കോഴിക്കോട് - എലത്തൂരില്‍ യാത്രക്കാരുടെ ദേഹത്ത് പെട്രോളൊഴിച്ച് ട്രെയിനില്‍ തീവെച്ച സംഭവത്തിലെ പ്രതി ഷാറൂഖ് സെയ്ഫിയുടെ കഴിഞ്ഞ രണ്ട് വര്‍ഷത്തെ ജീവിതത്തില്‍ ദുരൂഹത കണ്ടെത്തി പോലീസ്. കേരളത്തില്‍നിന്നുള്ള അന്വേഷണ സംഘം ഷാറൂഖിന്റെ ബന്ധുക്കളുമായി മണിക്കൂറുകളോളം സംസാരിച്ചതില്‍ നിന്നു ഇയാള്‍ക്ക് മാനസികപ്രശ്‌നങ്ങളോ വിഭ്രാന്തിയോ ഉള്ളതായി കണ്ടെത്തിയിട്ടില്ല. പൊതുവേ വീട്ടില്‍ ബഹളക്കാരനായ ഷാറൂഖ് കഴിഞ്ഞ രണ്ടു വര്‍ഷമായി ഒതുങ്ങിയ പ്രകൃതക്കാരനായി മാറിയിരുന്നത്രെ. അധികം സംസാരമില്ല. നാട്ടിലെ സൗഹൃദത്തിനപ്പുറത്ത് പുറത്തേക്കുള്ള കൂട്ടുകെട്ടുകള്‍ കൂടിയതായി തോന്നി. പുകവലി നിർത്തി. മതപരമായ കാര്യങ്ങളില്‍ കൂടുതല്‍ നിഷ്ഠ പുലര്‍ത്തി തുടങ്ങിയ ബന്ധുക്കളുടെ പ്രതികരണം ബാഹ്യ ശക്തികളുമായുള്ള ഷാറൂഖിന്റെ ഇടപെടലിലേക്കാണ് പോകുന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ അനുമാനം. വരുംദിവസങ്ങളിലെ ചോദ്യം ചെയ്യലില്‍ തീവ്രവാദ ബന്ധം കൂടുതല്‍ ബലപ്പെടുന്നപക്ഷം കേസ് സംസ്ഥാന പോലീസ് എന്‍.ഐ.എക്ക് കൈമാറും.
പ്രതി ഷാറൂഖ് സെയ്ഫിയുടെ ഷഹീന്‍ബാഗിലെ വീട്ടില്‍ നിന്നെടുത്ത ബന്ധുക്കളുടെ വിശദമായ മൊഴികളും, 2021 മുതലുള്ള ഷാറൂഖിന്റെ ഫോണ്‍ കോള്‍ വിശദാംശങ്ങളും, ചാറ്റുകളും, കോഴിക്കോട്ട് ആസൂത്രണം ചെയ്ത ആക്രമണത്തിനായി ഷഹീന്‍ബാഗില്‍നിന്നും നേരെ ഷൊര്‍ണൂരിലേക്ക് പോയതും, പെട്രോള്‍ സംഭരിക്കാനായി ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് ഒരു കിലോമീറ്ററപ്പുറത്തെ പമ്പ് തെരഞ്ഞെടുത്തതുമെല്ലാം ബുദ്ധിപൂര്‍വമായ ആസൂത്രണത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് അന്വേഷണോദ്യോഗസ്ഥര്‍ പറയുന്നു.
കോഴിക്കോട്ട് ട്രെയിനില്‍ തീവെക്കുവാനായി പ്രതി ഷൊര്‍ണൂരിലെ പെട്രോള്‍ പമ്പില്‍ നിന്നും പെട്രോള്‍ വാങ്ങിയതിന്റെ വിവരങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. സംഭവം സ്ഥിരീകരിക്കുന്ന അവിടുത്തെ സി.സി.ടി.വി ദൃശ്യങ്ങളും ലഭിച്ചു. കേരളത്തില്‍ ഇതുവരെ വന്നിട്ടില്ലാത്ത ഷാറൂഖ് കൃത്യമായി ഷൊര്‍ണൂരില്‍ വന്നിറങ്ങിയതും, റെയില്‍വേ സ്റ്റേഷനില്‍നിന്ന് ഓട്ടോ വിളിച്ച് ഒരു കിലോമീറ്റര്‍ അകലെയുള്ള പമ്പില്‍ പോയി പെട്രോള്‍ വാങ്ങിയതുമെല്ലാം മറ്റാരില്‍നിന്നോ ലഭിച്ച സഹായം കൊണ്ടാണെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. പരിചയമില്ലാത്ത സ്ഥലത്ത് ആദ്യമായി വന്നിറങ്ങുന്നൊരാള്‍ ഇത്രയും കൃത്യമായി ഓട്ടോ വിളിച്ച് ദൂരെയുള്ള പമ്പിലേക്ക് പോയി മൂന്നു ലിറ്റര്‍ പെട്രോള്‍ വാങ്ങണമെങ്കില്‍ പിന്നില്‍ സഹായികളുണ്ടെന്നതില്‍ സംശയമില്ലെന്നും പോലീസ് ഉറച്ച് വിശ്വസിക്കുന്നു. ഷാറൂഖ് നല്‍കിയ മൊഴിപ്രകാരം ഒറ്റക്കാണ് കൃത്യം നിര്‍വഹിച്ചതെന്നും പെട്ടെന്ന് തോന്നിയ കുബുദ്ധിയാണെന്നും വിലയിരുത്തിയാല്‍ ഷെര്‍ണൂര്‍ വരെ പോകേണ്ട കാര്യമില്ല. കോഴിക്കോട് റെയില്‍വെ സ്‌റ്റേഷന് അരികില്‍തന്നെ നിരവധി പമ്പുകളുണ്ട്. അവിടുന്ന് വാങ്ങി വണ്ടിയില്‍ കയറിയാല്‍ മതി.
മാത്രമല്ല ഡി വണ്‍ കോച്ച് ആക്രമണത്തിന് തെരഞ്ഞെടുത്തതിന് പിന്നിലും ഒട്ടേറെ ദുരൂഹതകളുണ്ടെന്ന് അന്വേഷണ സംഘം കരുതുന്നു. ഡി വണ്‍ കോച്ചിന് പിറകിലായുള്ളത് എ.സി കംപാര്‍ട്ട്‌മെന്റാണ്. ഡി2 കോച്ചില്‍ സഞ്ചരിച്ച് ഡിവണ്ണില്‍ തീയിടുമ്പോള്‍ അത് എളുപ്പം എ.സി കോച്ചിലേക്ക് പടരാന്‍ സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാല്‍ നിറയെ കര്‍ട്ടനുകളും മറ്റുമുള്ള കംപാര്‍ട്ട്‌മെന്റില്‍ തീ ആളിപ്പടരും. കൃത്യമായി പറഞ്ഞാല്‍ അത് സംഭവിക്കുക എലത്തൂര്‍ പാലത്തിന് മുകളില്‍വെച്ചാണ്. അങ്ങനെയെങ്കില്‍ അത് വലിയൊരു സ്‌ഫോടനത്തിലാവും പരിണമിക്കുക. അതോടെ അപകടത്തിന്റെ ആഴം വിവരണാതീതമാവും. കേവലം ഷഹീന്‍ബാഗില്‍നിന്നുള്ള ഒരു മരപ്പണിക്കാരനായ യുവാവ് ഇത്രയും ആസൂത്രണം ചെയ്തിട്ടുണ്ടെങ്കില്‍ പിന്നിലെ ശക്തികള്‍ വളരെ വലുതാണെന്നും അതിലേക്കുള്ള യാത്രയാണിപ്പോള്‍ നടത്തുന്നതെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ അനൗദ്യോഗികമായി നല്‍കുന്ന സൂചന.
11 ദിവസത്തെ കസ്റ്റഡിയിലാണിപ്പോള്‍ പ്രതി ഷാറൂഖ് സെയ്ഫി. കോഴിക്കോട് മാലൂര്‍കുന്ന് എ.ആര്‍ ക്യാംപിലാണ് ഇയാളെ ചോദ്യം ചെയ്യുന്നത്. മൂന്നു പേരുടെ മരണത്തിനിടയാക്കിയ സാഹചര്യത്തില്‍ പ്രതിക്കെതിരെ കൊലപാതകക്കുറ്റം ചുമത്തിയിട്ടുണ്ട്. യു.എ.പി.എ ഇതുവരെ ചുമത്തിയിട്ടില്ല. കൊലപാതകം (302), കൊലപാതകശ്രമം (307), ആസിഡ് പോലുള്ളവ ഉപയോഗിച്ച് കഠിന പരിക്കേല്‍പ്പിക്കല്‍ (326എ), തീ പിടിക്കുന്ന വസ്തുക്കളുമായി കുഴപ്പമുണ്ടാക്കുക (436), ഇന്ത്യന്‍ റെയില്‍വേ ആക്ട് 151ാം വകുപ്പ് തുടങ്ങിയവയാണ് ഷാറൂഖിനെതിരെ ചുമത്തിയിരിക്കുന്നത്. കേരള പോലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തിന് പുറമേ എന്‍.ഐ.എ, മഹാരാഷ്ട്ര -കേരള എ.ടി.എസ്, ആര്‍.പി.എഫ് സംഘം തുടങ്ങിയവരെല്ലാം ഷാറൂഖിനെ ചോദ്യം ചെയ്യുന്നുണ്ട്.