മുംബൈ- ചേര്‍പ്പ് ചിറയ്ക്കലില്‍ സ്വകാര്യ ബസ് ഡ്രൈവറെ മര്‍ദിച്ചു കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയുമായി കേരള പോലീസ് മുംബയില്‍ നിന്ന് കേരളത്തിലേക്ക് തിരിച്ചു. പ്രതിയുമായി ട്രെയിന്‍ മാര്‍ഗമാണ് വരുന്നത്. മമ്മസ്രയിലത്ത് സഹാറിനെ മര്‍ദിച്ചു കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതിയായ ചിറയ്ക്കല്‍ കോട്ടം നെല്ലിപ്പറമ്പില്‍ രാഹുലി(34) നെ ഇന്നലെയാണ് മുംബൈ വിമാനത്താവളത്തില്‍ വച്ച് പിടികൂടിയത്.പ്രതികള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതാണ് അറസ്റ്റിന് സഹായകമായത്. ഗള്‍ഫില്‍ നിന്ന് വരുന്നതിനിടെ എമിഗ്രേഷന്‍ വിഭാഗം രാഹുലിനെ പിടികൂടുകയായിരുന്നു. തുടര്‍ന്ന് പോലീസിന് കൈമാറി. പ്രതിയെ തിങ്കളാഴ്ച തൃശൂരില്‍ എത്തിക്കും. കഴിഞ്ഞ ഫെബ്രുവരി 18ന് രാത്രി വനിതാസുഹൃത്തിനെ കാണാനെത്തിയപ്പോഴാണ് സഹാറിനെ രാഹുലിന്റെ നേതൃത്വത്തിലുള്ള സംഘം മര്‍ദിച്ചത്. പ്രതികളെ സഹായിച്ചവരടക്കം 14പേരെയാണ് ഇതുവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. വനിതാ സുഹൃത്തിനെയടക്കം നിരവധി പേരെ ചോദ്യം ചെയ്തിരുന്നു. സദാചാര കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത മൂര്‍ക്കനാട് സ്വദേശി കാരണയില്‍ വീട്ടില്‍ ജിഞ്ചുവാണ് ഇനി പിടിയിലാകാനുള്ളത്.