ് സാധ്യത. രാഷ്ട്രീയ പാരമ്പര്യവും പരിചയ സമ്പന്നതയുമാണ് ഇതിന് അദ്ദേഹത്തിന് തുണയാകുന്നത്. അതല്ലെങ്കിൽ ആർ.എസ്.എസ്.നേതൃത്വത്തിൽ നിന്ന് ഒരാളെ സ്ഥാനത്തേക്ക് കൊണ്ടുവരും. ഇത് ഗ്രൂപ്പുകൾക്ക് അതീതമായി എതിർക്കപ്പെടുന്നുണ്ട്.