അടൂര്‍ - ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ പോസ്റ്റര്‍ പതിച്ചെന്ന പരാതിയില്‍ ഓര്‍ത്തഡോക്‌സ് സഭയുടെ യുവജന പ്രസ്ഥാനത്തിലെ അംഗമായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ഏബല്‍ ബാബു എന്നയാളുടെ കാറാണ് പത്തനംതിട്ട പോലീസ് കസ്റ്റഡിയിലെടുത്തത്. ഇതിന്റെ പേരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പോലീസും തമ്മില്‍ വാക്കേറ്റം നടന്നു. സഭാ തര്‍ക്കം പരിഹരിക്കാനായി സംസ്ഥാന സര്‍ക്കാര്‍ കൊണ്ടു വരുന്ന ബില്ലിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം മന്ത്രി വീണാ ജോര്‍ജിനെതിരെ പോസ്റ്റര്‍ പതിച്ചിരുന്നത്. സഭയുടെ വിയര്‍പ്പിലും വോട്ടിലും മന്ത്രിയായ വീണ ജോര്‍ജ് മൗനം വെടിയണം എന്നായിരുന്നു പോസ്റ്റര്‍.'ഓര്‍ത്തഡോക്‌സ് യുവജനം' എന്ന പേരിലാണ് പത്തനംതിട്ടയിലെ വിവിധ ഓര്‍ത്തഡോക്‌സ് പള്ളികളുടെ മുന്നില്‍ പോസ്റ്റര്‍ പതിച്ചിരുന്നത്. ഇതിനെതിരെ മന്ത്രി പരാതി നല്‍കിയിരുന്നു. ഏബല്‍ ബാബുവിന്റെ കാറിലാണ് മന്ത്രിക്കെതിരായ പോസ്റ്റര്‍ ഒട്ടിക്കാന്‍ പോയതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഇതേതുടര്‍ന്നാണ് കാര്‍ കസ്റ്റഡിയിലെടുത്തിട്ടുള്ളത്.