ആലപ്പുഴ: പോസ്റ്റ് ഓഫീസിലെ നിക്ഷേപ പദ്ധതികളില്‍ 21 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയ വനിതാ പോസ്റ്റ് മാസ്റ്റര്‍ അറസ്റ്റിലായി. മാരാരിക്കുളം വടക്ക് പോസ്റ്റോഫീസില്‍ പോസ്റ്റ് മാസ്റ്ററായിരുന്ന പള്ളിപ്പുറം പഞ്ചായത്ത് 15-ാം വാര്‍ഡില്‍ പാമ്പുംതറയില്‍ വീട്ടില്‍ അമിതനാഥ് (29) ആണ് മാരാരിക്കുളം പൊലീസിന്റെ പിടിയിലായത്. പോസ്റ്റ് ഓഫീസിലെ വിവിധ നിക്ഷേപ പദ്ധതികളിലായി ഒരു വര്‍ഷത്തേയ്ക്കും അഞ്ചു വര്‍ഷത്തേയ്ക്കും നിക്ഷേപിച്ചിട്ടുള്ള 21 ലക്ഷത്തോളം രൂപ തട്ടിപ്പ് നടത്തുകയായിരുന്നു. നിക്ഷേപകര്‍ക്ക് വ്യാജ അക്കൗണ്ട് നമ്പര്‍ നല്‍കി പിടിക്കപ്പെടാത്ത രീതിയിലായിരുന്നു തട്ടിപ്പ്. ഈ അക്കൗണ്ട് നമ്പറുകളില്‍ കൈപ്പടയില്‍ നിക്ഷേകര്‍ അടക്കുന്ന തുക എഴുതി നല്‍കുകയായിരുന്നു, എന്നാല്‍ ഇവര്‍ അടയ്ക്കുന്ന പണം പോസ്റ്റ് ഓഫീസില്‍ നിക്ഷേപിച്ചതുമില്ല. മാരാരിക്കുളം പോലീസ് സ്റ്റേഷനില്‍ ഇവര്‍ക്കെതിരെ രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ അമിതനാഥിനെ റിമാന്‍ഡ് ചെയ്തു.